Connect with us

Gulf

ദേശീയ ദിനാഘോഷത്തെ വരവേല്‍ക്കാന്‍ ദിബ്ബയില്‍ കുടുംബ കൂടാരങ്ങള്‍ ഒരുങ്ങി

Published

|

Last Updated

ദേശീയദിനമാഘോഷിക്കാന്‍ ദിബ്ബ റൂള്‍ ദദ്‌ന റോയല്‍ ബീച്ച് തീരത്ത് കൂടാരങ്ങളൊരുക്കിയപ്പോള്‍

ദിബ്ബ: ദിബ്ബയിലെ റൂള്‍ ദദ്‌ന റോയല്‍ ബീച്ച് കടല്‍ തീരം 44ാമത് ദേശീയ ദിനാഘോഷത്തെ വരവേല്‍ക്കാന്‍ കുടുംബ കൂടാരങ്ങള്‍ ഒരുക്കികാത്തിരിക്കുന്നു.
വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്വദേശികളും വിദേശികളുമടങ്ങുന്ന സംഘങ്ങള്‍ എല്ലാ വര്‍ഷവും ദേശീയ ദിനമാഘോഷിക്കാനും ഒഴിവുകാലം ചിലവഴിക്കാനും ഇവിടെയെത്താറുണ്ട്. കുടുംബങ്ങള്‍ക്ക് മാത്രമെന്ന് എഴുതിവെച്ചിട്ടുണ്ട്. ഇവിടം ചതുര്‍വര്‍ണ പതാകകളും തോരണങ്ങളുംകൊണ്ട് അലങ്കരിച്ചിരിക്കുകയാണ്.
ആധുനിക സജ്ജീകരണത്തോടെ മരുഭൂമിയില്‍ ചിലവഴിക്കാനുള്ള തയ്യാറെടുപ്പോടെയാണ് കുട്ടികളടക്കമുള്ള കുടുംബങ്ങള്‍ ഇവിടെയെത്തുന്നത്. ഒരാഴ്ച തങ്ങാനാവശ്യമായ പാര്‍പ്പിട സൗകര്യങ്ങള്‍, ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങള്‍, അടുപ്പുകള്‍, സ്റ്റൗ, ഗ്യാസ് സിലിണ്ടറുകള്‍, മെത്തകള്‍, പുതപ്പുകള്‍, വെള്ള ടാങ്കുകള്‍, റെഡിമെയ്ഡ് ടോയ്‌ലറ്റുകള്‍, ശീതീകരണ മുറികള്‍, മരുഭൂമിയിലെ തണുപ്പകറ്റി തീയിട്ട് ചൂട് പുണരാന്‍ വിറകുകള്‍, ഓരോ സംഘങ്ങള്‍ക്കും അവര്‍ പ്രത്യേകം തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ കൂടാരങ്ങളും വിശ്രമിക്കാന്‍ ഇരിപ്പിടങ്ങളും പ്രാഥമികാവശ്യങ്ങള്‍ക്കും ഭക്ഷണം പാചകം ചെയ്യാനും ഉറങ്ങാനും വിശ്രമിക്കാനും എല്ലാം ഒരു കൂടക്കീഴിലെന്നപോലെ ഒരുക്കിയിട്ടുണ്ട്. ദേശീയ ദിനം തുടങ്ങുന്നതുമുതല്‍ ഒരാഴ്ചക്കാലം ഈ ബീച്ചില്‍ ആഘോഷം പൊടിപൊടിക്കും.
ഓരോ കുടുംബങ്ങളും താമസിക്കുന്ന കൂടാരങ്ങള്‍ക്ക് ചുറ്റും ഹരിത ഭംഗിയില്‍ ചാലിച്ച തുണികള്‍ കൊണ്ടും പ്ലാസ്റ്റിക്കുകള്‍ കൊണ്ടും മതിലുകള്‍ തീര്‍ത്തും കവാടങ്ങളില്‍ ചതുര്‍ വര്‍ണ ദേശീയ പതാകകള്‍ തുന്നിക്കെട്ടിയും മുറ്റങ്ങളില്‍ പതാക ഉയര്‍ത്തിയും ദേശസ്‌നേഹത്തിന്റെ ആവേശവും ആഹ്ലാദവും പ്രകടിപ്പിച്ചും റൂള്‍ ദദ്‌നയിലെ ബീച്ചില്‍ കുടുംബ സദസ്സുകള്‍ സജീവമാകുന്നതോടെ ദേശീയ ദിനാഘോഷങ്ങള്‍ക്ക് പത്തരമാറ്റ് തിളക്കമേറും.
ചില കുടുംബങ്ങള്‍ തങ്ങളുടെ കൂടാരങ്ങളും പരിസരങ്ങളും ബീച്ചില്‍ പന്തലിച്ചു കിടക്കുന്ന ചെറു മരങ്ങളുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുത്ത് അവിടം പരിസ്ഥിതി സ്‌നേഹത്തിന്റെ ഭാവനാ പരിസരമാക്കി മാറ്റിയതും കാണാം.
