Connect with us

Ongoing News

ദേശീയ സ്‌കൂള്‍ കായികമേള ഒന്നിച്ചു നടത്താന്‍ കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: ദേശീയ സ്‌കൂള്‍ കായികമേള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മേള ഒരേ വേദിയില്‍ വെച്ചുതന്നെ നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച് ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മഹാരാഷ്ട്രയില്‍ മേള നടത്താന്‍ കഴിയില്ലെങ്കില്‍ വേദിയായി കേരളത്തെ പരിഗണിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര കായിക സെക്രട്ടറി രാജീവ് യാദവാണ് ഇക്കാര്യം അറിയിച്ചത്.
ആണ്‍കുട്ടികളുടയും പെണ്‍കുട്ടികള്‍ളുടെയും മത്സരങ്ങള്‍ രണ്ടുംവേദികളില്‍ വെച്ച് നടത്താനുള്ള ശ്രമങ്ങള്‍ക്ക് തടയിട്ടുകൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം. സ്‌കൂള്‍ കായികമേള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെയായി നടത്താന്‍ ഗെയിംസ് ഫെഡറേഷന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
ഡിസംബര്‍ അവസാനം പൂനെയില്‍ ആണ്‍കുട്ടികള്‍ക്കായുള്ള മത്സരവും ജനവരിയില്‍ നാസിക്കില്‍ പെണ്‍കുട്ടികള്‍ക്കായുള്ള മത്സരവും നടത്താനായിരുന്നു ഫെഡറേഷന്റെ നീക്കം. ഇതിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. തുടര്‍ച്ചയായി കേരളം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്നത് തടയുന്നതിനാണ് നീക്കമെന്നും ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടുവേദികള്‍ പാടില്ലെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം ന്‍കിയത്. അതേസമയം, മേള നടത്താന്‍ കേരളം തയ്യാറാണെന്ന് അഞ്ജു ബോബി ജോര്‍ജ് ദേശീയ കായിക സെക്രട്ടറിയെ അറിയിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി ചുമതലയേറ്റ അഞ്ജുബോബി ജോര്‍ജ് സ്‌കൂള്‍മീറ്റ് രണ്ടായി നടത്താനുള്ള നീക്കത്തെ എതിര്‍ത്തിരുന്നു.