Connect with us

Wayanad

10ന് മുഖ്യമന്ത്രി ധാരണാപത്രത്തില്‍ ഒപ്പിടും

Published

|

Last Updated

കല്‍പ്പറ്റ: വയനാടിന്റെ ചിരകാല സ്വപ്‌നമായ നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാത സാക്ഷാത്കരിക്കുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡിസംബര്‍ 10ന് ഡല്‍ഹിയില്‍ കേന്ദ്ര റയില്‍വേ മന്ത്രിയുമായി ധാരണാപത്രം (എം ഒ യു) ഒപ്പിടും. നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതയുടെ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കുമെന്നതാണ് ധാരണാപത്രത്തിലെ പ്രധാന തീരുമാനം. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു.
ധാരണാപത്രത്തിലെ വിശദാംശങ്ങള്‍ സംബന്ധിച്ച് സുല്‍ത്താന്‍ ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നീലഗിരി-വയനാട് എന്‍ എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മറ്റി പ്രതിനിധികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തി.
4200 കോടിയിലധികം രൂപ ചെലവും 236 കി.മീ ദൂരവും വരുമെന്ന് കണ്ട് റയില്‍വേ ബോര്‍ഡ് ഉപേക്ഷിച്ച നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റയില്‍പാത, നീലഗിരി-വയനാട് എന്‍ എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മറ്റിയുടെ ശ്രമഫലമായി ഡോ. ഇ ശ്രീധരനെക്കൊണ്ട് വീണ്ടും സര്‍വ്വേ നടത്തിച്ചതാണ് പദ്ധതിയുടെ വഴിത്തിരിവായത്. ഡോ. ഇ ശ്രീധരന്‍ മേല്‍നോട്ടത്തില്‍ നടന്ന സര്‍വ്വേ പ്രകാരം പാതയുടെ ദൂരം 156 കി.മീ ഉം ചെലവ് 2200 കോടി രൂപയുമായി കുറഞ്ഞു. വാഹനഗതാഗതം ഗണ്യമായി കുറക്കുമെന്നതിനാല്‍ പശ്ചിമഘട്ടത്തിന്റെയും വയനാടിന്റെയും പരിസ്ഥിതി സംരക്ഷണത്തിന് ഈ പാത അത്യാവശ്യമാണെന്ന തിരിച്ചറിവും പാതക്ക് അനുകൂലമായ തീരുമാനമെടുക്കുന്നതില്‍ മുഖ്യഘടകമായി. ഡോ.ഇ ശ്രീധരന്‍ നടത്തിയ സര്‍വ്വേയുടെ അന്തിമവിശകലനം സതേണ്‍ റയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. ഡോ.ഇ ശ്രീധരന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകഴിഞ്ഞാലുടന്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതക്കുവേണ്ടി കമ്പനി- (സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍- രൂപീകരിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ അഡ്വ.ടി എം റഷീദ്, പി വൈ മത്തായി, എം എ അസൈനാര്‍ എന്നിവര്‍ പങ്കെടുത്തു. നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതക്കായി കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടാന്‍ തയ്യാറായ സംസ്ഥാന സര്‍ക്കാറിനേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച ഐ സി ബാലകൃഷ്ണന്‍, എം എല്‍ എ യേയും ആക്ഷന്‍ കമ്മറ്റി അഭിനന്ദിച്ചു.സെക്രട്ടറി വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ.പി വേണുഗോപാല്‍, ഫാ.ടോണി കോഴിമണ്ണില്‍, ജോയിച്ചന്‍ വര്‍ഗ്ഗീസ്, അനില്‍, ജേക്കബ് ബത്തേരി, ജോസ് കപ്യാര്‍മല, മോഹന്‍ നവരംഗ്, ഒ കെ മുഹമ്മദ്, നാസര്‍ കാസിം, ഷംസാദ്, ഡോ.തോമസ് മോഡിശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest