Connect with us

Kozhikode

ആഢംബര യാത്രയുടെ സ്രോതസ് വെളിപ്പെടുത്തണം: എം സ്വരാജ്

Published

|

Last Updated

കോഴിക്കോട്: വെള്ളാപ്പള്ളി നടത്തുന്ന ആഢംബര യാത്രയുടെ സ്രോതസ് വെളിപ്പെടുത്തണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്.
കള്ളപ്പണക്കാരന്‍ കുടുംബസമേതം നടത്തുന്ന ആഡംബര യാത്രയാണ് സമത്വ മുന്നേറ്റയാത്രയെന്നും സ്വരാജ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കോടികളാണ് യാത്രക്ക് ചെലവിടുന്നത്. മെക്രോ ഫിനാന്‍സ് വഴി ഉണ്ടാക്കിയ പണമാണോ, എസ് എന്‍ കോളജില്‍ അഡ്മിഷന് വേണ്ടി വാങ്ങിയ കോഴപ്പണമാണോ അതോ ആര്‍ എസ് എസ് നല്‍കിയ പണമാണോ യാത്രക്ക് ചെലവിടുന്നതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം.
ഇത് സംബന്ധിച്ച് ആര്‍ജവമുണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിക്കണം. എസ് എന്‍ ഡി പിയുടെ മറവില്‍ വെള്ളാപ്പള്ളി വര്‍ഗീയതക്ക് കുടപിടിക്കുകയാണ്. തെറ്റായ നിലപാടുകള്‍ സ്വീകരിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. ആര്‍ എസ് എസിലോ, അല്‍ഖാഇദയിലോ, ഐ എസിലോ അദ്ദേഹത്തിന് ചേരാം. പക്ഷേ ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള എസ് എന്‍ ഡി പി യോഗത്തിന്റെ ഭാരവാഹിത്വം രാജിവെച്ചിട്ട് വേണം വര്‍ഗീയതയുടെ കൊടിപിടിക്കാന്‍.
ഡി വൈ എഫ് ഐ ഹുണ്ടിക പിരിവ് നടത്തിയാണ് യാത്ര നടത്തുന്നത്. ചരിത്രമറിയാത്ത വെള്ളാപ്പള്ളി ഡി വൈ എഫ് ഐയെ അധിക്ഷേപിക്കുകയാണ്. നവോത്ഥാന നായകന്മാരുടെ ജാതി നോക്കിയല്ല ഡിവൈ എഫ് ഐ അവരുടെ ചിത്രങ്ങള്‍ സെക്യുലര്‍ മാര്‍ച്ചിന്റെ ഭാഗമായുള്ള പോസ്റ്റുകളില്‍ ഉള്‍പ്പെടുത്തിയതെന്നും സ്വരാജ് പറഞ്ഞു.
കേരളത്തില്‍ വര്‍ഗീയത പടരുമ്പോള്‍ അതിന് ചൂട്ടുപിടിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ആര്‍ എസ് എസ് ആഗ്രഹിക്കുന്നത് ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനിലേക്ക് മുഖ്യമന്ത്രി തരംതാണുകഴിഞ്ഞെന്നും സ്വരാജ് കുറ്റപ്പെടുത്തി.
ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. പി എ മുഹമ്മദ് റിയാസ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അഡ്വ. പി എം ആതിര, എസ് കെ സജീഷ്, ജില്ലാ സെക്രട്ടറി പി നിഖില്‍, പ്രസിഡന്റ് സി അശ്വിനീ ദേവ് സംബന്ധിച്ചു.