Connect with us

Palakkad

അട്ടപ്പാടിയെ പട്ടിണി വിമുക്തമാക്കും: ജില്ലാ പഞ്ചായത്ത്‌

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയെ പട്ടിണിയില്‍ നിന്ന് വിമുക്തമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശാന്തകുമാരിയും ജില്ലാ വൈസ് പ്രസിഡന്റ് ടി കെ നാരായണദാസും അഭിപ്രായപ്പെട്ടു.
പാലക്കാട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. അട്ടപ്പാടിയില്‍ ഒരു ദിവസം ഒരുനേരമെങ്കിലും ആദിവാസികള്‍ക്ക് നല്ല ഭക്ഷണം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും.
ഇനി ഒരിക്കലും പട്ടിണി മൂലം മരിക്കാന്‍ പാടില്ലെന്നാണ് ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യമെന്നും അവര്‍ കൂട്ടിചേര്‍ത്തു. അട്ടപ്പാടിയില്‍ പട്ടിണിമാറ്റുന്നതിന് ജില്ലാ പഞ്ചായത്ത് രണ്ട് പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്. സ്‌കൂളിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്ന പദ്ധതിയും ഗര്‍ഭിണികളായ പട്ടിക വര്‍ഗ്ഗസ്ത്രീകളുടെ പോഷകാഹാര പദ്ധതിയുമാണ്. വരും വര്‍ഷങ്ങളില്‍ അര്‍ഹരായ എല്ലാ പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്കും പോഷകാഹാരം ലഭ്യമാക്കുന്നതിനുള്ള സമഗ്രപദ്ധതിക്ക് രൂപം നല്‍കും. ഇത് വഴി പട്ടിണിയില്ലാത്ത അട്ടപ്പാടി എന്ന ലക്ഷ്യം കൈവരിക്കുമെന്നാണ് പ്രതീക്ഷ.
അമ്പത് വയസിന് താഴെയുള്ള മുഴുവന്‍ പേരെയും സാക്ഷരരാക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിക്കും .സര്‍ക്കാര്‍ മിഷന്‍ 976 ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആദിവാസി സാക്ഷരതാ പദ്ധതി കൂടുതല്‍ പ്രയോജനപ്പെടുത്തും. ആരോഗ്യ പരിപാലനത്തിന് അനുയോജ്യമായ പദ്ധതികള്‍ ആരോഗ്യവകുപ്പുമായി സഹകരിച്ച് നടപ്പിലാക്കും. ആശുപത്രികളുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിന് പുറമെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരുടെ ഒഴിവുകള്‍ നികത്തും. സൗജന്യ മരുന്ന് ലഭ്യമാക്കും. ജില്ലയില്‍ വിദ്യാഭ്യാസം നിലവാരം മെച്ചപ്പെടുത്തുന്നതിന് ഹരിശ്രീ മോഡല്‍ സ്‌കൂള്‍ പദ്ധതി എല്ലാ വിദ്യാലയങ്ങളിലും വ്യാപിപ്പിച്ച് സര്‍ക്കാര്‍ ഹൈസ്‌കൂള്‍-ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ ആധുനിക രീതിയിലുള്ള പശ്ചാത്തല സൗകര്യങ്ങളും പഠന നിലവാരവും സൃഷ്ടിക്കും. എല്ലാ പഞ്ചായത്തുകളും യു പി സ്‌കൂളുകളില്‍ ഇത് പോലെയുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിന് നിര്‍ദേശം നല്‍കും.
