Connect with us

Articles

വടക്കോട്ടും തെക്കോട്ടും

Published

|

Last Updated

ആസന്നമായിക്കൊണ്ടിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ അണിയറ ചര്‍ച്ചകളിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ . തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തോടെ ലഭിച്ച വര്‍ധിത ആത്മവിശ്വാസത്തോടെ കേരള യാത്രക്ക് പുറപ്പെടുന്ന സി പി എമ്മും വെള്ളാപ്പള്ളി പ്രഭൃതികള്‍ വോട്ടു ചോര്‍ത്തുന്നതിന് പ്രതിരോധം തീര്‍ക്കാന്‍ വി എം സുധീരന്റെ സംസ്ഥാന യാത്ര പിറകെയും സ്ഥാനം പിടിക്കുമ്പോള്‍ കേരളം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലാകുകയാണ്. ഇതിനിടയില്‍ അണിയറയില്‍ വിജയം കൊയ്യാന്‍ യോഗ്യരായ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വതന്ത്രരെ കളത്തിലിറക്കി വിജയം കൊയ്യാനാണ് ഇടതു പദ്ധതിയെങ്കില്‍ ജനകീയാടിത്തറയുള്ള സ്ഥാനാര്‍ഥികള്‍ക്ക് ടിക്കറ്റ് നല്‍കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശമെന്നറിയുന്നു. ബി ജെപിയും സഖ്യസാധ്യതകള്‍ കണ്ടെത്തി ജീവന്മരണ പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്. തെക്കന്‍ കേരളത്തില്‍ പിടിമുറുക്കി നേട്ടമുണ്ടാക്കാനാണ് എല്‍ ഡി എഫ്, യു ഡി എഫ് പദ്ധതി. സിനിമാനടന്മാര്‍, ബുദ്ധിജീവികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരെ കളത്തിലിറക്കുകയാണ് ഇടതുപക്ഷം. ഇതിനായി പല പ്രമുഖരെയും അവര്‍ സമീപിച്ചു കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുണണിക്ക് നേട്ടമുണ്ടാക്കാനായെങ്കിലും വോട്ട് ശതമാനത്തില്‍ വലിയ വ്യത്യാസമില്ലെന്ന് കരുതുന്ന യു ഡി എഫ് അവശേഷിച്ച ഭരണ കാലയളവില്‍ ജനകീയ പദ്ധതികള്‍ നടപ്പാക്കി ജനവിശ്വാസം വീണ്ടുക്കാനാകുമെന്ന പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നുണ്ട്.
എറണാകുളം ജില്ലയില്‍ നേട്ടമുണ്ടാക്കാനായാല്‍ ഭരണം കൈപ്പിടിയിലൊതുക്കാമെന്ന വിലയിരുത്തലിലാണ് എല്‍ ഡി എഫ് . ഇതിനായി ജില്ലയിലെ 14 മണ്ഡലങ്ങളിലും വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ അണിനരത്താന്‍ ഇടതു മുന്നണി കൂടിയാലോചനകള്‍ തുടങ്ങിയിരിക്കയാണ്. 