Connect with us

Articles

നാട്ടില് പെണ്ണുങ്ങളെ കണ്ട്‌ക്കോ...

Published

|

Last Updated

മാഹീലേ പെണ്ണുങ്ങളെ കണ്ട്‌ക്കോ എന്ന പാട്ട് കേള്‍ക്കുമ്പോള്‍ തന്നെ ദാമോദരന് കലി കയറും. മാഹിയിലെ കാര്യം അവിടെ നില്‍ക്കട്ടെ, കേരളത്തിലെ കാര്യം പറ എന്നാവും മനസ്സില്‍. പാട്ടു കഴിയുന്നത് വരെ ചെവിയില്‍ കൈയിട്ട് ഒരു ഇരുത്തമാണ്. ഒന്നും കേള്‍ക്കേണ്ടല്ലോ എന്ന മട്ടില്‍.
ദാമോദരന്റെ കലിപ്പിന് കാരണമിതാണ്. ഇയാള്‍ക്ക് നാല് ആണ്‍മക്കളാണ്. മൂത്തവന്‍ മുപ്പത് കടന്നു. ഇതുവരെ പെണ്ണ് കെട്ടിയിട്ടില്ല. ഈ ദുനിയാവിലാകെ നോക്കി. ശരിപ്പെട്ടിട്ടില്ല. ആരോടെങ്കിലും ഇക്കാര്യം പറയുമ്പോള്‍ അവരുടെ മറുപടി ഇങ്ങനെ. നാട്ടില് പെണ്ണില്ല ദാമോരാ…ഭാര്യ പെണ്ണ് കാര്യം പറഞ്ഞ് സൈ്വരം കെടുത്തുമ്പോള്‍ ഇതേ മറുപടിയാണ് ദാമോദരന്റെ വായില്‍ നിന്ന് വീഴുക.
പണ്ട് പല വീട്ടുകാരും പെണ്ണിനെ കല്യാണം കഴിപ്പിച്ചയക്കാന്‍, ക്ഷമിക്കണം, ഒരുത്തന്റെ കൂടെ ഇറക്കി വിടാന്‍ പെട്ട പാട് കറുത്ത മുത്തായി മനസ്സില്‍ നിറയും. പുര നിറഞ്ഞ് നില്‍ക്കുന്ന പെണ്ണുങ്ങളുള്ള കാര്യം. ഭാര്യ പെറ്റത് പെണ്ണാണെന്നറിയുമ്പോള്‍ തുടങ്ങുന്നു ഭര്‍ത്താവിന്റെ ആധി. അടങ്ങിയൊതുങ്ങി വീട്ടിനുള്ളിലിരുന്നോ പെണ്ണേ, നീയൊരു പെണ്ണല്ലേ എന്ന്… അമ്പത് പവന്‍, പണം വേറെ, വീട് മോടിയാക്കല്‍, കല്യാണച്ചെലവ്… എനിക്ക് രണ്ടും പെണ്ണാ നാട്ടുകാരേ എന്ന വിലാപ കാവ്യം…
അങ്ങനെയിരിക്കെ, ഒരു ദിവസം രാവിലെ ഭാര്യ പത്രവുമായി ദാമോദരന്റെ മുമ്പില്‍. പിന്നെ ഒരൊറ്റ അലാറം.
നോക്ക്, നാട്ടുകാര് പറഞ്ഞതെല്ലാം കളവാ, ജനസംഖ്യാ കണക്കെടുപ്പ് വന്നിട്ടുണ്ട്. ഇവിടെ ആണുങ്ങളേക്കാള്‍ പെണ്ണുങ്ങളാ കൂടുതലെന്ന്. പെണ്ണില്ലാ, പെണ്ണില്ലാ എന്ന് പറഞ്ഞിട്ട് ഇപ്പം പെണ്ണുങ്ങള്‍ കൂടുതലാ…
ദാമോദരന്‍ പത്രം അരിക്കാതെ പെറുക്കി. സംഗതി ശരിയാ. നാട്ടില് പെണ്ണുങ്ങള് കൂടുതലാ…
ആരോടെങ്കിലും പെണ്ണിന്റെ കാര്യം പറഞ്ഞാലുള്ള അനുഭവം ഇങ്ങനെ: അവരിപ്പം കല്യാണം കഴിക്കുന്നില്ല. പഠിക്കുകയാ.
