Connect with us

Articles

ദുരിതത്തിന്റെ കൈമാറ്റങ്ങളും വിഷമാലിന്യ പ്രവാഹങ്ങളും

Published

|

Last Updated

വൃത്തി, മാലിന്യം എന്നിവ രാഷ്ട്രീയ നിരപേക്ഷമായ പ്രതിഭാസങ്ങളാണെന്നാണ് സാമാന്യബോധം വിശ്വസിക്കുന്നത്. അതു കൊണ്ടാണ്, ഇന്ത്യ മുഴുവന്‍ വൃത്തികേടാണെന്നും അത് തൂത്തുവാരാനുള്ള ചൂലും ചൂലിന്റെ പിന്നില്‍ ഗാന്ധിയുമായി സ്വഛ് ഭാരത് അഭിയാന്‍ എന്ന സര്‍ക്കാര്‍ പ്രചാരണം നിലവില്‍ വന്നപ്പോള്‍, എല്ലാവരും കൈ മെയ് മറന്ന് സന്തോഷിച്ചത്. ഇപ്പോള്‍, മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. കാര്യമായ പുരോഗതി ഈ രംഗത്ത് സംഭവിച്ചതായി കരുതാനാകില്ല. കേന്ദ്ര സര്‍ക്കാര്‍ വീണ്ടുമൊരു പരാജയം കൂടി ഏറ്റുവാങ്ങിയിരിക്കുന്നു എന്ന് ട്രോളടിക്കാന്‍ എളുപ്പമാണെങ്കിലും; ഈ പ്രചാരണ-പരാജയത്തിന്റെ ചരിത്രപരമായ യുക്തികളും അയുക്തികളുമെന്താണ് എന്നന്വേഷിക്കുകയാണ് യഥാര്‍ഥത്തില്‍ വേണ്ടത്. വൃത്തി അഥവാ പരിശുദ്ധിയും അതിന്റെ വിപരീതമായ മാലിന്യവും; ജാതി വ്യവസ്ഥയെ സംബന്ധിച്ചുള്ള സവര്‍ണ ഹിന്ദു വ്യാഖ്യാനങ്ങളുടെയും അതിന്റെ പ്രയോഗ പദ്ധതിയായ അയിത്തത്തിന്റെയും അടിസ്ഥാനത്തിലും പശ്ചാത്തലത്തിലുമാണ് ഇന്ത്യയില്‍ നിര്‍വചിക്കപ്പെട്ടിട്ടുള്ളതും ബോധ്യപ്പെടുത്തപ്പെട്ടിട്ടുള്ളതും. മലിനമാക്കപ്പെട്ട ജാതികളില്‍ പെട്ടവര്‍; മലം ചുമക്കുകയും സംസ്‌കരിക്കുകയും ചെയ്യുക, അഴുക്കു ചാലുകളും അതിന്റെ വിഷം വമിക്കുന്ന മാന്‍ഹോളുകളും വൃത്തിയാക്കുക, മറ്റ് മനുഷ്യോത്പന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുക എന്നീ പ്രവൃത്തികള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടവരാണ്. അവര്‍ക്ക് മറ്റു ജോലികള്‍ ചെയ്യാന്‍ അനുവാദമുണ്ടായിരുന്നില്ല.