14ല്‍ പത്ത് സീറ്റ് സി പി എമ്മിനും രണ്ട് സീറ്റ് സി പി ഐക്കും ഒരു സീറ്റ് വീതം ജനതാദള്‍ സെക്യൂലറിനും കേരള കോണ്‍ഗ്രസിനും നല്‍കിക്കൊണ്ടുള്ള സീറ്റ് വിഭജന ഫോര്‍മുലക്ക് ഘടകകക്ഷികള്‍ക്കിടയില്‍ അനൗപചാരിക ധാരണയായതായി അറിയുന്നു. എല്‍ ഡി എഫ് മത്സര രംഗത്തിറക്കാന്‍ ആലോചിക്കുന്നവരില്‍ നടന്മാരായ ശ്രീനിവാസന്‍, കലാഭവന്‍ മണി, അഭിഭാഷകനും എഴുത്തുകാരനുമായ അഡ്വ. എ ജയശങ്കര്‍ തുടങ്ങിയവരുണ്ട്. സി പി എം ജില്ലാ സെക്രട്ടറി പി രാജീവും നിയമസഭയിലേക്ക് ജനവിധി തേടുമെന്നാണ് വിവരം.
ശ്രീനിവാസനും കലാഭവന്‍ മണിയുമായി സി പി എം നേതൃത്വം ആശയവിനിമയം നടത്തിക്കഴിഞ്ഞു. ശ്രീനിവാസനെ തൃപ്പൂണിത്തുറയിലും കലാഭവന്‍ മണിയെ കുന്നത്തുനാട്ടിലുമാണ് സി പി എം പരിഗണിക്കുന്നത്. രണ്ട് തവണയായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ശ്രീനിവാസന്‍ അര്‍ധസമ്മതം പ്രകടിപ്പിച്ചെങ്കിലും ഇതു സംബന്ധിച്ച് പത്രവാര്‍ത്തകള്‍ വന്നതോടെ അദ്ദേഹം പിന്‍മാറി. സി പി എം ജില്ലാ സെക്രട്ടറി പി രാജീവ്, ഫസല്‍ വധക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് എറണാകുളത്ത് താമസിക്കുന്ന കണ്ണൂരിലെ സി പി എം നേതാവ് കാരായി രാജന്‍, സിനിമാ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരാണ് ശ്രീനിവാസനെ കണ്ട് ചര്‍ച്ച നടത്തിയത്. ഷൂട്ടിംഗ് മുടക്കാന്‍ പറ്റില്ലെന്നതടക്കമുള്ള തടസവാദങ്ങള്‍ ശ്രീനിവാസന്‍ ഉന്നയിച്ചെങ്കിലും അതിനെല്ലാം പരിഹാരമാര്‍ഗം നിര്‍ദേശിച്ചതോടെ ശ്രീനി അര്‍ധസമ്മതം പ്രകടിപ്പിച്ചുവെന്നാണ് ചര്‍ച്ചയുടെ ഭാഗമായവര്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ ശ്രീനിവാസന്‍ ഇക്കാര്യം ശക്തിയായി നിഷേധിച്ചിരിക്കുകയാണ്. ശ്രീനിവാസന്‍ ഓഫര്‍ നിഷേധിച്ച സാഹചര്യത്തില്‍ തൃപ്പൂണിത്തുറയില്‍ മുന്‍ ഏരിയാ സെക്രട്ടറി കെ എന്‍ ഉണ്ണികൃഷ്ണന്‍ സ്ഥാനാര്‍ഥിയാകുമെന്നും കേള്‍ക്കുന്നു.
ചാലക്കുടിക്കാരുടെ മണിയെ കൊച്ചിയില്‍ കൊണ്ടുവരുന്നത് ജില്ലയിലെ വിജയം സി പി എമ്മിന് അത്രയും പ്രധാനപ്പെട്ടതായതുകൊണ്ടാണ്. സംവരണ സീറ്റ് ഇക്കുറിയും കുന്നത്തുനാട് ആണെങ്കില്‍ അവിടെ കലാഭവന്‍ മണിയും കോണ്‍ഗ്രസിലെ വി പി സജീന്ദ്രനും തമ്മിലാകും മത്സരം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ ഇന്നസെന്റിനെ ഇരുകൈയും നീട്ടി സ്വീകരിച്ച വോട്ടര്‍മാര്‍ കലാഭവന്‍ മണിയെയും ഏറ്റെടുക്കുമെന്നാണ് സി പി എം കണക്കുകൂട്ടുന്നത്. സി പി എം സഹയാത്രികനായ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനാണ് സിനിമാ രംഗവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ക്ക് പിന്നിലുള്ളത്. കൈരളി ചാനല്‍ ചെയര്‍മാനായ നടന്‍ മമ്മൂട്ടിയും സിനിമാ രംഗത്തെ പ്രമുഖരെ സി പി എമ്മുമായി അടുപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
