Connect with us

Articles

അസഹിഷ്ണുതയുടെ കാണാപ്പുറങ്ങള്‍

Published

|

Last Updated

ബോളിവുഡ് നടന്‍ ആമിര്‍ഖാന്റെ രംഗപ്രവേശത്തോടെ അസഹിഷ്ണുതാ വിവാദത്തിന് പിന്നെയും തീഷ്ണത വര്‍ധിച്ചിരിക്കയാണ്. രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചു വരുന്നുവെന്ന നഗ്നസത്യം തുറന്നു പറഞ്ഞതിന്റെ പേരില്‍ ആമിറിനെ നാടുകടത്താനുള്ള ശ്രമത്തിലാണ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍. വിഷം ചീറ്റുന്ന പ്രസ്താവനകളിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച ബി ജെ പിയുടെ പാര്‍ലിമെന്റംഗം ആദിത്യ നാഥനും ശിവസേനാ നേതാക്കളും ആമിര്‍ ഇന്ത്യ വിട്ടു പോകണമെന്നാണാവശ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ സിനിമ രാജ്യത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുദിക്കില്ലെന്നും പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ തല്ലിപ്പൊളിക്കുമെന്ന പ്രഖ്യാപനവും വന്നു കഴിഞ്ഞു. ഇത്തരം വിവാദങ്ങളില്‍ പങ്ക് ചേരുന്ന വ്യക്തിയായിരുന്നില്ല ആമിര്‍. മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ഭൂരിപക്ഷ വര്‍ഗീയതയുടെ അസഹിഷ്ണുത രാജ്യത്ത് മറനീക്കി പുറത്തു വരാന്‍ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും അതൊന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകയായിരുന്നു ഇക്കാലമത്രയും ആമിറും മറ്റു പലരും. ആമിറിനെ സംബന്ധിച്ചിടത്തോളം ഇത് തന്റെ കരിയറിനെ ബാധിക്കുന്ന വിഷയവുമാണ്. വര്‍ഗീയതയും അസഹിഷ്ണുതയും രാക്ഷസീയത പൂണ്ട സാഹചര്യത്തിലായിരിക്കണം ഇപ്പോള്‍ മൗനം വെടിയാന്‍ അദ്ദേഹം നിര്‍ബന്ധിതനായത്.
എന്നാല്‍ അസഹിഷ്ണുതയെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ സംവിധായകന്‍ അനുരാഗ് കശ്യപ് പറഞ്ഞ ഒരു കാര്യം പരാമര്‍ശിക്കാതെ വയ്യ. രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ ഒറ്റ ദിവസം കൊണ്ട് പൊട്ടിമുളച്ചതല്ല ഈ സ്ഥിതിവിശേഷമെന്ന കാര്യം ഓര്‍ക്കേണ്ടതുണ്ടെന്നാണ് അദ്ദേഹം പനാജിയില്‍ പറഞ്ഞത്. തീര്‍ച്ചയായും സംഘ് സംഘടനകള്‍ക്കും തീവ്ര നേതാക്കള്‍ക്കും അപകടകരമായ ആത്മവിശ്വാസം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കരഗതമായിട്ടുണ്ട്. എന്നാല്‍ മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കൃത്യം തീയതിക്ക് പ്രകടമായ ഒരു പ്രവണതയുമല്ല ഇത്. മതന്യൂനപക്ഷങ്ങളെ വിശിഷ്യാ മുസ്‌ലിംകളെ പ്രത്യേക കണ്ണോടെ കാണുകയും അവരുടെ ചെയ്തികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും അനുഗുണമല്ലാത്ത പുതിയ തലങ്ങളും അര്‍ഥവും കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവണത രാജ്യത്ത് എന്നോ തുടങ്ങിയിട്ടുണ്ട്. ഇത്തരം മഞ്ഞക്കണ്ണട ധാരികളില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മാത്രമല്ല ശുദ്ധ ഖദര്‍ ധാരികളും ഹിന്ദുത്വ ഫാസിസത്തിനെതിരെ യുദ്ധമുഖത്തുള്ള ഒന്നാം നമ്പര്‍ സഖാക്കളുമുണ്ട്.
കേരളത്തിലെ മതന്യൂനപക്ഷങ്ങളെക്കുറിച്ചു എ കെ ആന്റണി നടത്തിയ വിഷലിപ്തമായ പ്രസ്താവന അത്രവേഗം മറക്കാനാകില്ലല്ലോ. സമ്മര്‍ദ തന്ത്രങ്ങളിലൂടെ ന്യൂനപക്ഷങ്ങള്‍ ഭരണതലത്തില്‍ നിന്ന് അനര്‍ഹമായി പലതും നേടിയെടുക്കുന്നുവെന്നും ന്യൂനപക്ഷ വര്‍ഗീയതയേക്കാള്‍ ആപത്കരമാണ് രാജ്യത്തെ ന്യൂനപക്ഷ വര്‍ഗീയതയെന്നുമായിരുന്നു “കറകളഞ്ഞ ഈ മതേതര ആദര്‍ശവാദി”യുടെ സങ്കടം. ചരിത്രപരമായ കാരണങ്ങളാലും മാറിമാറി വന്ന സര്‍ക്കാറുകളുടെ അവഗണനയാലും വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങി സര്‍വത്ര മേഖലകളിലും ഏറെ പിന്നാക്കമായിരുന്ന മതന്യൂനപക്ഷങ്ങള്‍ വിശിഷ്യാ മുസ്‌ലിംകള്‍ നിരന്തര പ്രക്ഷോഭങ്ങളിലൂടെ അര്‍ഹമായ ചില അവകാശങ്ങള്‍ നേടിയെടുത്തതിനെ സൂചിപ്പിച്ചാണ് അദ്ദേഹം ഭൂരിപക്ഷ വര്‍ഗീയതയെ സുഖിപ്പിക്കുന്ന ഈ പ്രസ്താവന നടത്തിയത്. കേരളീയ മുസ്‌ലിം സമൂഹം ഇന്നാര്‍ജിച്ച പുരോഗതി ആരുടെയും ഔദാര്യം കൊണ്ട് നേടിയതല്ല. ഈ വളര്‍ച്ചക്ക് ഒന്നാമതും രണ്ടാതും അവര്‍ നന്ദി പറയേണ്ടത് തങ്ങളുടെ രാജ്യത്തേക്കുള്ള കവാടങ്ങള്‍ മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് തുറന്നു കൊടുത്ത ഗള്‍ഫ് ഭരണാധികാരികളോടാണ്. മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പരമായ ഉണര്‍വിന് നേതൃത്വം നല്‍കിയ സമസ്ത ഉള്‍പ്പെടെയുള്ള മത, സാംസ്‌കാരിക സംഘനകളോടാണ് പിന്നീടുള്ള കടപ്പാട്. എങ്കിലും ഈ സമുദായത്തിന്റെ പുരോഗതിയും മുന്നേറ്റവും ഇപ്പോഴും അവര്‍ അര്‍ഹിക്കുന്നതിന് അടുത്തെങ്ങുമെത്തിയിട്ടില്ല. ഉദ്യോഗസ്ഥ മേഖലയിലെ മുസ്‌ലിം പ്രാതിനിധ്യവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിവിധ കോഴ്‌സുകളുടെ സീറ്റുകളുടെയും എണ്ണത്തില്‍ മലബാര്‍ മേഖലയെയും തെക്കന്‍ കേരളത്തെയും താരതമ്യം ചെയ്താല്‍ ഇക്കാര്യം അര്‍ഥ ശങ്കക്കിടമില്ലാത്ത വിധം വ്യക്തമാകും. ഖേദകരമെന്നു പറയട്ടെ മുസ്‌ലിംകളും പിന്നാക്ക വിഭാഗക്കാരും നിലവില്‍ കൈവരിച്ച നേട്ടം പോലും കണ്ട് ക്ഷമിക്കാനുള്ള മാനസിക വിശാലതയില്ല പലര്‍ക്കും. ഈ സമൂദായം എന്നും വിറക് വെട്ടികളും വെള്ളംകോരികളും കൂലിപ്പണിക്കാരുമായി തുടരുന്നത് കാണാനാണ് ഇത്തരക്കാര്‍ക്ക് താത്പര്യം.
വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഏറെ പിന്നാക്കമാണ് മലബാര്‍. വിശേഷിച്ച് മലപ്പുറം ജില്ല. ഈ പരിമിതികളുടെ നടുവിലിരുന്ന് അടുത്തിടെ ജില്ലയിലെ വിദ്യാര്‍ഥികള്‍ പൊതുപരീക്ഷകളില്‍ മികച്ച വിജയം നേടുന്നത് ആശ്വാസത്തോടെയും പ്രതീക്ഷയോടെയുമാണ് കേരളീയ സമൂഹം നോക്കിക്കണ്ടത്. എന്നാല്‍ വി എസ് അച്യുതാനന്ദന് ഇത് കോപ്പിയടിച്ചു നേടിയ വിജയമായി കാണാനായിരുന്നു താത്പര്യം. വിദ്യാഭ്യാസനിലവാരത്തില്‍ പിന്നോക്കമെന്ന ദുഷ്‌പേര് തിരുത്താന്‍ ജില്ലയിലെ ഉദ്യോഗസ്ഥ മേധാവികളും രക്ഷാകര്‍ത്താക്കളും വിദ്യാര്‍ഥികളും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചതിന്റെ ഫലമായി കൈവരിച്ച ഈ മികവിനെ ഇത്ര പുച്ഛത്തോടെ വിലയിരുത്തിയത് വാര്‍ധക്യത്തിന്റെ തകരാര്‍ കൊണ്ടായിരുന്നില്ലല്ലോ. ഒരു സമൂദായത്തിന്റെ മുന്നേറ്റം കണ്ടു നില്‍ക്കാനുള്ള ക്ഷമയില്ലായ്മ തന്നെയായിരുന്നു ഇതിന്റെ പിന്നില്‍. ഏറെക്കുറെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫാറൂഖ് കോളജില്‍ ലിംഗ വിവാദമാരോപിച്ച് സ്ഥാപനത്തെ താറടിച്ചു കാണിക്കാനുള്ള പ്രേരണക്ക് പിന്നിലും ഇതേ മനോഗതി തന്നെയാണ്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ചിരുത്തുന്ന സംസ്ഥാനത്തെ മറ്റു കോളജുകള്‍ക്ക് നേരെ ഇവരുടെ പ്രതിഷേധം ഉയരാത്തത് അസുഖത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. കേരളാ കോണ്‍ഗ്രസിനെ മതേതര കക്ഷിയായി അംഗീകരിക്കുന്ന രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങള്‍ മുസ്‌ലിംലീഗില്‍ വര്‍ഗീയത കണ്ടെത്തുന്നതിലും തെളിയുന്നുണ്ട് ഈ രോഗലക്ഷണം.
മതിയായ രേഖകളില്ലാതെ പുറം സംസ്ഥാനങ്ങളില്‍ നിന്ന് അനാഥ വിദ്യാര്‍ഥികളെ കേരളത്തിലെ അനാഥ സംരക്ഷണ സ്ഥാപനങ്ങളിലേക്ക് കൊണ്ടു വന്നത് ഏറെ വിവാദത്തിനിടയാക്കിയ സംഭവമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സൗകര്യമില്ലായ്മയും മുസ്‌ലിം സമുദായത്തിന്റെ സാമ്പത്തിക പിന്നാക്കവസ്ഥയും കാരണം വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് തെരുവിന്റെ സന്തതികളായി അലയേണ്ടി വരുന്ന ഒരു തലമുറയെ ഈ ദുര്യോഗത്തില്‍ നിന്ന് മോചിപ്പിക്കാനാണ് അവരെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കയക്കുന്നത്. വര്‍ഷങ്ങളായി ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ കേരളത്തില്‍ പഠിച്ചു വരികയും അവരില്‍ പലരും നല്ലനിലയിലെത്തുകയും ചെയ്തിട്ടുണ്ട്. ഈ ലക്ഷ്യത്തില്‍ പുറം സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ വരവിനെ നല്ല മനസ്സോടെ കാണുകയും, ഇപ്പേരില്‍ ആരെങ്കിലും നിയമ ലംഘനമോ, ചൂഷണമോ നടത്തുന്നുണ്ടെങ്കില്‍ അത്തരക്കാരെ മാത്രം പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയും ചെയ്യുന്നതിന് പകരം കേരളത്തിലെ മതസ്ഥാപനങ്ങളിലേക്കുള്ള ഇതര സംസ്ഥാന വിദ്യാര്‍ഥികളുടെ വരവിനെ മൊത്തത്തില്‍ മനുഷ്യക്കടത്തായി ചിത്രീകരിച്ച് ഈ വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കാനുള്ള കുത്സിത നീക്കമാണ് സംഘ്പരിവാര്‍ കേന്ദ്രങ്ങളോടൊപ്പം