Connect with us

Kozhikode

കുറ്റിയാടി-പേരാമ്പ്ര റൂട്ടില്‍ ബസ് പണിമുടക്ക് തുടരുന്നു

Published

|

Last Updated

പേരാമ്പ്ര: കുറ്റിയാടി-പേരാമ്പ്ര കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികളുടെ പണിമുടക്ക് തുടരുന്നു. ബുധനാഴ്ച മറ്റ് റൂട്ടുകളിലേക്കും പണിമുടക്ക് ബാധിച്ചു. കാലത്ത് മുതല്‍ പേരാമ്പ്ര വഴി സര്‍വ്വീസ് നടത്തുന്ന വടകര, കൊയിലാണ്ടി ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളും പണിമുടക്കിലേര്‍പ്പെട്ടു. സമരവുമായി ബന്ധപ്പെട്ട് റൂറല്‍ എസ്പിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് നാലോടെ മുന്നറിയിപ്പില്ലാതെ തുടങ്ങിയ സമരമാണ് രണ്ടാം ദിവസത്തിലേക്ക് കടന്നത്. ബസ് സമരം കാരണം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചൊവ്വാഴ്ച വലഞ്ഞിരുന്നു. വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ രാത്രി വൈകിയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ബസ് സമരം തുടരുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ പേരാമ്പ്ര ബസ്സ്സ്റ്റാന്‍ഡില്‍ വെച്ച് അരീക്കോട് പറശിനിക്കടവ് റൂട്ടിലോടുന്ന ബസ്സിലെ കണ്ടക്ടറെ, കുറ്റിയാടി കോഴിക്കോട് റൂട്ടിലോടുന്ന ബസ്സിലെ ജീവനക്കാരന്‍ ക്രൂരമായി മര്‍ദ്ദിച്ചൂ എന്ന പരാതിയും, തുടര്‍ന്നുണ്ടായ പോലീസ് നടപടികളുമാണ് മിന്നല്‍ പണിമുടക്കിന് വഴി വെച്ചത്. മര്‍ദനമേറ്റ ബസ് കണ്ടക്ടര്‍ ജിമേഷിന്റെ (30) പരാതി പ്രകാരം, കുറ്റിയാടി കോഴിക്കോട് റൂട്ടിലെ ബസ്സ് ജീവനക്കാരന്‍ കണ്ണൂര്‍ സ്വദേശി അനൂപ്കുമാറിന്റെ പേരില്‍ കേസെടുക്കുകയും, പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. ഇയാളെ കോടതി റിമാന്റ് ചെയ്തിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം തൊഴിലാളികള്‍ പണിമുടക്ക് തുടരുന്നത്.

Latest