Connect with us

National

തടഞ്ഞുവെച്ച 13 ഇന്ത്യന്‍ സൈനികരെ നേപ്പാള്‍ വിട്ടയച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യാന്തര അതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് നേപ്പാള്‍ പോലീസ് തടഞ്ഞുവെച്ച 13 ഇന്ത്യന്‍ സൈനികരെ നേപ്പാള്‍ പോലീസ് വിട്ടയച്ചു. നേപ്പാള്‍ അതിര്‍ത്തി സുരക്ഷാ ചുമതലയുള്ള എസ് എസ് ബി സൈനികരെയാണ് നേപ്പാള്‍ വിട്ടയച്ചത്. ഇന്നലെ പുലര്‍ച്ചെ ഡീസല്‍ കടത്തുകാരുടെ സംഘത്തെ പിന്തുടരവെയാണ് ഇന്ത്യന്‍ സൈനികര്‍ അബദ്ധത്തില്‍ അതിര്‍ത്തികടന്ന് നേപ്പാളില്‍ എത്തിയത്. ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലാ അതിര്‍ത്തിയിലായിരുന്നു സംഭവം.
ഇന്നലെ അര്‍ധരാത്രി എസ് എസ് ബിയുടെ പന്ത്രണ്ടാം ബറ്റാലിയനില്‍പ്പെട്ട 13 പേരടങ്ങിയ സംഘം പരിശോധനകള്‍ക്കിടെ 1500 ലീറ്റര്‍ ഡീസല്‍ പിടികൂടി. പിന്നീട് ഡീസല്‍ കടത്തിയവരെ പിന്തുടര്‍ന്ന് പോകവെയാണ് ഇവര്‍ അബദ്ധത്തില്‍ അതിര്‍ത്തി കടക്കുകയും നേപ്പാളിലെ ജാപ്പ ജില്ലയില്‍ നേപ്പാള്‍ ആംഡ് പോലീസ് ഫോഴ്‌സിന്റെ (എ പി എഫ്) പിടിയിലാകുകയും ചെയ്തത്.
ഇന്ത്യന്‍ സൈനികസംഘത്തില്‍ നാല് പേര്‍ ആയുധധാരികളായിരുന്നുവെന്നത് പ്രശ്‌നം സങ്കീര്‍ണമാക്കിയിരുന്നു. എസ് എസ് ബി ഡയറക്ടര്‍ ജനറല്‍ ബി ഡി ശര്‍മയും എ പി എഫ് ചീഫ് ഐ ജി കേശ് രാജ് ഒന്‍ഡയും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ സൈനികരെ ഇന്ത്യക്ക് കൈമാറുകയായിരുന്നു.
രണ്ട് മാസത്തിലേറെ ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തി അടഞ്ഞുകിടന്നതിനെ തുടര്‍ന്ന് അതിര്‍ത്തി വഴി നേപ്പാളിലേക്ക് പെട്രോളും ഡീസലും കടത്തുന്നത് പതിവായിരുന്നു. ഇത് തടയാനായി അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുള്ള സശസ്ത്ര സീമാബാല്‍ (എസ് എസ് ബി) നിരീക്ഷണം കര്‍ശനമാക്കി. ഇന്ത്യക്കും നേപ്പാളിനും ഇടയില്‍ 1,751 കിലോമീറ്ററോളം വരുന്ന അതിര്‍ത്തി ഉള്‍പ്പെടെ ഇന്ത്യ- നേപ്പാള്‍- ഭൂട്ടാന്‍ അതിര്‍ത്തികളില്‍ സേവനം ചെയ്യുന്ന അര്‍ധസൈനിക വിഭാഗമാണ് സശസ്ത്ര സീമാ ബല്‍.