Connect with us

Kozhikode

കൃഷിഭവനിലെ വളം സൂക്ഷിപ്പ്; വിജിലന്‍സ് അന്വേഷണമാരംഭിച്ചു

Published

|

Last Updated

താമരശ്ശേരി: ഗ്രാമസഭയില്‍ തിരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാനായി താമരശ്ശേരി കൃഷിഭവനില്‍ വളം ഇറക്കി സൂക്ഷിച്ചതില്‍ അഴിമതിയുള്ളതായ പരാതിയില്‍ വിജിലന്‍സ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ കാലത്താണ് പതിനഞ്ച് ടണ്‍ വളം ഇറക്കി കൃഷിഭവനില്‍ സൂക്ഷിച്ചത്.
മലപ്പുറം ആസ്ഥാനമായുള്ള റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയില്‍ നിന്നാണ് അഞ്ചുലക്ഷത്തോളം രൂപ വിലവരുന്ന വളം വാങ്ങിയത്. ഗ്രാമസഭ അംഗീകരിക്കുന്ന ലിസ്റ്റ് ഗ്രാമപഞ്ചായത്ത് കൃഷി ഭവന് കൈമാറുകയും കൃഷി ഭവന്‍ മുഖേനെ ഓരോ വാര്‍ഡിലേക്കും വളം നേരിട്ട് എത്തിക്കുകയുമാണ് പതിവ്.
എന്നാല്‍ താമരശ്ശേരി പഞ്ചായത്തില്‍ വിതരണം ചെയ്യേണ്ട വളം ഒരുമിച്ച് മാസങ്ങള്‍ക്കുമുമ്പ് കൃഷിഭവനില്‍ ഇറക്കിവെക്കുകയായിരുന്നു.
വളം ഇറക്കിവെച്ച കൃഷി ഓഫീസര്‍ കഴിഞ്ഞ സെപ്റ്റംബറില്‍ സ്ഥലം മാറി പോവുകയും ചെയ്തു. മാനദന്ധങ്ങള്‍ പാലിക്കാതെയാണ് വളം ഇറക്കിയതെന്ന് കാണിച്ച് വിജിലന്‍സിന് ലഭിച്ച പരാതിയെ തുടര്‍ന്ന് വിജിലന്‍സ് സി ഐ അബ്ദുല്‍ വഹാബിന്റെ നേതൃ്വത്തില്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൃഷിഭവനിലെത്തി തെളിവെടുക്കുകയും ചെയ്തു. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയെങ്കിലും അന്വേഷണം അവസാനിപ്പിക്കാനാണ് വിജിലന്‍സിന്റെ നീക്കം. ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് വളം കൃഷിഭവനില്‍ ഇറക്കിയതെന്നാണ് അന്നത്തെ കൃഷി ഓഫീസറുടെ പ്രതികരണം.
തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മന്ത്രിയെ വരുത്തി വളം വിതരണം ചെയ്യാനായിരുന്നു പദ്ധതിയെന്നും മന്ത്രിയെ കിട്ടാത്തതിനാല്‍ വളം വിതരണം മുടങ്ങിയെന്നും കൃഷി ഓഫീസര്‍ പറയുന്നു.
വളം വിതരണത്തിനുള്ള ലിസ്റ്റ് ഉള്‍പ്പെടെ കൃഷി ഭവന് കൈമാറിയിരുന്നതായും വളം ഇറക്കലും വിതരണം ചെയ്യലും കൃഷിഭവന്റെ ചുമതലയാണെന്നുമാണ് അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികരണം.