Connect with us

Education

മലയാളം സര്‍വകലാശാലയില്‍ എം ഫില്‍, പി എച്ച് ഡി

Published

|

Last Updated

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ പുതുതായി ആരംഭിക്കുന്ന എം ഫില്‍, പി എച്ച് ഡി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം), മലയാളം (സാഹിത്യരചന), സംസ്‌കാര പൈതൃകപഠനം, ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍സ് എന്നീ അഞ്ച് വിഷയങ്ങളില്‍ എം ഫിലിന് അഞ്ച് വീതവും പി എച്ച് ഡി ക്ക് രണ്ട് വീതവും സീറ്റുകളാണുള്ളത്. അതതു വിഷയത്തിലോ സമാനവിഷയത്തിലോ 55 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പട്ടികജാതി, പട്ടികവര്‍ഗ, ഭിന്നശേഷി വിഭാഗങ്ങളിലുള്ളവര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതിയാകും. ജെ ആര്‍ എഫ്, നെറ്റ് യോഗ്യത നേടിയിട്ടുള്ളവര്‍ പ്രവേശനപ്പരീക്ഷ എഴുതേണ്ടതില്ല. അവര്‍ നിശ്ചിതരീതിയില്‍ യഥാസമയം അപേക്ഷ സമര്‍പ്പിക്കണം. പ്രവേശനപ്പരീക്ഷയില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് നേടിയ അപേക്ഷകരെ മാത്രമേ പരിഗണിക്കുകയുള്ളൂ. ഓണ്‍ലൈനായും തപാലിലും അപേക്ഷ അയക്കാവുന്നതാണ്. അപേക്ഷാഫീസായ 200 രൂപ സര്‍വകലാശാല അക്കൗണ്ടിലേക്ക് (അക്കൗണ്ട് നമ്പര്‍: 32709117532, എസ് ബി ഐ തിരൂര്‍ ടൗണ്‍ ശാഖ, IFS Code: SBIN0008678) ഓണ്‍ലൈനായോ, ഡിമാന്റ് ഡ്രാഫ്റ്റായോ ഒടുക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ അപേക്ഷകര്‍ക്ക് 100 രൂപയാണ് ഫീസ്. അപേക്ഷാഫോറവും വിശദവിവരങ്ങളും www.malay alamuniversity.edu.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. തപാലില്‍ അയയ്‌ക്കേണ്ട വിലാസം: രജിസ്ട്രാര്‍, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല, വാക്കാട്, മലപ്പുറം – 676 502. ബിരുദാനന്തര ബിരുദപ്പരീക്ഷയിലെയും പ്രവേശനപ്പരീക്ഷയിലെയും സ്‌കോറുകള്‍ 50:50 അനുപാതത്തില്‍ പരിഗണിച്ചായിരിക്കും റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുക. അഡ്മിഷന് മുന്നോടിയായി അഭിമുഖത്തിന് ഹാജരാകണം. 10 മാര്‍ക്കാണ് അഭിമുഖത്തിന്. പി എച്ച് ഡി യുടെ കാലാവധി മൂന്ന് വര്‍ഷവും എംഫിലിന്റെ കാലാവധി ഒരു വര്‍ഷവുമായിരിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 14.

Latest