Connect with us

National

തരുണ്‍ ഗൊഗോയിക്ക് പിന്തുണയുമായി കെജ്‌രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: അസാം ഗവര്‍ണറുടെ സംഘ്പരിവാര്‍ ആഭിമുഖ്യത്തിനെതിരെ പരസ്യാമായി പ്രതികരിച്ച മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിക്ക് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അസമിലെ ആക്റ്റിംഗ് ഗവര്‍ണര്‍ പദ്മനാഭ ബാലകൃഷ്ണ ആചാര്യ ബി ജെ പി വക്താവിനെപ്പോലെയാണ് പെരുമാറുന്നതെന്ന ആരോപണവുമായി അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് കഴിഞ്ഞ ദിവസം രംഗത്തെത്തുയിരുന്നു. ഗവര്‍ണറുടെ ഓഫീസ് ബി ജെ പി ഉപ ഓഫീസാക്കി മാറ്റിയ ബാലകൃഷ്ണ ആചാര്യയെ മാറ്റി പകരം പുതിയ ആളെ നിയമിക്കുന്നതിന് രാഷ്ട്രപതി ഇടപെടണമെന്നും തരുണ്‍ ഗൊഗോയ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മുഖ്യയമന്ത്രി രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.
ഇതിനിടെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തരുണ്‍ ഗൊഗോയിയെ പിന്തുണച്ച് രംഗത്തെത്തിയത്. ഡല്‍ഹിയില്‍ അധികാരമേറ്റതുമുതല്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടെപെടുന്ന ബി ജെ പി അനുഭാവിയായ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജംഗുമായി ഏറ്റുമുട്ടുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ തന്റെ ട്വിറ്ററിലൂടെയാണ് തരുണ്‍ ഗൊഗോയിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഫെഡറലിസത്തെ തകര്‍ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ് ഗവര്‍ണര്‍മാരെ സ്വാധീനിക്കാനുള്ള നീക്കമെന്ന് കേജ്‌രിവാള്‍ ആരോപിച്ചു. ഭരണഘടനാ വിരുദ്ധമായ ഇടപെടലുകളിലൂടെ ഗവര്‍ണര്‍മാര്‍ ബി ജെ പിക്ക് പാദസേവ ചെയ്യുകയാണെന്നു ഇത്തരത്തില്‍ പരാതിയുള്ള മുഖ്യമന്ത്രിമാരുടെ എണ്ണം കൂടിവരികയാണെന്നും കേജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
ഗവര്‍ണര്‍ എന്ന നിലയിലുള്ള തന്റെ ഭരണഘടനാപരമായ കടമകളും ബി ജെ പിയും ആര്‍ എസ് എസുമായി ബന്ധപ്പെട്ടു കിടക്കുന്ന തന്റെ രാഷ്ട്രീയപരവും പ്രത്യയശാസ്ത്രപരവുമായ അഭിപ്രായങ്ങളും തമ്മില്‍ വേര്‍തിരിച്ചു കാണാതെയുള്ള പ്രവര്‍ത്തനമാണ് ബാലകൃഷ്ണ ആചാര്യയു നടത്തുന്നതെന്നും ഗൊഗോയ് ആരോപിക്കുന്നുണ്ട്.
പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനം തടസപ്പെടുത്തുകയും മതസൗഹാര്‍ദം തകര്‍ക്കുയും ചെയ്യുന്ന നടപടികളാണ് അസം ആക്ടിംഗ് ഗവര്‍ണര്‍ ബാലകൃഷ്ണ ആചാര്യയുടേതെന്ന് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് രഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കഴിഞ്ഞ ദിവസം അയച്ച കത്തില്‍ പരാമര്‍ശിച്ചിരുന്നു. സംസ്ഥാനത്തിന്റെ മതനിരപേക്ഷതക്ക് ഭീഷണി ഉയര്‍ത്തുന്നുവെന്നും ഗവര്‍ണര്‍ക്കെതിരെ തരുണ്‍ ഗൊഗോയ് ആരോപണം ഉന്നയിച്ചിരുന്നു.

Latest