പറവൂര്‍, മൂവാറ്റുപുഴ സീറ്റുകളാണ് സി പി ഐക്ക് ലഭിക്കുക. അഡ്വ. എ ജയശങ്കറിനെ പറവൂരിലേക്കാണ് സി പി ഐ നേതൃത്വം പരിഗണിക്കുന്നത്. കമലാ സദാനന്ദനെയും പറവൂരില്‍ പരിഗണിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ നടക്കാനിരിക്കുന്നതേയുള്ളൂ. ജയശങ്കറിനെ ഏറ്റവും വിജയസാധ്യതയുള്ള ആളായാണ് സി പി ഐ നേതൃത്വം കാണുന്നത്. സി പി ഐക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി ഇറങ്ങാറുള്ള ജയശങ്കര്‍ മത്സര സന്നദ്ധനാണോ എന്ന് ഇനിയും വ്യക്തമായിട്ടില്ല.
സി പി എം ജില്ലാ സെക്രട്ടറി പി രാജീവ് അങ്കമാലിയില്‍ ജനവിധി തേടാനാണ് ഒരുങ്ങുന്നത്. നേരത്തെ എറണാകുളത്ത് അദ്ദേഹം മത്സരിക്കുമെന്ന് സൂചനകളുണ്ടായിരുന്നുവെങ്കിലും എറണാകുളം ഇക്കുറി ജനതാദള്‍ എസിന് നല്‍കാനാണ് ധാരണയായിരിക്കുന്നത്. ദള്‍ എസ് ജില്ലാ പ്രസിഡണ്ടും മുന്‍ ഡെപ്യൂട്ടി മേയറുമായ സാബു ജോര്‍ജായിരിക്കും ഇവിടെ സ്ഥാനാര്‍ഥി. ലൈംഗീകാപവാദത്തിനിരയായ ജോസ് തെറ്റയില്‍ ഇക്കുറി മത്സരരംഗത്തുണ്ടാകില്ല. മുന്നണി ജയിച്ചാല്‍ ജില്ലയില്‍ നിന്ന് മന്ത്രിയാകുമെന്ന് ഉറപ്പുള്ള ആളാണ് പി രാജീവ്. രാജീവ് നിയമസഭാംഗമായാല്‍ സി പി എമ്മിന് പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്തേണ്ടിവരും. ദേശാഭിമാനി കൊച്ചി യൂനിറ്റ് മാനേജരായ സി എന്‍ മോഹനനാകും ജില്ലാ സെക്രട്ടറി സ്ഥാനത്ത് രാജീവിന്റെ പിന്‍ഗാമിയെന്നാണ് സൂചന.
വൈപ്പിനില്‍ എസ് ശര്‍മക്കാണ് ഇക്കുറിയും സാധ്യതയെന്നാണ് മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന സൂചന. എന്നാല്‍ സംവരണ സീറ്റായി മാറിയാല്‍ എം കെ ശിവരാജന് സാധ്യതയുണ്ട്. പിറവത്ത് എം എം മോനായി, കളമശേരിയില്‍ വി എം സക്കീര്‍ ഹുസൈന്‍, തൃക്കാക്കരയില്‍ അഡ്വ. വി ജെ മാത്യു, ആലുവയില്‍ വി സലിം, മൂവാറ്റുപുഴയില്‍ എന്‍ അരുണ്‍ അല്ലെങ്കില്‍ എല്‍ദോ എബ്രഹാം തുടങ്ങിയവരാണ് പരിഗണനയിലുള്ള മറ്റ് പേരുകള്‍. പിണറായിയുടെ യാത്ര കഴിയുന്നതോടെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചക്ക് വേഗം കൂടിയേക്കും.

Latest