Connect with us

Gulf

മുഹമ്മദ് അര്‍ഷദ് ഒന്നാമത്; നദ്‌റുദ്ദീനിത് ആഹഌദ നിമിഷം

Published

|

Last Updated

ദമാം : സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോല്‍സവത്തില്‍ കരകൗശല വസ്തു നിര്‍മ്മാണത്തില്‍ മകന്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനത്തെത്തിയത് കടലിനിക്കരെ പിതാവിനും ബന്ധുക്കള്‍ക്കും ആഹ്ലാദ നിമിഷങ്ങള്‍ സമ്മാനിച്ചു.
വണ്ടൂര്‍ മുസ്‌ലിം ഓര്‍ഫനേജ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് അര്‍ഷദ് എന്ന ദിനു. വ്യാഴാഴ്ച കൊല്ലത്തു നിന്ന് ഒന്നാം സ്ഥാനം കിട്ടിയെന്നു വാട്ട്‌സാപ്പ് സന്ദേശം കിട്ടിയപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല പിതാവ് നദ്‌റുദ്ദീന്. ബുറൈദയിലെ അല്‍സുഹ്മ കമ്പനിയില്‍ ജോലി നോക്കുന്ന നദ്‌റുദ്ദീന്‍ ഇപ്പോള്‍ ദമാം ബ്രാഞ്ചിലാണ്. നദ്‌റുദ്ദീന്റെ മൂന്നു മക്കളില്‍ രണ്ടാമത്തെയാളാണ് ദിനു. 12 വര്‍ഷമായി സൗദിയിലാണ് ഇദ്ദേഹം. നേരത്തേ ജിദ്ദയിലായിരുന്നു.

പാഴ്‌വസ്തുക്കള്‍ കൊണ്ട് കരകൗശല വസ്തുക്കളുണ്ടാക്കുന്നത് മുഹമ്മദ് അര്‍ഷദിന് ചെറുപ്പം മുതലേ ഉള്ള ഹോബിയാണ്. സ്‌കൂള്‍ അധ്യാപകരും, വീട്ടില്‍ നിന്ന് ഉമ്മ സാജിനയും അകമഴിഞ്ഞ പ്രോല്‍സാഹനം കൂടി നല്‍കിയതോടെ അര്‍ഷദ് ഈ വിദ്യയില്‍ ഉയരങ്ങള്‍ കീഴടക്കുകയായിരുന്നു. പിതാവ് നദ്‌റുദ്ദീന്‍ ഗള്‍ഫില്‍ നിന്നു എല്ലാ വിധ പിന്തുണയും പ്രോല്‍സാഹനവും നല്‍കുകയും ചെയ്തു. സ്‌കൂള്‍ തലത്തിലും ജില്ലാതലത്തിലും ഓമതെത്തിയ ദിനുവിന് അങ്ങനെ സംസ്ഥാന തലത്തിലും മല്‍സരിക്കാനവസരം ലഭിക്കുകയായിരുന്നു.

കടലാസുകൊണ്ടുള്ള ചെങ്കോട്ട വഞ്ചി, കുപ്പി കൊണ്ടുള്ള കുത്തബ് മിനാര്‍, താജ്മഹല്‍, തുണികൊണ്ടുള്ള ചവിട്ടി , പാഴ്‌വസ്തുക്കള്‍ കൊണ്ടുള്ള പഠനോപകരണങ്ങള്‍, വീട്ടിലെ സ്വീകരണമുറി അലങ്കരിക്കാനുള്ള വിവിധ വസ്തുക്കള്‍ തുടങ്ങി ഉപകാരമില്ലാത്ത സാധനങ്ങള്‍ കൊണ്ടുള്ള ഒട്ടനേകം മനോഹരമായ വസ്തുക്കളുടെ വലിയ ശേഖരം അര്‍ഷദിന്റെ നിര്‍മ്മാണകലയുടെ തെളിവുകളാണ്.