Connect with us

National

ജുഡീഷ്യറി ഇന്ത്യന്‍ ഭരണഘടനയുടെ രക്ഷാകര്‍ത്താവ്: രാം ജത്മലാനി

Published

|

Last Updated

കൊച്ചി: പാര്‍ലിമെന്റ് പാസാക്കുന്ന നിയമങ്ങള്‍ മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ അവ റദ്ദാക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്ന് പ്രമുഖ നിയമജ്ഞനും മുന്‍ കേന്ദ്രമന്ത്രിയുമായ രാം ജത്മലാനി.
പരമാധിക സഭയായ ബ്രിട്ടീഷ് പാര്‍ലിമെന്റ് പാസാക്കുന്ന നിയമങ്ങള്‍ റദ്ദാക്കാന്‍ ഇംഗ്ലണ്ടിലെ കോടതിക്ക് അധികാരമില്ല. എന്നാല്‍, ഇന്ത്യയില്‍ എന്നും ഭരണഘടനയുടെ രക്ഷകര്‍ത്താവ് ജുഡീഷ്യറിയാണെന്നും അതിന്റെ പരമാധികാരം ചോദ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രോസിക്യൂഷന്‍ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ സംസ്ഥാനത്തെ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കായി സംഘടിപ്പിച്ച “വെള്ളക്കോളര്‍ കുറ്റങ്ങള്‍” സംബന്ധിച്ച ഏകദിന പഠനശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ജത്മലാനി.
രാജ്യത്തെ ഏറ്റവും വലിയ വ്യവഹാരി സര്‍ക്കാറാണ്. അതിനാല്‍ സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നതില്‍ ഭരണകൂടത്തിന് യാതൊരുവിധ പങ്കും ഉണ്ടാകാന്‍ പാടില്ല. ദേശീയ ജൂഡീഷ്യല്‍ നിയമന കമ്മീഷന്‍ നിയമവും 99ാം ഭരണഘടനാ ഭേദഗതിയും ഭരണഘടനാവിരുദ്ധമാണെന്ന കാരാണത്താല്‍ റദ്ദ് ചെയ്ത സുപ്രീം കോടതി വിധി ഭരണഘടനാപരമായി പരിപൂര്‍ണാര്‍ഥത്തില്‍ ശരിയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഭരണപ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന് ഏകകണ്ഠമായി പാസാക്കിയ 99ാം ഭരണഘടനാ ഭേദഗതി നിയമവും ജൂഡീഷ്യല്‍ നിയമന കമ്മീഷന്‍ നിയമവും ജഡ്ജിമാരെ നിയമിക്കുന്നതില്‍ നിലവിലുള്ള സമ്പ്രദായം അട്ടിമറിക്കാനുള്ള ഭരണപ്രതിപക്ഷ കക്ഷികള്‍ നിയമ വ്യവസ്ഥക്കെതിരെ നടത്തിയ വന്‍ ഗൂഢാലോചനയാണെന്നും രാം ജത്മലാനി പറഞ്ഞു.
ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ബില്‍ രാജ്യസഭയില്‍ വോട്ടിനിട്ടപ്പോള്‍ ഭരണ പ്രതിപക്ഷ ഭേദമന്യേ മുഴുവന്‍ അംഗങ്ങളും അനുകൂലിച്ചപ്പോള്‍ എതിര്‍ത്ത് വോട്ട് ചെയ്ത ഒറ്റപ്പെട്ട അംഗം താനാണെന്നും അതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിക്കും ഇരക്കും നിയമവും ഭരണഘടനയും ഉറപ്പുനല്‍കുന്ന എല്ലാ അവകാശങ്ങളും നല്‍കികൊണ്ടുള്ള നിഷ്പക്ഷവും നീതിപൂര്‍വവുമായ കുറ്റവിചാരണക്ക് നേതൃത്വം നല്‍കുന്നവരായിരിക്കണം പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരെന്ന് രാംജത് മലാനി അഭ്യര്‍ഥിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി ആസഫ് അലി അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി, അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ കെ എ ജലീല്‍ പ്രസംഗിച്ചു. ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ (അഡ്മിനിസ്‌ട്രേഷന്‍) വി സി ഇസ്മാഈല്‍ സ്വാഗതം പറഞ്ഞു.
ദേശീയ ജുഡീഷ്യല്‍ അക്കാദമി സ്ഥാപക ഡയറക്ടര്‍ ഡോ. എന്‍ ആര്‍ മാധവ മേനോന്‍, മുന്‍ കര്‍ണാടക അഡ്വക്കറ്റ് ജനറല്‍ ബി വി ആചാര്യ എന്നിവര്‍ പ്രഭാഷണം നടത്തി. വെള്ളക്കോളര്‍ കുറ്റത്തെ സംബന്ധിച്ച ചര്‍ച്ചയില്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി ആസഫ് അലി, അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടോം ജോസ് പടിഞ്ഞാറേക്കര, പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ പി കെ സജീവന്‍, കെ ബി രണേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.