കൂലിക്കും നിത്യവൃത്തിക്കും വേണ്ടി, നിസ്സഹായരായ അത്തരം ജാതികളില്‍ പെട്ട ലക്ഷക്കണക്കിനാളുകള്‍ ഈ പ്രവൃത്തി ചെയ്തു കൊണ്ടേ ഇരുന്നു. തീരെ കുറഞ്ഞ കൂലി കൊടുത്താല്‍ ഇത്തരമാളുകളെ വൃത്തിയാക്കല്‍ ജോലിക്കു ലഭിക്കുമെന്നതിനാലാണ്; ആധുനിക വിസര്‍ജന ഗൃഹങ്ങളും മാലിന്യ നിര്‍മാര്‍ജന പദ്ധതികളും ശാസ്ത്രീയമായ അഴുക്കുചാലുകളും ഇന്ത്യയില്‍ പൊതുവേ സ്ഥാപിക്കപ്പെടാതിരുന്നത്. ജാതിയും മാലിന്യ നിര്‍മാര്‍ജനവും തമ്മിലുള്ള ഈ ചരിത്രപരവും സങ്കീര്‍ണവുമായ പാരസ്പര്യത്തെ ഉടച്ചില്ലാതാക്കാതെ, സ്വഛ് ഭാരത് പോലുള്ള പൊള്ളയായതെന്നല്ല മികച്ച ഭാവനയോടെയും നല്ല ഉദ്ദേശ്യത്തോടെയും ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ പോലും വിജയിക്കാന്‍ പോകുന്നില്ല.
മനുഷ്യ മലം തലയിലും ചുമലിലും ഏറ്റിക്കൊണ്ടു പോയി സംസ്‌കരിക്കുകയും ചത്തതും ജീവനുള്ളതുമായ എലികളെ പിടി കൂടി നശിപ്പിക്കുകയും മാന്‍ ഹോളുകളിലിറങ്ങി ഓടകള്‍ വൃത്തിയാക്കുകയും ചെയ്തു വന്നിരുന്ന ലക്ഷക്കണക്കിന് ദളിത് സമുദായത്തൊഴിലാളികള്‍ ഇന്ത്യയില്‍ ആ പ്രവൃത്തികളിലേര്‍പ്പെട്ടുവരുന്നുണ്ടെന്ന ചരിത്ര യാഥാര്‍ഥ്യം മറച്ചു വെച്ചു കൊണ്ടോ സൗകര്യപൂര്‍വം വിസ്മരിച്ചുകൊണ്ടോ ആണ് സ്വഛ് ഭാരത് അഭിയാന്‍ പ്രചാരണം കൊടുമ്പിരിക്കൊണ്ടത്. ഇന്നേ വരെ, ചൂല്‍ കൈ കൊണ്ട് തൊട്ടിട്ടില്ലാത്ത കുറെയധികം ബാബുമാര്‍ ഫോട്ടോ സെഷനുകള്‍ക്കു വേണ്ടി ചൂലു കൊണ്ട് ഉണങ്ങിയ ഇലകളോ പേപ്പര്‍ കഷണങ്ങളോ പോലുള്ള താരതമ്യേന നിരുപദ്രവ സ്വഭാവമുള്ള മാലിന്യങ്ങള്‍ അടിച്ചു വാരുന്നതിന്റെ നിശ്ചലവും ചലിക്കുന്നതുമായ ദൃശ്യങ്ങള്‍ കൊണ്ട് അച്ചടി/ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ മുഖരിതമായി. ചൂലു കൊണ്ട് യഥാര്‍ഥ മാലിന്യം മാറ്റുന്നതും മടുപ്പിക്കുന്നതുമായ ജോലികള്‍ ചെയ്തുവന്നിരുന്ന ദളിതര്‍ ഈ വെപ്രാളങ്ങള്‍ കണ്ട് അന്തം വിട്ട് നിന്നിട്ടുണ്ടാവും. ഇപ്പോള്‍, പൊടിയാകാത്തതും പുതുമണം വിട്ടുമാറാത്തതുമായ (നെയ്‌റോസ്റ്റടിക്കാന്‍ പുതിയ ചൂലു വാങ്ങാന്‍ വന്നതായിരിക്കുമെന്നാണ് ചൂലു വില്‍പ്പനക്കാര്‍ കരുതിയത്) ചൂലുമായി ഇറങ്ങിയിരിക്കുന്ന സവര്‍ണര്‍ നിര്‍മിച്ചുകൂട്ടിയതും പുറന്തള്ളിയതുമായ ടണ്‍ കണക്കിന് മലവും മാലിന്യവുമല്ലേ ഇത്രയും കാലം തങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരുന്നത്? ഇനി ആ പണി തങ്ങള്‍ ചെയ്യേണ്ടിവരില്ലേ? അത് നിന്നു പോയാല്‍ തങ്ങളെന്തു പണിക്ക് പോകും? എന്നെല്ലാം ആ പാവങ്ങള്‍ ഒരു നിമിഷം വൃഥാ ചിന്തിച്ചുപോയി. കാര്യങ്ങള്‍ എല്ലാം പഴയ പടി തന്നെ തുടര്‍ന്നു. പുതിയ ഫോട്ടോ സെഷനുകളും ഷോപ്പിംഗുകളും നിറഞ്ഞതോടെ ഈ ബഹളങ്ങള്‍ എല്ലാവരും മറക്കുകയും ചെയ്തു.
