Connect with us

Malappuram

പ്രഭാവതിക്ക് സഹപാഠികളുടെ ഊഷ്മള സ്വീകരണം

Published

|

Last Updated

വളാഞ്ചേരി: റാഞ്ചിയില്‍ നടന്ന ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റിലെ ഇരട്ട സ്വര്‍ണ ജേതാവും കടകശ്ശേരി ഐഡിയല്‍ ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുമായ പ്രഭാവതിക്ക് കുറ്റിപ്പുറം റയില്‍വേ സ്റ്റേഷനില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. ഐഡിയല്‍ ട്രസ്റ്റ് ഭാരവാഹികള്‍, പി ടി എ ഭാരവാഹികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ച് ആനയിച്ചു. ദേശീയ അത്‌ലറ്റിക്‌സ് മീറ്റില്‍ ട്രയാത്ത്‌ലണ്‍, ലോംഗ് ജമ്പ് ഇനങ്ങളിലാണ് പ്രഭാവതി സ്വര്‍ണം നേടിയത്. കഴിഞ്ഞ വര്‍ഷം ദേശീയ, സംസ്ഥാന മീറ്റുകളില്‍ സ്വര്‍ണമടക്കം നിരവധി മെഡലുകള്‍ ഈ മിടുക്കി നേടിയിട്ടുണ്ട്. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന അത്‌ലറ്റിക്‌സ് അസോസിയേഷന്‍ സെക്രട്ടറി പ്രൊഫ. എം വേലായുധന്‍കുട്ടി പ്രഭാവതിയെ ഹാരമണിയിച്ച് സ്വീകരിച്ചു. കുറ്റിപ്പുറം എസ് ഐ ജോസ് കുര്യന്‍, തവനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബ്രമണ്യന്‍, വൈസ് പ്രസിഡന്റ് സുബൈദ ഉണ്ണികുട്ടി, കോച്ച് നദീഷ് ചാക്കോ, വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്റ് പി കുഞ്ഞാവു ഹാജി എന്നിവര്‍ സംബന്ധിച്ചു. തുടന്ന് നടന്ന സ്വീകരണ ഘോഷയാത്രയില്‍ ബാന്‍ഡ് മേളം, പഞ്ചവാദ്യം, എസ് പി സി, ഐഡിയല്‍ സ്‌പോര്‍ട്‌സ് വിദ്യാര്‍ഥികള്‍ എന്നിവയുടെ അകമ്പടിയോടെ പ്രഭാവതിയെ കുതിരപ്പുറത്താണ് ആനയിച്ചത്.