Connect with us

Malappuram

കമ്പ്യൂട്ടര്‍ അധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

മലപ്പുറം: സ്‌കൂള്‍ പി ടി എ നിയമിക്കുന്ന കമ്പ്യൂട്ടര്‍ അധ്യാപകര്‍ക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെ മിനിമം വേതനം ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍. അധ്യാപകര്‍ക്ക് മാന്യമായ ഓണറേറിയം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി തീരുമാനമെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ അധ്യാപകര്‍ക്കു വേണ്ടി സുനിതാബീഗം സമര്‍പ്പിച്ച പരാതിയിലാണ് നടപടി. വര്‍ഷങ്ങളായി കമ്പ്യൂട്ടര്‍ അധ്യാപകരാണെങ്കിലും മാസം 1000 മുതല്‍ 5000 രൂപ വരെ മാത്രമാണ് പ്രതിമാസ വേതനമെന്ന് പരാതിയില്‍ പറയുന്നു. കമ്മീഷന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറില്‍ നിന്നും വിശദീകരണം തേടിയിരുന്നു. ഹൈസ്‌കൂള്‍ മുതല്‍ എല്‍പി തലം വരെ ഐ ടി അറ്റ് സ്‌കൂളില്‍ നിന്നും പരിശീലനം ലഭിച്ച അധ്യാപകരെയാണ് ഇപ്പോള്‍ നിയമിക്കുന്നതെന്ന് ഡയറക്ടര്‍ വിശദീകരണത്തില്‍ പറഞ്ഞു. പി ടി എ നിയമിച്ചവരുടെ സേവനം തുടര്‍ന്ന് ആവശ്യമില്ലെന്നും വിശദീകരണത്തില്‍ പറയുന്നു.
എന്നാല്‍ പിന്നാക്ക പ്രദേശങ്ങളില്‍ പരിശീലനം ലഭിച്ച അധ്യാപകരുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിയില്‍ ഐ ടി വിദ്യാഭ്യാസത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കി തുക വകയിരുത്തിയാല്‍ ഇത് സാര്‍വ്വത്രികമാകുമെന്നും ഉത്തരവിലുണ്ട്. പി ടി എയുടെ സാമ്പത്തിക പരിമിതി കാരണം പൊതു വിദ്യാഭ്യാസ മേഖലയിലെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ ഐ ടി പഠനത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്നു. ഇത്തരമൊരു വിവേചനം രണ്ടുതരം പൗരന്‍മാരെ സൃഷ്ടിക്കും. ദാരിദ്ര തലമുറകള്‍ക്കായി ഇരുട്ടിന്റെ തുരുത്തുകള്‍ സൃഷ്ടിക്കപ്പെടും. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ വേണ്ടത്ര തുക ഐടി വിഭ്യാഭ്യാസത്തിനായി വാര്‍ഷിക പദ്ധതിയില്‍ വകകൊള്ളിക്കണം. കേന്ദ്ര പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യയുടെ ലക്ഷ്യ പ്രാപ്തിക്കായി വിദ്യാഭ്യാസം, പ്ലാനിംഗ്, ഗ്രാമ വികസനം, പഞ്ചായത്ത്, ഐ ടി വകുപ്പുകള്‍ കൂട്ടായി പദ്ധതി ആവിഷ്‌ക്കരിക്കണം. ഇതുവഴി സര്‍ക്കാര്‍ സ്‌കൂളിലെ കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കാമെന്നും ഉത്തരവില്‍ പറയുന്നു.