സാമ്രാജ്യത്വത്തിനും വര്‍ഗീയതക്കുമെതിരായ ദശകങ്ങള്‍ നീണ്ടുനിന്ന അതി തീക്ഷ്ണമായ സമരത്തിന്റെയും എല്ലാ വിഭാഗം ജനങ്ങളെയും തുല്യരായി കണ്ട് സമൂഹം ഉള്‍ക്കൊള്ളണമെന്ന ആലോചനയുടെയും നിതാന്ത വക്താവായിരുന്ന മഹാത്മാ ഗാന്ധിയെ, കേവലം പുറംഭാഗ വൃത്തി ഉറപ്പു വരുത്തുന്ന സാനിറ്ററി ഇന്‍സ്‌പെക്ടറുടെ പദവിയിലേക്ക് തളച്ചു കെട്ടി. കൊല ചെയ്യപ്പെട്ട ആളെ വീണ്ടും അപമാനിക്കുന്നതിന് തുല്യമായ ഒതുക്കിക്കൂട്ടല്‍ ആയിരുന്നു ഈ ബ്രാന്റ് അംബാസിഡര്‍ പദവി എന്ന് പല നിരീക്ഷകരും കൃത്യമായി സ്ഥാനപ്പെടുത്തി.
വിശാല മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനു കീഴില്‍ 2013ലെ കണക്കനുസരിച്ച് മുപ്പതിനായിരം തൂപ്പുജോലിക്കാരാണ് പണിയെടുത്തിരുന്നത്. ഇവരില്‍ ഭൂരിപക്ഷവും താല്‍ക്കാലിക ജോലിക്കാരായിരുന്നു. സവര്‍ണ ജാതിക്കാരോ മറ്റു പിന്നാക്ക വിഭാഗക്കാരോ ഈ ജോലി ചെയ്യാന്‍ പോകുന്നില്ല എന്ന ഒറ്റക്കാര്യമായിരുന്നു ഇവരുടെ തൊഴിലുറപ്പിന്റെ അടിസ്ഥാനം. അവരില്‍ ബഹുഭൂരിപക്ഷത്തിനും വിദ്യാഭ്യാസം ഒട്ടുമുണ്ടായിരുന്നില്ല. പരിതാപകരമായ അവസ്ഥയിലുള്ള വീടുകളിലോ ചേരികളിലോ തെരുവോരങ്ങളിലോ ആണ് അവര്‍ താമസിച്ചു പോന്നിരുന്നത്. കൈ കഴുകാന്‍ പോയിട്ട്, അത്യാവശ്യം പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള ശുദ്ധ ജലം പോലും അവര്‍ക്ക് ലഭ്യമായിരുന്നില്ല. അവരെല്ലാവരും തന്നെ മദ്യത്തിനടിമകളായിരുന്നു. ദാരിദ്ര്യം അവരുടെ കൂടപ്പിറപ്പായിരുന്നു. അവരുടെ ആയുര്‍ദൈര്‍ഘ്യവും കുറവായിരുന്നു. പെട്ടെന്ന് മരണപ്പെട്ടു പോകുന്നതിനാല്‍ അവരുടെ ജോലി ഭാര്യയിലേക്കോ മക്കളിലേക്കോ കൈമാറ്റം ചെയ്യപ്പെട്ടു പോരുകയും ചെയ്തു. ജോലിയാണ് കൈമാറ്റം ചെയ്യപ്പെട്ടത് എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തപ്പെടുമ്പോള്‍ സത്യത്തില്‍ ദുരിതമാണ് കൈമാറ്റം ചെയ്യപ്പെട്ടത് എന്ന സാമൂഹിക – ചരിത്ര യാഥാര്‍ഥ്യം നാം കണ്ടില്ലെന്നു നടിക്കുകയും ചെയ്തു.
