Connect with us

Kerala

ഡിസംബര്‍ 17വരെ സഭ ചേരും; പ്രധാന അജന്‍ഡ നിയമനിര്‍മാണം

Published

|

Last Updated

തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ഡിസംബര്‍ 17 വരെ നിശ്ചയിച്ചിരിക്കുന്ന സമ്മേളന കാലയളവിനുള്ളില്‍ 11 ദിവസമാണ് സഭ സമ്മേളിക്കുന്നത്. നിയമ നിര്‍മാണമാണ് സമ്മേളനത്തിന്റെ പ്രധാന അജന്‍ഡയെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിയമനിര്‍മാണത്തിനായി ഒമ്പത് ദിവസവും അനൗദ്യോഗിക അംഗങ്ങളുടെ കാര്യത്തിനായി ഒരു ദിവസവും ഉപധനാഭ്യര്‍ഥനകളുടെയും അധിക ധനാഭ്യര്‍ഥനകളുടെയും ചര്‍ച്ചക്കും വോട്ടെടുപ്പിനുമായി ഒരു ദിവസവുമാണ് നീക്കിവെച്ചിട്ടുള്ളത്.
നവംബര്‍ 30, ഡിസംബര്‍ ഒന്ന് ദിവസങ്ങള്‍ക്കുപുറമെ ഡിസംബര്‍ രണ്ട്, മൂന്ന്, ഏഴ്, എട്ട്, 15, 16,17 ദിവസങ്ങളാണ് നിയമനിര്‍മാണത്തിനായി നീക്കിവെച്ചിട്ടുള്ളത്. ഡിസംബര്‍ നാല് അനൗദ്യോഗിക അംഗങ്ങളുടെ കാര്യത്തിനായി നീക്കിവെച്ചിട്ടുണ്ട്. ഡിസംബര്‍ എട്ടിന് 2015-16 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ഥനകളുടെ സ്റ്റേറ്റുമെന്റും 2011- 12, 2012- 13 സാമ്പത്തിക വര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ഥനകളുടെ സ്റ്റേറ്റ് മെന്റ്കളും മേശപ്പുറത്ത് വെക്കും. 14ന് ചര്‍ച്ചയും വോട്ടെടുപ്പും നടക്കും.
നവംബര്‍ 30ന് 2015ലെ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (സര്‍വകലാശാലകളെ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ബില്ലും 2015ലെ പെയ്‌മെന്റ് ഓഫ് വേജസ് (കേരള ഭേദഗതി) ബില്ലും അവതരിപ്പിക്കും. ഡിസംബര്‍ ഒന്നിന് 2015ലെ പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി) ബില്ലും 2015ലെ ഹിന്ദു പിന്തുടര്‍ച്ച (കേരള ഭേദഗതി) ബില്ലും അവതരിപ്പിക്കും. മറ്റ് ദിവസങ്ങളില്‍ പരിഗണിക്കാനുള്ള ബില്ലുകള്‍ സംബന്ധിച്ച് 30ന് ചേരുന്ന കാര്യോപദേശക സമിതിയില്‍ തീരുമാനമെടുക്കും. നവംബര്‍ 30ന് അവതരിപ്പിക്കുന്ന രണ്ട് ബില്ലുകളും ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലുകളാണ്. കഴിഞ്ഞ സമ്മേളനത്തിന്‌ശേഷം 10 ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
മുന്നോക്ക സമുദായ കമ്മീഷന്‍, റിയല്‍ എസ്റ്റേറ്റ് (നിയന്ത്രണവും വികസനവും), കേരള ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗ്, കേരള സ്‌പോര്‍ട്‌സ് (ഭേദഗതി), കേരള മുദ്രപത്ര (ഭേദഗതി), അങ്കണ്‍ വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ക്ഷേമനിധി, കേരള ഭൂനികുതി (ഭേദഗതി), കേരള പഞ്ചായത്ത് രാജ് (ഭേദഗതി) എന്നിവയാണ് നിയമമാക്കാന്‍ അവശേഷിക്കുന്ന ഓര്‍ഡിനന്‍സുകള്‍. ഇവയില്‍ ഏതെല്ലാം ഈ സമ്മേളനത്തില്‍ പരിഗണിക്കണമെന്നത് സംബന്ധിച്ച് കാര്യോപദേശക സമിതിയായിരിക്കും തീരുമാനമെടുക്കുക.

---- facebook comment plugin here -----

Latest