Connect with us

International

അയ്‌ലാന്‍ കുര്‍ദിയുടെ കുടുംബം കാനഡയിലേക്ക് കുടിയേറും

Published

|

Last Updated

ഒട്ടാവ: ലോകത്തെ മുഴുവന്‍ കണ്ണീരണിയിച്ച സിറിയക്കാരനായ അയ്‌ലാന്‍ കുര്‍ദിയുടെ കുടുംബം കാനഡയിലേക്ക് കുടിയേറും. ഗ്രീസിലേക്ക് കടക്കാന്‍ ശ്രമിക്കവെ കടലില്‍ മുങ്ങിമരിച്ച് തുര്‍ക്കി തീരത്തണഞ്ഞ കുഞ്ഞ് അയ്‌ലാന്‍ കുര്‍ദിയുടെ മൃതദേഹത്തിന്റെ ചിത്രം അഭയാര്‍ഥി പ്രതിസന്ധിയെ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയിലേക്ക് കൊണ്ടു വന്നിരുന്നു. സഹോദരന്‍ മുഹമ്മദിനെ കാനഡയിലേക്ക് കൊണ്ടുവരാനുള്ള അപേക്ഷ കാനഡ അംഗീകരിച്ചതായും സുരക്ഷാ പരിശോധനകള്‍ നടന്നുവരികയാണെന്നും ക്രിസ്തുമസോടെ കാനഡയിലെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അയ്‌ലാന്‍ കുര്‍ദിയുടെ അമ്മായി തിമ കുര്‍ദി പറഞ്ഞു. കനേഡിയന്‍ ടിവി ചാനലായ സി ബി സിയിലൂടെയാണ് ഇവര്‍ ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം അപേക്ഷ നടപടിക്രമങ്ങളിലൂടെ കടന്നുപോകുകയാണെന്ന് കാനഡയിലെ ഇമിഗ്രേഷന്‍ വകുപ്പ് വക്താവ് റിമി ലാറിവീര്‍ പ്രതികരിച്ചു. അയ്‌ലാന്‍ കുര്‍ദിയുടെ അമ്മാവനാണ് മുഹമ്മദ് കുര്‍ദി. അഞ്ച് വയസുകാരനായ സഹോദരനും മാതാവും അയ്‌ലാ നൊപ്പം മുങ്ങിമരിച്ചിരുന്നു. ബോട്ട് മാര്‍ഗം തുര്‍ക്കിയില്‍നിന്നും ഗ്രീസിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ഇവര്‍ കടലില്‍മുങ്ങിമരിച്ചത്. അപകടത്തില്‍ അയ്‌ലാന്റെ പിതാവ് അബ്ദുല്ലയും മറ്റ് ചിലരും രക്ഷപ്പെട്ടിരുന്നു. അമിതമായി ആളെക്കയറ്റിയതിനെത്തുടര്‍ന്നാണ് ബോട്ട് മുങ്ങി ദുരന്തമുണ്ടായത്. അതേ സമയം കുടുംബത്തെ അപകടകരമായ യാത്ര ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്ന് കാണിച്ച് അബ്ദുല്ലയെ രാജ്യത്തേക്ക് കടക്കാന്‍ കാനഡ അനുവദിക്കില്ല.

Latest