Connect with us

Malappuram

വിട പറഞ്ഞത് ഇശല്‍ ലോകത്തെ ഒറ്റയാന്‍

Published

|

Last Updated

കോട്ടക്കല്‍/ തിരൂരങ്ങാടി: തനിമയാര്‍ന്ന മാപ്പിളപ്പാട്ടിലൂടെ വേറിട്ട വഴിയില്‍ സഞ്ചരിച്ച ഒറ്റയാനായിരുന്നു ഇന്നലെ വിടപറഞ്ഞ രണ്ടത്താണി ഹംസ.
പ്രവാചക കീര്‍ത്തനങ്ങളും, ഭക്തിയുടെ സ്വരങ്ങളും, ധീരയോദ്ധാക്കളുടെ വീരഗീതങ്ങളും, പുണ്യപുരുഷന്‍മാരുടെ മഹത്വ വചനങ്ങളുമെല്ലാം അദ്ദേഹത്തിന്റെ രചനകള്‍ക്ക് വിഷയമായി. ജാഡകളില്‍ നിന്നും മാറി ലാളിത്യത്തിന്റെ ശൈലിയാണ് മാപ്പിളപ്പാട്ട് ഗായകര്‍ക്കിടയില്‍ ഇദ്ദേഹത്തെ വേറിട്ട് നിര്‍ത്തിയത്. സാധാരണക്കാരന്റെ ഭാഷയില്‍ ഇശലൊഴുക്കി ഹൃദയത്തിലിടം നേടി രണ്ടത്താണി ഹംസ. കനത്ത ശബ്ദഘോഷങ്ങളുടെ അകമ്പടിയില്ലാതെയാണ് ഇദ്ദേഹം പാടിവന്നത്. ഹാര്‍മോണിയത്തിന്റെ പതിഞ്ഞ സ്വരവും തബലയുടെ താളവും കപ്പാസിന്റെ നേര്‍ത്ത അകമ്പടിയും മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ കൂട്ട്. 150ലേറെ സിഡികളും കാസറ്റുകളും, ആയിരത്തിലേറെ ഗാനങ്ങള്‍, എണ്ണം പറയാനാകാത്ത ഗാനമേളകള്‍, കല്യാണ സദസുകള്‍. ഇതാണദ്ദേഹത്തിന്റെ ലോകം. പ്രശസ്തിക്ക് വേണ്ടി ആരുടെ മുമ്പിലുമെത്തിയില്ലെന്നത് കൊണ്ട് മാത്രം ഇദ്ദേഹം ആ നിലയില്‍ അറിയപ്പെട്ടില്ല. എന്നിട്ടും ഹംസയെയും പാട്ടിനെയും മാപ്പിളപ്പാട്ട് പ്രേമികള്‍ ഹൃദയത്തിലിരുത്തി. 12-ാം വയസില്‍ മാപ്പിളപ്പാട്ടിന്റെ ലോകത്തേക്ക് കടന്ന ഇദ്ദേഹത്തിന് മലയാളഭാഷയും സ്‌കൂള്‍ വിദ്യാഭ്യാസവും അന്യമായിരുന്നു. ഇത് കൊണ്ട് തന്നെ തന്റെതായ ഭാഷയിലാണ് രണ്ടത്താണി പാട്ടെഴെതി ഇശല്‍ ലോകം പിടിച്ചടക്കിയത്. ചെറുപ്പത്തില്‍ രണ്ടത്താണിയിലെ ചായക്കടയിലെ വലിയ റേഡിയോയാണ് ഇദ്ദേഹത്തിന്റെ പാട്ടിന്റെ ആദ്യപാഠം.
അച്ചിപ്പറ കീഴ്മുറി ഹസ്സനാണ് ഗുരു. കല്യാണപ്പാട്ടുകളുമായിട്ടായിരുന്നു ആദ്യഅരങ്ങേറ്റം. ഒസാന്‍ ഹസനില്‍ നിന്ന് ഹാര്‍മോണിയവും പഠിച്ചു.
സ്വന്തം ഗാനങ്ങള്‍ക്ക് ഹാര്‍മോണിയം വായിച്ച ഗായകരുടെ അപൂര്‍വം ശ്രേണിയിലാണ് ഹംസ. കടായിക്കല്‍ കോയക്കുട്ടി, സി പി മുഹമ്മദ്, കെ ടി മൊയ്തീന്‍, ടി പി ആലിക്കുട്ടി കുരിക്കള്‍ എന്നിവരുടെയെല്ലാം പാട്ടുകള്‍ കേട്ടുപാടിയാണ് മാപ്പിളപ്പാട്ടില്‍ തന്റെതായ ഇടം തീര്‍ക്കുന്നത്. ആദ്യകാലത്ത് ബന്ധുക്കളായിരുന്നു കൂടെ പാടിയിരുന്നത്.
ഭക്തിഗാനങ്ങളായിരുന്നു ഇദ്ദേഹത്തിന്റെ മുഖ്യം. ഖാത്തിമുല്‍ അമ്പിയാ കാരുണ്യ പൂവാളെ, പച്ചക്കിളിയെ പനങ്കിളിയേ, ജഗവതിമമ്പുറം ജന്മമടൈന്തിന്മരം തുടങ്ങിയവയൊക്കെ ഇദേഹത്തിന്റെ ഹിറ്റ് ഗാനങ്ങള്‍. പ്രവാചക മദ്ഹുകള്‍ എമ്പാടും ഇദ്ദേഹത്തിന്റെ സ്വന്തം. ആരംഭത്താഹ മുമ്പില്‍ ജിബ്‌രീല്‍ വന്നിട്ടോതിയെ. അല്ലാഹു ഈരാവില്‍ നബിയെ കാണാനേറ്റം പൂതിയേ, അഹ്ദായവനെ റഹ്മാനെ അഖിലം പോറ്റും സുബ്ഹാനെ, മണലാരണ്യത്തിന്‍ മണിദീപം മനമിഴലുന്നൊരു സുന്ദരദീപം മക്കമതില്‍ പ്രഭവീശിയ രൂപം മുത്ത് നബിയുല്ലാ- മണമുത്ത് നബിയുല്ലാ…, എന്നിങ്ങനെ നൂറുക്കണക്കിന് ഗാനങ്ങള്‍.
പരിഷ്‌കാരത്തിന്റെ പേരില്‍ സ്ത്രീകളുടെ അഭാസ വസ്ത്രധാരണത്തെ അദ്ദേഹം നിശിദമായി വിമര്‍ശിച്ചും ഇദ്ദേഹം പാട്ടുകളെഴുതിയിരുന്നു. മനുഷ്യന്റെ ഭയാനകമായ മരണ ഘട്ടത്തെ വിവരിക്കുന്ന ഹംസ രണ്ടത്താണിയുടെ ഗാനം ഏതൊരാളുടേയും ഉള്ളം കിടിലം കൊള്ളിക്കുന്നതാണ്. ചിന്തോദീപകമായ ഹാസ്യ ഗാനങ്ങളും രാഷ്ട്രീയ ഗാനങ്ങളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.

Latest