Connect with us

National

സ്വവര്‍ഗ്ഗ ലൈംഗികത കുറ്റമാകുന്ന നിയമം പുനഃപരിശോധിക്കുമെന്ന് ജെയ്റ്റ്‌ലി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് സ്വവര്‍ഗാനുരാഗം ക്രമിനല്‍ കുറ്റമാക്കിയ സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.
കോടതിയുടെ സമീപനം അരനൂറ്റാണ്ട് മുമ്പത്തെ സാഹചര്യങ്ങള്‍ക്ക് യോജിച്ചതാകാം. മാറിയ ലോക സാഹചര്യത്തില്‍ സുപ്രീം കോടതി മാറിച്ചിന്തിക്കേണ്ടതുണ്ട്. ലോകവ്യാപകമായി നിരവധി പേര്‍ സ്വവര്‍ഗ ലൈംഗികതയെ പിന്തുണക്കുമ്പോള്‍ അതിനെതിരെ കോടതിക്ക് മുഖംതിരിഞ്ഞുനില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2009 ല്‍ ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമല്ലാതാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് വിവിധ മതസംഘടനകള്‍ സമര്‍പ്പിച്ച അപ്പീലിനെ തുടര്‍ന്ന് വിധി റദ്ദാക്കിയ സുപ്രീം കോടതി സ്വവര്‍ഗ ലൈംഗികത കുറ്റമാണെന്ന് വിധിക്കുകയായിരുന്നു.
ജഡ്ജിമാരുടെ നിയമന കാര്യത്തില്‍ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനെ എതിര്‍ത്ത സുപ്രീം കോടിയുടെ തീര്‍പ്പ് ഭരണഘടനയുടെ അന്തഃസത്തക്ക് വിരുദ്ധമാണെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
ജഡ്ജിമാരുടെ നിയമനത്തിന് ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവ ശ്യപ്പെട്ടു.
ജഡ്ജിമാരുടെ നിയമന വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറും സുപ്രീം കോടതിയും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിര്‍ണായമായ രണ്ട് വിധികളെ വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ രംഗപ്രവേശം.
അതേസമയം, ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ജുഡീഷ്യറിയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഇത് ഭരണഘടനയുടെ അന്തഃസത്തക്ക് വിരുദ്ധമാണെന്നും കൂട്ടിച്ചേര്‍ത്തു.

Latest