Connect with us

International

വിസാ ചട്ടങ്ങള്‍ അമേരിക്ക കര്‍ക്കശമാക്കുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍: പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യു എസ് വിസാ ചട്ടങ്ങള്‍ കര്‍ക്കശമാക്കുന്നു. യു എസുമായി സൗഹൃദമുള്ള രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസാ ഇളവ് പദ്ധതി (വി ഡബ്ല്യൂ പി) അമേരിക്ക ഏര്‍പ്പെടുത്തിയിരുന്നു. ഇവരെയും ശക്തമായ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നതാണ് പുതിയ വിസാ ചട്ടങ്ങള്‍. വി ഡബ്ല്യൂ പി പദ്ധതി പ്രകാരം, അമേരിക്കയുമായി സൗഹൃദത്തില്‍ കഴിയുന്ന രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസയില്ലാതെ 90 ദിവസമോ അതില്‍ കുറഞ്ഞ ദിവസമോ ചില ഉപാധികളോടെ അമേരിക്കയില്‍ സന്ദര്‍ശനം നടത്താം. യുദ്ധവും സംഘര്‍ഷവും വ്യാപകമായ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് നേരത്തെ തന്നെ അമേരിക്ക കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സൗഹൃദരാജ്യങ്ങളില്‍ നിന്നെത്തുന്ന സന്ദര്‍ശകര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരവധി ചോദ്യങ്ങള്‍ നേരിടേണ്ടിവരും. സിറിയ പോലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ കുറിച്ച് വിശദമായ വിവരങ്ങള്‍ തങ്ങളുമായി സഖ്യത്തിലുള്ള രാജ്യങ്ങളില്‍ നിന്ന് കണ്ടെത്താനും പദ്ധതിയുണ്ട്. ഈ രാജ്യങ്ങളുടെ വലിയ സഹകരണം വേണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു. സന്ദര്‍ശകര്‍ ഇതിന് മുമ്പ് സന്ദര്‍ശിച്ച രാജ്യങ്ങളുടെ പട്ടികയും അമേരിക്ക ആവശ്യപ്പെടും.
പാരീസ് ആക്രമണത്തിന് മുമ്പ് തന്നെ വിസാ ചട്ടങ്ങളില്‍ ചില കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നതായും പാരീസ് ആക്രമണത്തോടെ ഇതിന് ഗതിവേഗം കൂടുകയായിരുന്നുവെന്നും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ സഹ ഉപദേശകന്‍ ബെന്‍ റോഡ്‌സ് പാരീസില്‍ വ്യക്തമാക്കി. അമേരിക്കയിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഗൂഢലക്ഷ്യങ്ങളോടെ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
സന്ദര്‍ശകരുടെ വിശദ വിവരങ്ങള്‍ കണ്ടെത്താന്‍ അധികൃതര്‍ക്കൊപ്പം യു എസ് ഫെഡറല്‍ ഏജന്റും ഉണ്ടാകും. വിമാനത്തില്‍ യാത്ര ചെയ്യാനെത്തുന്നവരെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കാനും വിമാനത്താവളങ്ങളിലെ സുരക്ഷ വര്‍ധിപ്പിക്കാനും ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജെ ജോണ്‍സണ്‍ നിര്‍ദേശിച്ചു.