എന്നാലും ചെറുക്കനെന്താ ജോലി?
കോണ്‍ക്രീറ്റ് പണിയാ, മോശമില്ലാത്ത വരുമാനമുണ്ട്. ടൗണില് പത്ത് സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. ചിട്ടി നാലെണ്ണം…
ഉദ്യോഗസ്ഥനെ കാത്തിരിക്കുകയാ…
എല്ലാവര്‍ക്കും ജോലിക്കാരനെ വേണംന്ന്… നാലെണ്ണമാ പുര നിറഞ്ഞ് നില്‍ക്കുന്നത്. മേലേപ്പറമ്പില്‍ ആണ്‍വീട്. നാട്ടിലാണെങ്കില്‍ പെണ്ണുങ്ങള്‍ പെരുകുകയാ…ദാമോദരന്‍ ആരോടെന്നില്ലാതെ ചൂടാകാന്‍ തുടങ്ങുമ്പോള്‍ അതാ വീണ്ടും പാട്ട്. അതോ മുദ്രാവാക്യമോ?
നാട്ടില് പെണ്ണുങ്ങളെ കണ്ട്‌ക്കോ….
നാലഞ്ചാളുകള്‍ ഇടവഴിയിലൂടെ വരികയാ. അവര്‍ കോണി കയറി പാട്ടുമായി കോലായില്‍ നിരന്നു.
നാട്ടില് പെണ്ണുങ്ങളെ കണ്ട്‌ക്കോ? വന്നവരുടെ ആദ്യ ചോദ്യം.
ഞാനും കുറെക്കാലമായി ചോദിക്കുന്നതിത് തന്നെയാ, നാട്ടില് പെണ്ണുങ്ങളെ കണ്ട്‌ക്കോ? ദാമോദരന്‍ പറഞ്ഞു.
ദാമോദരേട്ടാ, കാര്യായിട്ട് പറയുകയാ, നാട്ടില് പെണ്ണുങ്ങളെ കണ്ട്‌ക്കോ? ശശീന്ദ്രന്‍ പറഞ്ഞു.
അത് തന്നെയാ പറയുന്നത്, എന്റെ മൂത്തമോന് ഒരു പെണ്ണ്. ഇതുവരെ ശരിയായിട്ടില്ല. ദാമോദരന്‍ വിശദീകരിച്ചു.
ഞങ്ങള്‌ടെ മൂന്നാള്‌ടേം ഭാര്യമാര് പഞ്ചായത്ത് മെമ്പറായി. വീട്ടില് ആളില്ലാതായി. വീട്ട്‌ജോലിക്ക് ആരെയെങ്കിലും കിട്ടുമോന്ന് നോക്കാന്‍ വന്നതാ.
രാപ്പകലില്ലാതെ നാട്ടുകാരെ സേവിച്ച്, സേവിച്ച് പിന്നെ എന്തെങ്കിലും വേവിക്കാന്‍ സമയമുണ്ടാകുമോ, പാര്‍ട്ടിക്കാരേ…അല്ല, നിങ്ങള് തിരഞ്ഞെടുപ്പ് കാലത്തും ഇവിടെ വന്നിരുന്നല്ലോ? ദാമോദരന്‍ ചോദിച്ചു.
ശരിയാ, ദാമോദരേട്ടാ, അന്ന് സ്ഥാനാര്‍ഥിയാകാന്‍ പെണ്ണ് തേടിയിറങ്ങിയതാ. ആരെയും കിട്ടാതായപ്പോള്‍ ഞങ്ങള്‌ടെ ഭാര്യമാരെ തന്നെ സ്ഥാനാര്‍ഥിയാക്കി. കാലക്കേടിന് ജയിച്ചുപോയി. ഇപ്പോ, വീട്ടില് ആളില്ല, അടുപ്പില്‍ തീ പുകയണ്ടേ? നിങ്ങള്‌ടെ അറിവില് വീട്ടുജോലിക്ക് പറ്റിയ പെണ്ണുങ്ങള്‍…മലയാളിയില്ലെങ്കില്‍ ബംഗാളിയായാലും മതി!

Latest