ഇപ്പോള്‍ ഇതെല്ലാം ഒന്നു കൂടി ഓര്‍മിക്കാന്‍ കാരണം, വൃത്തിയില്‍ പൊതുവെ മുമ്പന്തിയില്‍ എന്നു സ്വയം പരിചയപ്പെടുത്തുന്ന കേരളത്തില്‍ നടന്ന ഒരു മാലിന്യ ദുരന്തത്തിന്റെ കൂടി പശ്ചാത്തലത്തിലാണ്. കഴിഞ്ഞ ദിവസം കോഴിക്കോട്ട് നഗരഹൃദയത്തില്‍, മൂന്ന് മീറ്ററിലധികം ആഴമുള്ള മലിന ജല പ്രവാഹത്തിലിറങ്ങി ജോലി ചെയ്യാന്‍ നിയോഗിക്കപ്പെട്ട ഹതഭാഗ്യരായ രണ്ട് അയല്‍ സംസ്ഥാനത്തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് പിടഞ്ഞു പിടഞ്ഞു മരിച്ചു. ആ വഴി പോയ മിക്കവരും അത് കണ്ടുനിന്ന് എന്തു ചെയ്യണമെന്നറിയാതെ അന്തം വിട്ടപ്പോള്‍, മനുഷ്യ സ്‌നേഹിയായ നൗഷാദ് എന്ന ഓട്ടോ ഡ്രൈവര്‍ സുരക്ഷയെ സംബന്ധിച്ച വ്യാഖ്യാനങ്ങളോ മുന്‍ കരുതലുകളോ പഠിച്ചിട്ടില്ലാത്തതിനാല്‍ അവരെ രക്ഷിക്കാന്‍ കൈ നീട്ടിക്കൊടുത്തു.
വിഷമാലിന്യത്തിലേക്ക് ആണ്ടാണ്ടു പോയ ആ ഹതഭാഗ്യര്‍ അയാളെയും മരണത്തിലേക്ക് വലിച്ചുകൊണ്ടു പോയി. അന്നത്തെ അന്തിച്ചാനലുകാരും പിറ്റേന്നത്തെ പത്രങ്ങളും ഈ ദാരുണമായ വാര്‍ത്ത തികഞ്ഞ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. അന്യ സംസ്ഥാനത്തൊഴിലാളികള്‍ എന്ന് പൊതുവെ അധിക്ഷേപിക്കപ്പെടുന്ന അയല്‍ സംസ്ഥാനക്കാര്‍ മുഴുവന്‍ അല്ലെങ്കില്‍ ഭൂരിപക്ഷവും കള്ളന്മാരും ദുര്‍ന്നടപ്പുകാരും മാവോയിസ്റ്റുകളും എയിഡ്‌സ് രോഗികളും സര്‍വോപരി ബംഗ്ലാദേശില്‍ നിന്ന് മനുഷ്യക്കടത്തിലൂടെ കടന്നുവന്നവരുമാണെന്ന ദുര്‍വ്യാഖ്യാനത്തെ ഈ സംഭവം കൊണ്ട് പൊതുബോധം മറികടക്കുമെന്നൊന്നും ആരും കരുതിയിരുന്നില്ല. ഓട്ടോ ഡ്രൈവറും മുസ്‌ലിം വംശജനുമായ നൗഷാദ് അവരെ രക്ഷിക്കാനുള്ള മാനുഷികമായ സഹജാവബോധം പ്രകടിപ്പിച്ചു എന്നതിനാല്‍; മുസ്‌ലിംകളോട് സമകാലിക ഇന്ത്യന്‍ മുഖ്യധാര കാണിച്ചു പോരുന്ന