Connect with us

Kerala

ബാര്‍ ലൈസന്‍സ് ഫീസ് കുറച്ചത് കെ ബാബു പറഞ്ഞിട്ടെന്ന് മുന്‍ നികുതി വകുപ്പ് സെക്രട്ടറിയുടെ മൊഴി

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് ഫീസ് 25 ലക്ഷത്തില്‍ 23 ലക്ഷമായി കുറച്ചത് മന്ത്രി കെ ബാബുവിന്റെ നിര്‍ദേശപ്രകാരമെന്ന മുന്‍ നികുതി സെക്രട്ടറി അജിത് കുമാറിന്റെ മൊഴി പുറത്തായി. ബാര്‍ ലൈസന്‍സിനുള്ള ഫീസ് 22 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമാക്കി ഉയര്‍ത്താന്‍ എക്‌സൈസ് കമ്മീഷണര്‍ നിര്‍ദേശിച്ചിരുന്നു. ഇത് ഭേഗദതി ചെയ്തത് എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ നിര്‍ദേശപ്രകാരമാണെന്ന് അജിത് കുമാര്‍ വിജിലന്‍സിന് നല്‍കിയ മൊഴിയില്‍ വെളിപ്പെടുത്തി.
അതേസമയം, ബാര്‍ ലൈസന്‍സ് ഫീ ഉയര്‍ത്താന്‍ തീരുമാനിച്ചെന്ന് ബാറുടമകളോട് പറഞ്ഞിരുന്നുവെന്ന് കെ ബാബു വിജിലന്‍സിനോട് സമ്മതിച്ചു. ഇതു സംബന്ധിച്ച് ബാബുവിന്റെ മൊഴിയും പുറത്തായിട്ടുണ്ട്. 2013 ഫെബ്രുവരി നാലിന് പ്രീ ബജറ്റ് മീറ്റിംഗ് ചേര്‍ന്നെന്നും ബാര്‍ ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്ന കാര്യം ബാറുടമകളോട് യോഗത്തില്‍ പറഞ്ഞതായും ബാബു മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ അങ്ങനെയൊരു യോഗം ചേര്‍ന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
എല്ലാ വര്‍ഷവും ബാറുടമകളുടെ യോഗം ചേരാറുണ്ട്. അവര്‍ തന്ന നിവേദനത്തെ തുടര്‍ന്നാണ് ഇത്തവണയും യോഗം ചേര്‍ന്നതെന്നാണ് ബാബുവിന്റെ മൊഴി. ബാര്‍ ലൈസന്‍സ് ഫീസ് 25 ലക്ഷമാക്കണമെന്ന് എക്‌സൈസ് കമ്മിഷണര്‍ ശിപാര്‍ശ ചെയ്തിരുന്നതായും ബാബു സമ്മതിക്കുന്നു. ഇതോടെ കമ്മീഷണറുടെ നിര്‍ദേശം അട്ടിമറിച്ച് ബാബു ബാറുടമകള്‍ക്ക് ഇളവ് നല്‍കിയെന്ന ആരോപണം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
ബാര്‍ ലൈസന്‍സ് ഫീസ് 18 ലക്ഷമാക്കി കുറക്കണമെന്നാണ് ബാര്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് താന്‍ പറഞ്ഞുവെന്നും ബാബു പറയുന്നു. പിന്നെ ഏതു സാഹചര്യത്തിലാണ് ലൈസന്‍സ് ഫീസ് 23 ലക്ഷമാക്കി തീരുമാനിച്ചതെന്നു വ്യക്തമാക്കുന്നില്ല. ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കാന്‍ പോകുന്നുവെന്ന പ്രതീയുണ്ടാക്കി കൈക്കൂലി വാങ്ങിയെന്ന ആരോപണം സാധൂകരിക്കുന്ന മൊഴികളുണ്ടായിട്ടും ഇതേക്കുറിച്ച് വിജിലന്‍സ് വിശദമായ അന്വേഷണം നടത്തിയിട്ടില്ല.

Latest