കേരളത്തിലെ ചില ഉദ്യോഗസ്ഥ മേധാവികളും നടത്തിയത്. കലര്‍പ്പില്ലാത്ത അസഹിഷ്ണുത തന്നെയല്ലേ ഇതും. കാലടിയിലെ സംസ്‌കൃത സര്‍വകാലയെ ഭാഷാ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള മലയാളിയുടെ വിശാല മനസ്‌കതയായി പുകഴത്തുന്നവര്‍, ഒരു അറബിക്ക് സര്‍വകലാശാല വരുന്നത് സംസ്ഥാനത്തെ ക്രമസമാധാനത്തിന് ഭീഷണിയായി കാണുന്ന ചീഫ് സെക്രട്ടറിയുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും നിരീക്ഷണവും ഇതോട് ചേര്‍ത്ത് വായിക്കാനാകുന്നതാണ്.
ചുരുക്കത്തില്‍ പാക്കിസ്ഥാന്‍ ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ മുംബൈ സംഗീത പരിപാടിക്കെതിരെ ശിവസേന രംഗത്ത് വരുന്നതിലോ, ഗജേന്ദ്ര ചൗഹാന് അനര്‍ഹമായിഎഫ് ടി ടി ചെയര്‍മാന്‍ പദവി നല്‍കിയതിനെതിരെ ഉയര്‍ന്നു വന്ന പ്രതിഷേധ സമരത്തെ അടിച്ചൊതുക്കുന്നതിലോ, സംഘ്പരിവാറിന് ഹിതകരമല്ലാത്ത കാര്യങ്ങള്‍ എഴുതുകയോ പറയുകയോ ചെയ്യുന്ന സാഹിത്യകാരന്മാര്‍ക്ക് നേരെ അക്രമം അഴിച്ചു വിടുന്നതിലോ പരിമിതപ്പെടുന്നതല്ല രാജ്യത്തെ അസഹിഷ്ണുത. മതേതര പാര്‍ട്ടികളിലേതടക്കം പല രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥ മേധാവികളെയും ഗുരുതരമായ തോതില്‍ ഇത് ബാധിച്ചിട്ടുണ്ട്. സംഘ് പരിവാവാറിന്റെ അസഹിഷ്ണുതയെ ചൊല്ലി പ്രതിഷേധ കോലാഹലം സംഘടിപ്പിക്കുന്ന മതേതര കക്ഷികള്‍ ആദ്യം ഇക്കാര്യത്തില്‍ ഒരു ആത്മപരിശോധനക്ക് തയ്യാറാകേണ്ടതുണ്ട്. ഇസ്‌ലാമോഫോബിയയുടെ കാര്യത്തില്‍ ഹിന്ദുത്വ ഫാസിസത്തിന്റെ മാനസികാവസ്ഥയില്‍ നിന്ന് വ്യത്യസ്തമല്ല പല മതേതര നേതാക്കളുടെ മന:സ്ഥിതിയും. സമഗ്രവും വ്യാപകവുമായ ഒരു ചികിത്സാ പദ്ധതിയാണ് ഇക്കാര്യത്തില്‍ ഇന്നാവശ്യം.
ഇപ്പറയുന്നത് സംഘ് ഫാസിസത്തിന്റെ മാരകമായ ആവിഷ്‌കാരങ്ങളെ കണ്ടില്ലെന്ന് വെക്കാനോ അതിനെതിരെ അണിചേര്‍ന്ന മതേതര ഐക്യനിരയെ ദുര്‍ബലപ്പെടുത്താനോ വേണ്ടിയല്ല. കുറേക്കൂടി വിശാലമായും സമഗ്രമായും അസഹിഷ്ണുത എന്ന വിഷയത്തെ കാണേണ്ടതുണ്ടെന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ്. മതേതര കക്ഷികളിലെ നേതാക്കള്‍ അവരുടെ മതനിരപേക്ഷ നിലപാടില്‍ വെള്ളം ചേര്‍ക്കുമ്പോള്‍ ഭീകരമായ ഒറ്റപ്പെടലാണ് ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുക. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുന്‍ നിലപാടില്‍ നിന്ന് മാറി ഫാസിസത്തിനെതിരെ ശക്തമായ സ്വരമുയര്‍ത്തിയെന്നത് ആശ്വാസകരമാണ്. ഒരു തിരഞ്ഞെടുപ്പ് മുഖത്ത് വെച്ച് ഉണ്ടാകുന്നതോ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ വീണ്ടു വിചാരത്തില്‍ നിന്ന് ഉണ്ടാകുന്നതോ ആകരുത് അസഹിഷ്ണുതക്കെതിരായ നിലപാട്. സമൂഹത്തിന്റെ സുസ്ഥിതിക്കായുള്ള നിതാന്തമായ ജാഗ്രതയാണ് കാലം ആവശ്യപ്പെടുന്നത്.

Latest