അസഹിഷ്ണുതക്ക് അറുതിയാകും എന്നും ആരും കരുതിയില്ല. അതു കൊണ്ട്, നൗഷാദിന് പത്ത് ലക്ഷം രൂപയുടെ ധനസഹായം കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ അതിനെയും ഭരണപരമായതും അത്യസാധാരണമല്ലാത്തതുമായ ഒരു നടപടി എന്നും മിക്കവരും വ്യാഖ്യാനിച്ച് ഉള്‍ക്കൊള്ളാനേ മിക്കവരും തുനിഞ്ഞുള്ളൂ.
എന്നാല്‍, ഓടകളില്‍ നിറഞ്ഞൊഴുകുന്ന വിഷ മാലിന്യത്തെക്കാളും പതിന്മടങ്ങ് ശക്തമായ വര്‍ഗീയ വിഷത്തോടെ കേരളം പിടിച്ചടക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഒരു മാന്യ ദേഹം; ഈ ധനസഹായത്തെ നൗഷാദ് മുസ്‌ലിമായതുകൊണ്ട് പ്രഖ്യാപിച്ച വര്‍ഗീയ സഹായം എന്ന് വ്യാഖ്യാനിച്ചപ്പോള്‍ കുറേയധികം ആളുകളെങ്കിലും ആലസ്യത്തില്‍ നിന്നും ഉന്മാദലഹരിയില്‍ നിന്നും ഉണര്‍ന്നിട്ടുണ്ടാകും എന്നു കരുതാനാകുമോ? സ്വഛ് ഭാരത് അഭിയാന്‍ പരിപൂര്‍ണ വിജയമായിരുന്നെങ്കില്‍ ഇത്തരമൊരു ദുരന്തമുണ്ടാവുമായിരുന്നില്ല എന്ന് ആലോചിക്കാനും പ്രഖ്യാപിക്കാനും ആരും തയ്യാറായതുമില്ല. നായാടി മുതല്‍ നമ്പൂരി വരെ ഒന്നാണെന്നു പ്രഖ്യാപിക്കുന്ന പുതിയ വിശാലതാ പരിപ്രേക്ഷ്യക്കാരോട് ഒരു നിര്‍ദേശം മാത്രം വെച്ചു കൊണ്ട് അവസാനിപ്പിക്കട്ടെ. കേരളത്തിലെ ഉണര്‍ന്നെണീക്കുന്ന ഹിന്ദു സമാജം അവര്‍ക്കിടയിലെ ജാതി സമവാക്യങ്ങള്‍ തല്‍ക്കാലത്തേക്കെങ്കിലും മറന്നു കൊണ്ട്, കേരളത്തിലെ മലിനമായ ഓടകള്‍ മുഴുവന്‍ വൃത്തിയാക്കട്ടെ. അങ്ങനെ നമുക്ക് സ്വഛ് ഭാരത് അഭിയാന്‍ കേരളത്തിലെങ്കിലും വിജയിപ്പിച്ച് ഭാരതാംബക്ക് മാതൃകയാകാം.
അധികവായനക്ക്: Silencing Caste,Sanitising Oppression Understanding Swachh Bharat Abhiyan by Subhash Gatade (Economic & Political Weekly OCTOBER 31, 2015)

---- facebook comment plugin here -----

Latest