Connect with us

Kerala

സോളാര്‍: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം; അടിയന്തര പ്രമേയം അനുവദിച്ചില്ല

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയനന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. നോട്ടീസിന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി നല്‍കിയ സാഹചര്യത്തിലാണ് അവതരണാനുമതി നിഷേധിച്ചത്. ഇ പി ജയരാജനാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.

സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് പ്രതിപക്ഷം നിയമസഭയില്‍ എത്തിയത്. ചോദ്യോത്തര വേള ആരംഭിച്ചതോടെ പ്രതിപക്ഷം ബഹളം തുടങ്ങി. സ്പീക്കര്‍ പലതവണ അഭ്യര്‍ഥിച്ചുവെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഒടുവില്‍ ഒന്‍പത് മണിയോടെ പ്രതിപക്ഷ അംഗങ്ങള്‍ സീറ്റിലിരിക്കുകയും സഭാനടപടികള്‍ തുടങ്ങുകയും ചെയ്തു.

ശൂന്യവേളയിലാണ് പ്രതിപക്ഷത്ത് നിന്ന് ഇ പി ജയരാജന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇതിന് മറുപടി നല്‍കി. 60ഓളം കേസുകളില്‍ പ്രതിയായ ബിജു രാധാകൃഷ്ണന്‍ വൈരാഗ്യം തീര്‍ക്കാനാണ് ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബിജുവിനെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ കാര്യമായ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. യുഡിഎഫ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് ബിജുവിനെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുത്തതും ജയിലിലടച്ചതും. ഇതിന്റെ വിരോധം തീര്‍ക്കാന്‍ കിട്ടിയ അവസരം ഉപയോഗിക്കുകയാണ് ബിജു ചെയ്തതെന്നും ഇത് നിലനില്‍ക്കില്ലെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

അതേസമയം, കേരളത്തിന്റെ നിയമസഭാ ചരിത്രത്തില്‍ അസാധാരണമായ സംഭവമാണ് നടക്കുന്നതെന്ന് ഇപി ജയരാജന്‍ സഭയില്‍ വ്യക്തമാക്കി. ഇഎംഎസ് തൊട്ട് ഇതുവരെയുള്ള ഒരു മുഖ്യമന്ത്രിക്ക് നേരെയും ഇത്തരത്തിലുള്ള ആക്ഷേപം ഉന്നയിക്കപ്പെട്ടിട്ടില്ല. സോളാര്‍ ഇടപാടുകള്‍ നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ്. ഇതിന്റെ പേരിലാണ് ജോപ്പന്‍, ജിക്കുമോന്‍, സലീംരാജ് തുടങ്ങിയവരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

മുഖ്യമന്ത്രിക്ക് എതിരായ ആരോപണത്തില്‍ കേരളം ലജ്ജിക്കുന്നുവെന്ന് ചര്‍ച്ചയില്‍ വിഎസ് പറഞ്ഞു. ആരോപണും ശരിയാകരുതേ എന്ന് ആഗ്രഹിക്കുകയാണ്. തെളിവുകള്‍ സംരക്ഷിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചുവെങ്കിലും പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയിട്ടില്ല. സഭയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

Latest