Connect with us

National

മാന്‍കി ബാത്തില്‍ സാമൂഹിക പ്രശ്‌നങ്ങളുണര്‍ത്തി പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പതിനാലാമത് മാന്‍കി ബാത്ത് റേഡിയോ പ്രഭാഷണം. കാലാവസ്ഥാ വ്യതിയാനത്തിനും അന്തരീക്ഷ മലിനീകരണത്തിനുമെതിരെ രാജ്യം ഒറ്റക്കെട്ടായി നീങ്ങണമെന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി തുടര്‍ച്ചയായുണ്ടാകുന്ന ഭൂകമ്പങ്ങളുടെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണത്തിന് ഇന്ത്യയും പാകിസ്ഥാനും സംയുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ആവശ്യപ്പെട്ടു.
പാരീസില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ മോദിയുടെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്. ചെന്നൈയിലെ പ്രളയത്തില്‍ ദുരിതബാധിതരായവര്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കീ ബാത് തുടങ്ങിയത്. ആഘോഷവേളയില്‍ തമിഴ്‌നാട്ടിലുണ്ടായ വെള്ളപ്പൊക്കവും മരണവും ദുഖകരമാണ്.
എന്നാല്‍ ഇതെല്ലാം മറികടക്കാനുള്ള ശക്തി തമിഴ്‌നാടിനുണ്ടെന്നാണ് എന്റെ വിശ്വാസം. തമിഴ്‌നാട്ടിലെ വെള്ളപ്പൊക്കത്തിലുണ്ടായ ദുരന്തത്തില്‍ അനുശോചിച്ച അദ്ദേഹം അവയവദാനത്തിന് തയ്യാറാവാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. അന്താരാഷ്ട്ര അവയവദാന ദിനമായ നവംബര്‍ 27ന് രാജ്യത്ത് പ്രമുഖ വ്യക്തികളടക്കം നിരവധി പേര്‍ അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ചതിനെ അഭിനദിച്ച മോദി അവയവദാനം മഹത്തായ സേവനവും ത്യാഗവുമാണെന്നും അഭിപ്രായപ്പെട്ടു.
നേപ്പാള്‍ ഭൂകമ്പത്തിന്റെയും ഉത്തരേന്ത്യയില്‍ കഴിഞ്ഞ മാസമുണ്ടായ ഭൂചലനങ്ങളുടെയും പശ്ചാത്തലത്തില്‍ ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ഫോണില്‍ ചര്‍ച്ച നടത്തിയെന്ന് മോദി വ്യക്തമാക്കി. ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണം ആഗോള താപനമടക്കമുള്ള പ്രശ്‌നങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ ജനങ്ങള്‍ എല്ലായ്‌പ്പോഴും ഒന്നിച്ചു നിന്നു പ്രവര്‍ത്തിക്കണമെന്നും, സാര്‍ക്ക് രാജ്യങ്ങള്‍ക്കായി ഒരു ദുരന്തനിവാരണ പദ്ധതിയെപ്പറ്റി താന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സൗരോര്‍ജമുപയോഗിച്ച് ഒരു ഗ്രാമത്തിനു മുഴുവന്‍ വിളക്കുകള്‍ നല്‍കിയ ഒഡീഷയിലെ ബാലാസുര്‍ ജില്ലയിലെ നൂര്‍ജഹാനെ മോദി അഭിനന്ദിച്ചു. ആരോഗ്യ രംഗത്തെ ആശ ജീവനക്കാര്‍ക്ക് കൂടുതല്‍ ഹോണറേറിയം നല്‍കാനുളള നടപടിയെടുക്കുമെന്നും മോദി വ്യക്തമാക്കി.
സാര്‍ക് രാജ്യങ്ങള്‍ സംയുക്തമായി ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയാറാകണം. പാരീസില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ രാജ്യം ഒന്നിച്ചു നീങ്ങണമെന്നും മോദി ആവശ്യപ്പെട്ടു.

Latest