Connect with us

Gulf

തലസ്ഥാനം ശുചിത്വ നഗരിയാക്കാന്‍ ലക്ഷ്യമിട്ട് തദ്‌വീര്‍

Published

|

Last Updated

അബുദാബി: തലസ്ഥാനമായ അബുദാബിയിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാന്‍ അബുദാബി വേസ്റ്റ് മാനേജ്‌മെന്റ് മാസ്റ്റര്‍ പ്ലാന്‍ 2040 പദ്ധതിയുമായി “തദ്‌വീര്‍”(അബുദാബി സെന്റര്‍ ഓഫ് വേസ്റ്റ് മാനേജ്‌മെന്റ്). വര്‍ധിച്ചുവരുന്ന മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മാലിന്യങ്ങള്‍ കുറക്കാനും ശാസ്ത്രീയമായ രീതിയിലൂടെ അവ സംസ്‌കരിക്കാനും പുനരുപയോഗം തുടങ്ങിയവ ആവിഷ്‌കരിക്കാനാണ് ഒരുങ്ങുന്നത്.
മാലിന്യ സംസ്‌കരണത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിലെ കുറവ്, വിവര ശേഖരണത്തിലെ പരിമിതികള്‍, പുനരുപയോഗം ചെയ്യാതിരിക്കല്‍, എമിറേറ്റിലെ ജനസംഖ്യാനിരക്ക് വര്‍ധനവ് തുടങ്ങിയവയാണ് മാലിന്യ സംസ്‌കരണ രംഗത്ത് നേരിടുന്ന പ്രശ്‌നങ്ങള്‍.
മാലിന്യത്തില്‍ നിന്ന് വരുമാനം കണ്ടത്തൊനുള്ള മാര്‍ഗങ്ങളും പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നുണ്ട്. 1.2 കോടി ടണ്‍ മാലിന്യമാണ് 2013ലെ കണക്ക് പ്രകാരം അബുദാബിയില്‍ ഉണ്ടായിരുന്നത്. പ്രതിദിനം മാലിന്യവുമായി 2,000 ലോറികളാണ് അല്‍ ദഫ്‌റയിലെ ലാന്റ്ഫില്‍ കേന്ദ്രങ്ങളിലെത്തുന്നത്. നഗരത്തില്‍ കൂടുതലും ഭക്ഷണാവശിഷ്ടങ്ങളും വീട്ടു മാലിന്യങ്ങളുമാണ് പുറംതള്ളുന്നത്. ജനങ്ങളുടെ അശ്രദ്ധയും അവബോധമില്ലായ്മയും കാരണം ടണ്‍ കണക്കിന് ഭക്ഷണ പദാര്‍ഥങ്ങളാണ് പാഴാക്കിക്കളയുന്നത്. ഈ സാഹചര്യത്തിലാണ് ജനങ്ങളെ ബോധവത്കരിച്ച് മാലിന്യങ്ങള്‍ തള്ളുന്നത് ഒഴിവാക്കാനും ശാസ്ത്രീയമായ സംസ്‌കരണത്തിനും “തദ്‌വീര്‍”പദ്ധതിയുമായി മുന്നോട്ടുവന്നത്.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച രീതിയിലുള്ളതാണ് അബുദാബിയിലെ മാലിന്യ ശേഖരണ സംവിധാനമെന്ന് തദ്‌വീര്‍ മാസ്റ്റര്‍ പ്ലാന്‍ കണ്‍സള്‍ട്ടന്റായ ഇമോണ്‍ തിമോണി പറഞ്ഞു. ജനസംഖ്യയുടെ 80 ശതമാനവും പ്രവാസികളായതിനാല്‍ മാലിന്യ സംസ്‌കരണത്തെക്കുറിച്ച് ബോധവത്കരണവും അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇപ്പോള്‍ തന്നെ നാം ഊര്‍ജസ്വലരാകണമെന്ന് തദ്‌വീര്‍ ജനറല്‍ മാനേജര്‍ ഈസ അല്‍ ഖുബൈസി പറഞ്ഞു. അബുദാബി പാരിസ്ഥിതിക ഏജന്‍സി അടക്കമുള്ള വിഭാഗങ്ങളുമായി സഹകരിച്ചാണ് തദ്‌വീറിന്റെ പ്രവര്‍ത്തനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാലിന്യത്തില്‍ നിന്ന് ഊര്‍ജ ഉല്‍പാദനത്തിനും “തദ്‌വീര്‍” താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് മാറ്റുന്ന മാലിന്യത്തിന്റെ സിംഹഭാഗവും സംസ്‌കരിക്കാനാണ് ലക്ഷ്യമിടുന്നത്. പുറംതള്ളുന്ന മാലിന്യങ്ങളെ ഉത്പന്നമാക്കി മാറ്റിയാല്‍ വരുമാനത്തിലും വര്‍ധനയുണ്ടാകുമെന്ന് കണക്കാക്കുന്നു. 2021 ഓടെ യു എ ഇയിലെ മാലിന്യങ്ങള്‍ 85 ശതമാനമായി കുറക്കുക എന്ന പദ്ധതി പ്രാവര്‍ത്തികമാക്കാനും മാസ്റ്റര്‍ പ്ലാനിലൂടെ ലക്ഷ്യമിടുന്നുണ്ട്.

Latest