Connect with us

Palakkad

എ വി ഗോപിനാഥനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാന്‍ നവമാധ്യമങ്ങളില്‍ വന്‍ പ്രചരണം

Published

|

Last Updated

വടക്കഞ്ചേരി: മുന്‍ ഡി സി സി പ്രസിഡന്റും എം എല്‍ എയുമായ എ വി ഗോപിനാഥനെ വീണ്ടും ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനാക്കാന്‍ നവമാധ്യമ കൂട്ടായ്മകളില്‍ വന്‍തോതിലുള്ള പ്രചാരണങ്ങളാണ് ദിനം പ്രതി ഒഴുകി കൊണ്ടിരിക്കുന്നത്.
സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് അധികവു പോസ്റ്റുകള്‍ നവമാധ്യമങ്ങളില്‍ കാണുന്നത്, ജില്ലയിലെ കോണ്‍ഗ്രസിനെ രക്ഷിക്കൂ, എ പി ജിയെ വിളിക്കൂ, തിരഞ്ഞെടുപ്പിലെ തോല്‍വി ഏറ്റെടുത്ത് നിലവിലെ പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ രാജിവെക്കൂ തുടങ്ങിയ ആവശ്യങ്ങളാണ് കൂടുതലും കാണുന്നത്, പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തോല്‍വി ഏറ്റെടുത്ത് സ്വയം രാജിവെച്ച് പടിക്കിറങ്ങിയ മലപ്പുറം ഡി സി സി പ്രസിഡന്റിന് അഭിവാദ്യങ്ങളും ഉയരുന്നുണ്ട്. പാലക്കാടിലും ഇത് പോലെ രാജിവെക്കണം എന്നതാണ് ഇവരുടെ ആവശ്യം, നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം പ്രതിസന്ധികള്‍ രംഗത്ത് വന്നത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് തലവേദനയായിട്ടുണ്ട്.
നിലവില്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നാലു ഗ്രൂപ്പുകള്‍ പരസ്യമായി ഉള്ളപ്പോള്‍ എ വിയെ സ്‌നേഹിക്കുന്ന പ്രവര്‍ത്തകര്‍ എന്ന പേരിലും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. എ വി ജി ഗ്രൂപ്പിന് തുടക്കം കുറിക്കാനാണ് പ്രവര്‍ത്തകരുടെ ഭാഷ്യം.
എ വി യോടൊപ്പം പ്രവര്‍ത്തകര്‍മാത്രമല്ല ചില നേതാക്കളും രംഗത്തുണ്ടെങ്കിലും ആരും പരസ്യ പിന്തുണയുമായി രംഗത്ത് വന്നിട്ടില്ല. യൂത്ത് കോണ്‍്ഗ്രസിന്റെ പ്രവര്‍ത്തകരാണ് എ വിക്കായി പ്രചരണവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
കെ പി സി സി പ്രസിഡന്റിന് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരില്‍ പോസ്റ്റ് ചെയ്ത തുറന്നകത്തും ഇതിനോടകം വന്‍ പ്രചരണം നേടി കഴിഞ്ഞു. നിലവില്‍ പെരിങ്ങോട്ടുകുര്‍ശി പഞ്ചായത്തായി ഭരണം നടത്തുന്ന എ വി ജില്ലയിലെ പല പഞ്ചായത്തുകളിലും സംഘടിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ പരിപാടികള്‍ക്കും ഉദ്ഘാടകനായി എത്തുന്നുണ്ട്. കോണ്‍ഗ്രസില്‍ ഇന്ന് എ വിക്ക് വെറും മൂന്ന് രൂപയുടെ മെമ്പര്‍ഷിപ്പ് മാത്രമാണുള്ളതെങ്കിലും കോണ്‍ഗ്രസ് ഗ്രൂപ്പിലെ സ്‌നേഹിക്കുന്നവര്‍ വിളിച്ചാല്‍ എ വി എത്തുമെന്നാണ് ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.
പല പഞ്ചായത്തുകളിലും സംഭവിച്ച തോല്‍വിയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് തിരിഞ്ഞ് പ്രതിഷേധിക്കുന്നതും എ വിക്കായുള്ള പ്രചരണവും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ വെട്ടിലാക്കിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചില്ലെങ്കില്‍ വന്‍തിരിച്ചടിയായിരിക്കും ജില്ലയില്‍ കോണ്‍ഗ്രസ് നേരിടുക.
ഗ്രൂപ്പ് പേരിന്റെ മറവില്‍ പല നേതാക്കളെയും കാലു വാരി തോല്‍പ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും ജില്ലാ നേതൃത്വം ഇത് വരെ നടപടിയൊന്നും സ്വീകരിച്ചിട്ടുമില്ല.

Latest