Connect with us

National

ഹിന്ദു സുഹൃത്തുക്കളെ ജയിലില്‍ നിന്നിറക്കാന്‍ മുസ്ലിംകള്‍ പണം സമാഹരിച്ചു

Published

|

Last Updated

ബറേലി : രാജ്യം മുഴുവനും “അസഹിഷ്ണുത “യെക്കുറിച്ച് വാചാലരാകുമ്പോള്‍ രാജ്യത്തിനൊന്നാകെ മാതൃകയാവുകയാണ് ഉത്തര്‍പ്രദേശിലെ ബറേലിയിലെ മുസ്ലീം യുവാക്കള്‍. പിഴ അടക്കാന്‍ സാധിക്കാത്തതിനാല്‍ ബറേലി ജില്ലാജയിലില്‍ കഴിയേണ്ടി വന്ന 15 ഹിന്ദു തടവുകാരെയാണ് ബറേലി സ്വദേശിയായ ഹാജി യാസിന്‍ ഖുറേഷിയും സുഹൃത്തുക്കളും ചേര്‍ന്ന് മോചിപ്പിച്ചത്.
ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുക പോലുള്ള ചെറിയ കുറ്റകൃത്യങ്ങളുടെ പേരില്‍ പെറ്റിക്കേസില്‍ അകത്തായവരായിരുന്നു തടവുകാര്‍. ആറുമാസം മുതല്‍ പത്ത് വര്‍ഷം വരെ ശിക്ഷാ കാലാവധി കിട്ടിയവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. “ഇവരില്‍ പലരും ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയവരാണ് പക്ഷേ പിഴയടക്കാന്‍ സാധിക്കാത്തതിനാല്‍ ജയിലില്‍ തുടരുകയായിരുന്നു.” ബറേലി ജില്ലാജയില്‍ സൂപ്രണ്ട് ബി.ആര്‍ മൗര്യ പറഞ്ഞു.
ജയിലധികൃതരില്‍ നിന്നും വിവരം ലഭിച്ചതനുസരിച്ച് തടവുകാരെ മോചിപ്പിക്കുന്നതിന് വേണ്ടി ഖുറേഷിയും സുഹൃത്തുക്കളും ചേര്‍ന്ന് 50,000 രൂപ സമാഹരിച്ചു. “തടവുകാരെ കുറിച്ചറിഞ്ഞപ്പോള്‍ ഇവര്‍ക്കുവേണ്ടി ഞങ്ങളാല്‍ കഴിയുന്നത് ചെയ്യണം എന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. അവരുടെ മതമോ സമുദായമോ ഞങ്ങള്‍ നോക്കിയില്ല. അതിലുപരി ഈ രാജ്യത്ത് ആര് ജീവിക്കണം ആര് പാടില്ല എന്ന ചര്‍ച്ചകള്‍ നടക്കുന്ന സമയമാണിത്. അല്ലാഹുവിന്റെ അനുഗ്രഹം ഞങ്ങള്‍ക്കെന്നുമുണ്ടാകും.” ഖുറേഷി പറഞ്ഞു.
“ഇത് ഞങ്ങളുടേയും രാജ്യമാണ് ഇവിടുത്തെ ഹിന്ദുക്കള്‍ ഞങ്ങളുടെ സഹോദരന്മാരാണ്. മരിക്കുമ്പോള്‍ ഞങ്ങളേയും ഈ മണ്ണിലാണ് അടക്കം ചെയ്യുക. ഞങ്ങളും ഈ മണ്ണിന്റെ ഭാഗമാകുന്നവരാണ്.” ഖുറേഷിയുടെ സുഹൃത്ത് ഹാജി മൊഹ്ദ് പറയുന്നു.
ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പോലീസ് പിടിയിലായ നന്ദ്കിഷോര്‍, അജയ് കുമാര്‍, കിഷന്‍ സാഗര്‍, പപ്പു, തിലക് തുടങ്ങി ബുധനാഴ്ച വൈകീട്ട് പുറത്തിറങ്ങിയ 15 തടവുകാരെയും സ്വീകരിക്കാന്‍ ഖുറേഷിയും സുഹൃത്തുക്കളും ജയിലിന് പുറത്ത് കാത്തുനിന്നിരുന്നു. എല്ലാവരേയും ആലിംഗനം ചെയ്ത് പുതിയൊരു ജീവിതത്തിലേക്ക് അവര്‍ സ്വാഗതം ചെയ്തു. ഒപ്പം ഇനിയൊരിക്കലും തെറ്റ് ചെയ്യില്ലെന്നും അവരില്‍ നിന്നും ഉറപ്പ് വാങ്ങി. പലര്‍ക്കും വീട്ടിലെത്താനുള്ള സൗകര്യങ്ങളും യാത്രചെലവിനുള്ള പണവും ഇവര്‍ നല്‍കി