കാര്‍ഷികമേഖലയെ സംരക്ഷിക്കുന്നതിന് നിലവില്‍ നിശ്ചിത ശതമാനം തുക നീക്കിവെക്കണമെന്ന നിര്‍ദേശമില്ല. എന്നാല്‍ ഇതിന് മാറ്റം വരുത്തി ഈ മേഖലക്ക് നിശ്ചിത തുക ജില്ലാപഞ്ചയാത്ത് വകയിരുത്തും. സമൃദ്ധി പദ്ധതിയിലൂടെ നാലു കോടിയിലേറെ രൂപ കൃഷിയുടെ പ്രാരംഭ ചെലവുകള്‍ക്കായി ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് നല്‍കിവരുന്നുണ്ട്. ഇത് വഴി കര്‍ഷകര്‍ക്ക് കാര്‍ഷിക വൃത്തിയില്‍ താത്പര്യമുണ്ടാക്കാന്‍ സാധ്യമായതായും അവര്‍ അവകാശപ്പെട്ടു.
പരിസ്ഥിതിക്ക് ആഘാതം തട്ടാത്ത രീതിയിലുള്ള വൈദ്യുതി ഉത്പാദനത്തിന് പദ്ധതികളാവിഷ്‌ക്കരിക്കും. മീന്‍വല്ലം ചെറുകിട ജലവൈദ്യുതി വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് പാലക്കുഴി ജലവൈദ്യുത പദ്ധതി നടപ്പാക്കുന്നതിന് പ്രാരംഭ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ചെമ്പുകട്ടി, കുടം ജലവൈദ്യുതി പദ്ധതികള്‍ കൂടി നടത്താനുള്ള അനുമതി സര്‍ക്കാര്‍ ജില്ലാ പഞ്ചായത്തിന് നല്‍കിയിട്ടുണ്ട്.
ഇവ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കും. ഭാരതപ്പുഴ സംരക്ഷണത്തിനും മറ്റുജില്ലകളുടെയും സമീപപഞ്ചായത്തുകളുടെയും സഹകരണത്തോടെ നടപ്പാക്കുന്നതിന് പദ്ധതി ആവിഷ്‌ക്കരിക്കും. ജില്ലാതല ആശുപത്രികളായ അലോപ്പതി, ആയുര്‍വേദം, ഹോമിയേ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിലെ പശ്ചാത്തല സൗകര്യങ്ങളും ചികിത്സാ സൗകര്യങ്ങളും വര്‍ധിപ്പിച്ച് ആധുനിക ചികിത്സ ലഭ്യമാക്കും.
എം പി, എം എല്‍ എ ഫണ്ടുകള്‍ കൂടി ഉപയോഗപ്പെടുത്തി ജില്ലാശുപത്രിയില്‍ ഒരു എം ആര്‍ ഐ സ്‌കാന്‍ ഉപകരണം സ്ഥാപിക്കും. തെരുവ് നായ്ക്കളില്‍ ജനങ്ങളെ രക്ഷിക്കുന്നതിനുള്ള നടപടിക്കും പ്രഥമ പരിഗണന നല്‍കും.
ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് തെരുവ് നായ്ക്കളുടെ പ്രജനനം നിയന്ത്രിക്കുന്നതിനും അവയെ നിയന്ത്രിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭപ്രവര്‍ത്തികള്‍ നടന്നു വരുകയാണ്. മൂന്ന് വര്‍ഷത്തിനകം ജില്ലയിലെ എല്ലാപഞ്ചായത്തുകളെയും തെരുവ് നായക്കളുടെ ശല്യത്തില്‍ വിമുക്തമാക്കാനാണ് ലക്ഷ്യമിടുന്നത്. ബ്ലോക്ക് തലത്തില്‍ തിരെഞ്ഞടുക്കുന്ന പഞ്ചായത്തുകളിലെ നായ്ക്കളെ പിടിക്കുകയും ഇതിനെ പ്രത്യേക സംവിധാനം ചെയ്ത് കൂടുകളിലാക്കി വന്ധ്യം കരിക്കും.
ഓരോ സ്ഥലത്ത് നിന്ന് പിടിക്കുന്ന നായ്ക്കളെ വന്ധീകരിച്ച് ശേഷം അതാത് സ്ഥലങ്ങളില്‍ തന്നെ കൊണ്ട് വിടും. ഇതിനായി ഡോക്ടര്‍മാരടങ്ങുന്ന അഞ്ച് ടീമുകള്‍ പ്രവര്‍ത്തിക്കും. മൂന്ന് മാസത്തിനകം തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള നടപടിക്ക് തുടക്കമാകും.
കഴിഞ്ഞ ജില്ലാപഞ്ചായത്ത് ഭരണസമിതി രാജ്യത്തിന് തന്നെ മാതൃകാപരമായി ഭരണമാണ്കാഴ്ച വെച്ചിരിക്കുന്നത്. രാഷ്ട്രപതിയില്‍ നിന്ന് ജില്ലാപഞ്ചായത്തിന് ലഭിച്ച പുരസ്‌കാരം ഇതിന് തെളിവാണ്. ഈ പൊന്‍തൂവലില്‍ ഒരു പൊന്‍തൂവല്‍ കൂടി ചേര്‍ത്ത് ജില്ലാപഞ്ചായത്തിന്റെ ഭരണം മികവുറ്റതാക്കുമെന്നും അവര്‍ പറഞ്ഞു. ി

Latest