Connect with us

Wayanad

വികസന-ക്ഷേമ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: ജില്ലാ വികസന സമിതി

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയിലെ വികസന-ക്ഷേമ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് പട്ടികവര്‍ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി നിര്‍ദ്ദേശം നല്‍കി. എ ഡി എം പി വി ഗംഗാധരന്റെ അദ്ധ്യക്ഷതയില്‍ ആസൂത്രണ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് എസ് സി, എസ് ടി വിഭാഗങ്ങളുടെ ഉന്നമനത്തിനായി ജില്ലക്ക് ഇത്രയുമധികം ഫണ്ട് അനുവദിച്ചത്. ഇവ സമയബന്ധിതമായി ചെലവഴിക്കുന്നതിലും പൂര്‍ത്തിയാക്കുന്നതിലും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.ജില്ലയിലെ തകര്‍ന്ന റോഡുകള്‍ അടിയന്തിരമായി നന്നാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോടാവശ്യപ്പെട്ടു.ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തവ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി നവീകരണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കി. തൊഴിലുറപ്പ് പദ്ധതിയില്‍ കൂലി ലഭിക്കാത്തവര്‍ക്ക് കൂലി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കി.
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ പെരിഞ്ചേരിമല കോളനിയിലെ കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഐ റ്റി ഡി പി ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. സാമൂഹ്യ ക്ഷേമ പദ്ധതികളിലെ പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കുന്നതിനുള്ള ഫണ്ട് ജില്ലയ്ക്ക് അനുവദിക്കാനും വയനാട് മെഡിക്കല്‍ കോളേജിന്റെ നിര്‍മാണം ആരംഭിക്കാനും ജില്ലാ വികസന സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ട്രൈബല്‍ പ്രമോട്ടര്‍മാരും സോഷ്യല്‍ വര്‍ക്കര്‍മാരും ആദിവാസി കോളനികളിലെത്തി അടിസ്ഥാന സൗകര്യങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തണം. ആവശ്യമായ ചികിത്സാ സഹായങ്ങള്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
ടൂറിസം മേഖലയിലെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച പല പദ്ധതികളും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഈ സ്ഥിതി തുടരാനാവില്ലെന്നും പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച് കൃത്യമായ അവലോകനം വേണമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് പറഞ്ഞു.
ജില്ലയിലെ പല ടൂറിസം പദ്ധതികളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് മറ്റ് ജില്ലകളിലെ ഏജന്‍സികളാണ്. ഇവര്‍ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ഡയറക്ടറേറ്റില്‍ നിന്ന് ഫണ്ട് മാറുകയാണ്. ജില്ലാതലത്തില്‍ പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച് കൃത്യമായ മോണിറ്ററിങ്ങിന് സംവിധാനമില്ല. ഈ സ്ഥിതി മാറിയാല്‍ മാത്രമെ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂവെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അനിത കുമാരി അറിയിച്ചു.
അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് ബാങ്കുകള്‍ക്ക് വികസന സമിതി നിര്‍ദ്ദേശം നല്‍കി. പുകയില രഹിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം, വിപണനം എന്നിവ കുറയ്ക്കുന്നതിന് ആരോഗ്യ വകുപ്പ്, എക്‌സൈസ്, പോലീസ് എന്നിവയുടെ നേതൃത്വത്തില്‍ വിപുലമായ ബോധവല്‍ക്കരണം നടത്തും. പദ്ധതി വിജയിപ്പിക്കുന്നതിന് എല്ലാ വകുപ്പുകളും ഇതുമായി സഹകരിക്കണം. ആരോഗ്യ വകുപ്പ് മന്ത്രി വി.എസ് ശിവകുമാറിന്റെ പ്രത്യേക നിര്‍ദ്ദേശം മാനിച്ച് എല്ലാ ജില്ലാ വികസന സമിതി യോഗത്തിലും ഇതിന്റെ പുരോഗതി അവലോകനം ചെയ്യും.
എ.ഡി.എം പി.വി. ഗംഗാധരന്റെ അദ്ധ്യക്ഷനായി. പട്ടികവര്‍ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാ കുമാരി,
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, കല്‍പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ്, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ആര്‍. മണിലാല്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest