Connect with us

Kozhikode

രാജീവന്‍ യാത്രയായത് രണ്ട് പുതുജീവിതം പകര്‍ന്ന്

Published

|

Last Updated

കൊയിലാണ്ടി: കണ്ണങ്കടവില്‍ ഫൈബര്‍ വെളളം അപകടത്തില്‍പെട്ട് മരിച്ച പരീക്കണ്ടി പറമ്പില്‍ രാജീവനും പരീക്കണ്ടി പറമ്പില്‍ സഹദേവനും നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വളളമാണ് കോരപ്പുഴ അഴിമുഖത്ത് വെച്ച് ശനിയാഴ്ച രാത്രി ഏഴ് മണിയോടെ അപകടത്തില്‍ പെട്ടത്.മണല്‍ത്തിട്ടയില്‍ ഇടിച്ച് ബോട്ട് തകരുകയായിരുന്നു.ശക്തമായ വേലിയിറക്കത്തെ തുടര്‍ന്ന് തൊഴിലാളികള്‍ ഒഴുക്കില്‍ പെടുകയും ചെയ്തു.
സഹദേവനേയും രാജീവനേയും കൂടാതെ കണ്ണങ്കടവ് സ്വദേശികളായ പരീക്കണ്ടി പറമ്പില്‍ മൊയ്തീന്‍കോയ(48),പരീക്കണ്ടി പറമ്പില്‍ പ്രേമന്‍(40),ഒറീസ സ്വദേശികളായ ചന്ദ്രന്‍ ബെഹ്ര (50),ശിവബെഹ്ര(28),ധാനി ബെഹ്ര(50) എന്നിരാണ് പരീക്കണ്ടി പറമ്പില്‍ രാമന്റെ ഉടമസ്ഥതയിലുളള “രാമനാമം ” എന്നപേരിലുളള ഫൈബര്‍ വളളത്തില്‍ ഉണ്ടായിരുന്നത്.അപകടത്തില്‍പ്പട്ടവരെ രക്ഷിക്കാന്‍ കരയില്‍നിന്നും ആളുകള്‍ എത്തുന്നതിനു മുമ്പേ കൂട്ടാളികളെ രക്ഷപ്പെടുത്താന്‍ മരിച്ച രാജീവന്‍ കഠിന പരിശ്രമമാണ് നടത്തിയത്.
മൊയ്തീന്‍ കോയയേയും പ്രേമനേയും സ്വന്തം ജീവന്‍ സുരക്ഷിതമാക്കാതെയാണ് രാജീവന്‍ രക്ഷപ്പെടുത്തിയത്. സഹദേവനെ കൂടി രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് രാജീവനും വെളളത്തില്‍ മുങ്ങിപ്പോയത്. നീന്തി രക്ഷപ്പെടാമായിരുന്നിട്ടും സഹപ്രവര്‍ത്തകര്‍ക്ക് പുതുജീവിതം പകര്‍ന്നാണ് രാജീവന്‍ മരണത്തിനു കീഴടങ്ങിയത്.
രാജീവന്റേയും സഹദേവന്റേയും മൃതദേഹം ഇന്നലെ രാവിലെയാണ് കണ്ടെത്താനായത്.രാജീവന്റെ മൃതദേഹം ഞായറാഴ്ച കാലത്ത് ഏഴു മണിയോടെ പുതിയാപ്പ ഹാര്‍ബര്‍ പരിസരത്ത് വെച്ചും സഹദേവന്റേത് സംഭവസ്ഥലത്തിനടുത്തുളള പാറയിടുക്കില്‍ നിന്നുമാണ് കണ്ടെത്തിയത്.
കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ കണ്ണങ്കടവില്‍ പൊതു ദര്‍ശനത്തിനു വെച്ചു. മന്ത്രി രമേശ് ചെന്നിത്തല, കെ ദാസന്‍ എം എല്‍ എ, ചേമഞ്ചരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട്, കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ കെ സത്യന്‍, വിവിധ രാഷ്ടീയ നേതാക്കള്‍ ഉള്‍പ്പെടെയുളള വന്‍ജനാവലിയാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.