ഐക്യ എമിറേറ്റിന്റെ വിവിധ നഗര- ഗ്രാമാന്തരങ്ങളില്‍ നിന്നുമെത്തുന്ന സഹസ്ര ജനം കിഴക്കനറേബ്യന്‍ തീരത്ത് നിന്നു ആര്‍ത്തലച്ചുവരുന്ന തിരമാലകള്‍ കണക്കെ വീശിയടിക്കുന്ന മന്ദമാരുതന്റെ തലോടലേറ്റ് കുളിരണിയുമ്പോഴും അറേബ്യന്‍ രാജ്യങ്ങളുടെ കാരണവരായ സഊദി അറേബ്യക്കൊപ്പം നിന്ന് അറേബ്യന്‍ തീരങ്ങളില്‍ വിഘടനവാദവും അസമധാനവും തീര്‍ക്കാന്‍ ശ്രമിക്കുന്ന ദുശ്ശക്തികള്‍ക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്തി വീര്യമൃത്യു വരിച്ച ധീര രക്തസാക്ഷികള്‍ക്ക് പ്രണാമമര്‍പ്പിക്കാനുംകൂടി മണല്‍ തരികളെ സാക്ഷിയാക്കി കുടുംബ സദസ്സുകള്‍ ദിബ്ബ കടല്‍ തീരത്ത് സംഗമിക്കും.
സൂര്യപ്രഭ ചന്ദ്രക്കലയുടെ ചക്രവാളത്തിലേക്ക് ഊര്‍ന്നിറങ്ങുന്നതോടെ റോയല്‍ ബീച്ച് കടല്‍തീരം വിവിധ ഡിസൈനുകളില്‍ അലങ്കരിച്ച വര്‍ണങ്ങളാല്‍ പ്രകാശപൂരിതമാകും. സായം സന്ധ്യ കൊഴുപ്പിക്കാന്‍ സംഗീത വാദ്യമേളങ്ങള്‍, അറേബ്യന്‍ പാരമ്പര്യ ശൈലിയില്‍ സ്വദേശി കുടുംബങ്ങളൊന്നിച്ച് ചുവടൊപ്പിച്ച് അറേബ്യന്‍ ഗീതങ്ങള്‍ ആലപിക്കുന്ന സംഗീത വിരുന്നുകള്‍, ഒട്ടകങ്ങളെയും ആടുകളെയും അറുത്തും ബിരിയാണിയും മന്തിയും പാകം ചെയ്ത് ഖഹ്‌വയും കജൂറയും ഒന്നിച്ചിരുന്ന് കഴിച്ച് മരുഭൂമിയിലെ ആഘോഷം ആഹ്ലാഭരിതമാക്കി ഡിസംബറിന്റെ തണുപ്പിനെ ചൂട് പിടിപ്പിക്കാന്‍ വിറകും കല്‍ക്കരിയും കൊണ്ട് തീകൂട്ടി ചുറ്റുമിരുന്ന് നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് രസിച്ചുമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്നവര്‍ ദേശീയ ദിനാഘോഷത്തിന്റെ ആറ് ദിനരാത്രങ്ങള്‍ ആഘേഷിച്ചു തീര്‍ക്കുന്നത്.
കുട്ടികള്‍ക്ക് കളിക്കാനും ആനന്ദിക്കാനും റേസ് സൈക്കിളുകളും കാല്‍ പന്തുകളിക്കായ് ഗ്രൗണ്ടുകളും ഒരുക്കിയത് കാണാം. കൂടാരങ്ങള്‍ കെട്ടിയ സ്ഥലമെത്തുന്നിതിന് മുമ്പ് സഞ്ചാരികളെ വരവേറ്റ് വഴിയോരങ്ങളില്‍ റുമ്മാന്‍ പഴം, കൈതച്ചക, നാരങ്ങ, ഇളനീര്‍, മാങ്ങ തുടങ്ങിയ രുചിയൂറും പഴവര്‍ഗങ്ങള്‍ ദേശീയ ദിനാഘോഷത്തിന് മധുരം നുകരും. ഒരാഴ്ചത്തെ ദിനരാത്രങ്ങള്‍ ആഘോഷമാക്കി വിടപറയുമ്പോള്‍ അടുത്ത വര്‍ഷത്തെ 45ാമത് ദേശീയ ദിനം വര്‍ണപകിട്ടില്‍ കൊണ്ടാടാനുള്ള പ്രതിജ്ഞയുമായി ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് തിരശ്ശീല താഴും.

Latest