Connect with us

Malappuram

വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി

Published

|

Last Updated

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ വാഹന പരിശോധനക്കിടയില്‍ ലോറിയില്‍ കടത്തുകയായിരുന്ന വന്‍ സ്‌ഫോടക ശേഖരം പിടികൂടി. രേഖകളോ, ലൈസന്‍സോ ഇല്ലാതെ കോയമ്പത്തൂരില്‍ നിന്ന് കടത്തിയ 12 ചാക്ക് അമോണിയം നൈട്രേറ്റും, ജലാറ്റിന്‍ സ്റ്റിക്കുകളുമാണ് പോലീസ് പിടികൂടിയത്. ഇവ കടത്താന്‍ ഉപയോഗിച്ച ലോറിയും മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ഡി വൈ എസ് പി പി എം പ്രദീപ്, സി ഐ കെ എം ബിജു, എസ് ഐ സി കെ നാസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ടൗണ്‍ ഷാഡോ പോലീസും എസ് ഐയും ചേര്‍ന്നാണ് സ്‌ഫോടകവസ്തു ശേഖരം പിടികൂടിയത്.
12 ചാക്കുകളിലായി നിറച്ച അമോണിയം നൈട്രേറ്റിന് 600 കിലോഭാരം വരും. 15 പാക്കറ്റുകളിലായി മുവ്വായിരത്തോളം ജലാറ്റിന്‍ സ്റ്റിക്കുകളുമുണ്ട്. ലോറിയിലുണ്ടായിരുന്ന തമിഴ്‌നാട് തിരുവിലങ്ങാട് മൈലാടും തുറ കതിര്‍വേലിന്റെ മകന്‍ രമേശ് (39), ശങ്കരനാഥന്റെ മകന്‍ വിജയരാജന്‍ (30), കരൂര്‍ ഒടിസല്‍പേട്ട പളനി വേലന്‍ എന്ന പളനി (48) എന്നിവരാണ് അറസ്റ്റിലായത്.