Connect with us

Kerala

പാറ്റൂര്‍ ഭൂമിയിടപാട്: വി എസ് മുഖ്യമന്ത്രിക്കെതിരെ കോടതിയില്‍

Published

|

Last Updated

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കോടതിയില്‍. ഭൂമിയിടപാടില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് വി എസ് പരാതി നല്‍കി. കോടതിയില്‍ നേരിട്ടെത്തിയാണ് വി എസ് ഹരജി നല്‍കിയത്. വി എസ് നല്‍കിയ കേസ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ ഡിസംബര്‍ 30ന് കോടതി വാദം കേള്‍ക്കും.

പാറ്റൂര്‍ ഭൂമി സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. പാറ്റൂരില്‍ അധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റിന്റെ 16 സെന്റ് ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി അറിയാതെയാണ് ഈ ഭൂമിയിയിലുണ്ടായിരുന്ന കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചത്. ഇക്കാര്യവും സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്.

നിയമവിരുദ്ധമായ ഈ രണ്ട് കാര്യത്തിലും നടപടിയെടുക്കണമെന്ന ഫയല്‍ മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിക്കുകയായിരുന്നു. ഫ്ളാറ്റ് ഉടമകളെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലാണ് ഇതെന്ന് കോടതിയെ ബോധിപ്പിക്കാനും നിയമനടപടി സ്വീകരിക്കാനുമാണ് കോടതിയെ സമീപിച്ചതെന്ന് ഹരജി നല്‍കിയതിനുശേഷം വിഎസ് മാധ്യമങ്ങളോട് പറഞ്ഞു.

Latest