Connect with us

Malappuram

പ്രഥമ ഗൗസിയ്യ അവാര്‍ഡ് പൊന്മള ഉസ്താദിന്

Published

|

Last Updated

തിരൂരങ്ങാടി: അഹ്ബാബു ല്‍ ഗൗസിയ്യ അല്‍ ഐന്‍ കമ്മിറ്റിയുടെ പ്രഥമ കുണ്ടൂര്‍ ഉസ്താദ് സ്മാരക അവാര്‍ഡിന് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ അര്‍ഹനായി. പതിറ്റാണ്ടുകളായി ദര്‍സ് രംഗത്തും സുന്നി സംഘടനാ രംഗത്തും ഒരുപോലെ മുഖമുദ്ര പതിപ്പിച്ച വ്യക്തിയാണ് പൊന്‍മള. ഈ സവിശേഷതയാണ് അദ്ദേഹത്തെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.
എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്രമുശാവറ സെക്രട്ടറിയുമായ പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സമസ്ത ഫത്‌വാ കമ്മിറ്റി അംഗവും നിരവധി സ്ഥാപനങ്ങളുടെ ഭാരവാഹിയുമാണ്. കനപ്പെട്ട ഒട്ടനവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പൊന്മളയിലെ മുഹമ്മദ് ഹാജിയുടേയും ഖദീജയുടേയും മകനായി 1953ല്‍ ജനിച്ച അദ്ദേഹം ദര്‍സ് പഠനത്തിന് ശേഷം ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ നിന്നാണ് എം എ ബിരുദം നേടിയത്. പലസ്ഥലങ്ങളിലും ദര്‍സ് നടത്തിയിട്ടുള്ള ഇദ്ദേഹം ഇപ്പോള്‍ മഞ്ചേരി ഹികമിയ്യ ശരീഅത്ത് കോളജിലെ പ്രധാന മുദരിസാണ്. പ്രമുഖ പണ്ഡിതന്‍മാരടങ്ങുന്ന ആയിരക്കണക്കിന് ശിഷ്യസമ്പത്തിന്റെ ഉടമയാണ്.
കുണ്ടൂര്‍ ഉസ്താദ് പത്താം ഉറൂസ് മുബാറക്കിന്റെ സമാപനമായി നടക്കുന്ന ഹുബ്ബുറസൂല്‍ സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അവാര്‍ഡ് സമ്മാനിക്കും. കാഷ് അവാര്‍ഡും ഫലകവും നല്‍കുമെന്ന് ഭാരവഹികള്‍ അറിയിച്ചു.