Connect with us

Qatar

അനധികൃത താമസക്കാര്‍: പരിഹാരം തേടി മന്ത്രാലയം

Published

|

Last Updated

ദോഹ: രാജ്യത്തു അനധികൃതമായി വസിക്കുന്ന വിദേശികള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ മറികടക്കാനുള്ള വഴികള്‍ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം പൊതുജനാഭിപ്രായം തേടി. മന്ത്രാലയം വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയയിലുമാണ് രാജ്യത്തിന്റെ സാമൂഹിക സുരക്ഷക്കും സമാധാനനത്തിനും തടസമാകുന്ന പ്രശ്‌നത്തെക്കുറിച്ച് പോസ്റ്റ് ചെയ്തത്. പൊതുജനങ്ങളില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കമ്പനികളുടെ വിസയിലോ വീട്ടു വിസകളിലോ വന്ന് അവിടെ നിന്നും ഒളിച്ചോടി മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, വിസ കാലാവധി കഴിഞ്ഞും രാജ്യത്തു തുടരുന്നവര്‍, നിയമപരമല്ലാതെ രാജ്യത്തേക്കു പ്രവേശിച്ചവര്‍ തുടങ്ങിയവരെയാണ് നിയമവിരുദ്ധമായി രാജ്യത്തു തങ്ങുന്നവരായി പരിഗണിക്കുന്നവര്‍. പല പ്രദേശങ്ങളിലായി ഇത്തരം നിരവധി വിദേശികള്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരും നിയമവിരുദ്ധ ഇടപാടുകള്‍ നടത്തുന്നവരും അധികം ഇത്തരക്കാരാണെന്ന് മന്ത്രാലയം പറയുന്നു. പൊതുജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും നിയമവിരുദ്ധമായി വസിക്കുന്നവരുടെ തട്ടിപ്പുകള്‍ക്ക് ഇരകളാകരുതെന്നും അധികൃതര്‍ മുന്നറിയിപ്പും നല്‍കുന്നു.
ചിലരെങ്കിലും നിവൃത്തിയില്ലാതെയാണ് നിയമവിരുദ്ധരാകുന്നത്. യഥാര്‍ഥ സ്‌പോണ്‍സര്‍ വേതനം നല്‍കാതെയും മറ്റു രീതികളിലും പീഡിപ്പിക്കുമ്പോള്‍ പുറത്തു ചാടുന്നവരുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ എങ്ങനെ പ്രശ്‌നം പരിഹരിക്കും എന്നതിനെ സംബന്ധിച്ച് എന്താണ് അഭിപ്രായമെന്നും സാമൂഹത്തിന് എന്തു പങ്കു വഹിക്കാനാകുമെന്നും മന്ത്രാലയം ചോദിക്കുന്നു. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചക്കും മന്ത്രാലയത്തിന്റെ പോസ്റ്റ് വഴി തുറന്നു. നിയമക്കുരുക്കിലകപ്പെട്ടവരും ജോലി നഷ്ടപ്പെട്ടവരും രേഖകളില്ലാതെ രാജ്യത്തു തങ്ങേണ്ടി വരുന്നവരുമായി ആളുകള്‍ പരിഹാരവും അഭിപ്രായവും തേടി രംഗത്തു വന്നു. നിയമവിരുദ്ധമായി തങ്ങുന്നവരുടെ വിഷയങ്ങള്‍ പഠിച്ച് അര്‍ഹര്‍ക്ക് നീതിയും ജോലിയും ലഭിക്കുന്നതിന് സംവിധാനം വേണമെന്നാണ് ചിലരുടെ നിര്‍ദേശം.
അനധികൃത താമസക്കാരെ ഒഴിവാക്കാന്‍ ജി സി സി രാജ്യങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശമുണ്ട്. രേഖകളില്ലാതെ തുടരുന്നവര്‍ക്ക് ചുരുങ്ങിയത് അഞ്ചു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്താന്‍ നിയമമുണ്ടാക്കണമെന്ന് ചിലര്‍ പറയുന്നു. വിദേശികളെ നിയന്ത്രിക്കുന്നതിനും കണ്ടെത്തുന്നതിനും ഇലക്‌ട്രോണിക് ഡിവൈസുകള്‍ വികസിപ്പിച്ച് ഉപയോഗിക്കണമെന്ന നിര്‍ദേശവുമുണ്ട്.