Connect with us

Gulf

ആംനസ്റ്റി റിപ്പോര്‍ട്ട് ഖത്വര്‍ തള്ളി

Published

|

Last Updated

ദോഹ :രാജ്യത്തെ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ച് ആംനസ്റ്റി ഇന്റര്‍നാഷനല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് ഖത്വര്‍ തള്ളി. തൊഴില്‍ രംഗത്തു രാജ്യത്തു കൊണ്ടു വന്ന പരിഷ്‌കാരങ്ങളും പുരോഗതിയും കാണാതെയാണ് റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നതെന്നും മറ്റു പല രാജ്യങ്ങളുമായും താരതമ്യപ്പെടുത്തുമ്പോള്‍ ഖത്വറില്‍ ഉണ്ടായ നിര്‍ണായകമായ മാറ്റങ്ങള്‍ റിപ്പോര്‍ട്ട് പരിഗണിച്ചിട്ടില്ലെന്നും ഖത്വര്‍ ഗവണ്‍മെന്റ് പ്രസ്താവനയില്‍ വിമര്‍ശിച്ചു.
തൊഴില്‍ രംഗത്ത് ഉന്നത നിലവാരമാണ് ഖത്വര്‍ ലക്ഷ്യം വെക്കുന്നത്. അതിനുവേണ്ടിയുള്ള പരിശ്രമങ്ങളും പ്രവര്‍ത്തനങ്ങളും ഏറെ മുന്നോട്ടു പോയി. എന്നാല്‍ ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പലതും വന്നില്ല. പ്രധാനമായും ചില കാര്യങ്ങളില്‍ വ്യക്തതയില്ലെന്നാണ് റിപ്പോര്‍ട്ടിനെ തള്ളിക്കൊണ്ടുള്ള ഗവണ്‍മെന്റ് പ്രസ്താവനയില്‍ എടുത്തു പറയുന്നത്. മറ്റു രാജ്യങ്ങളിലെ തൊഴില്‍ സാഹചര്യങ്ങളുടെ താരതമ്യപഠനം ഉള്‍പെടുത്തിയിട്ടില്ല. താത്കാലികമായി തൊഴിലാളികളെ കൊണ്ടു വന്ന് ജോലി ചെയ്യിപ്പിക്കുന്ന നിരവധി രാജ്യങ്ങളുണ്ട് അതൊന്നും റിപ്പോര്‍ട്ടില്‍ ഇല്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഖത്വറില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരാനായി ആയിരക്കണക്കിനു വിദേശി ജീവനക്കാര്‍ രാജ്യത്തെത്തിയിട്ടുണ്ട്. അവരുടെ തൊഴിലവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ് ഗവണ്‍മെന്റ് പ്രസ്താവനയില്‍ പറയുന്നു.
രാജ്യം പടുത്തുയര്‍ത്താന്‍ സഹായിക്കുന്നവരെയെല്ലാം സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ടു തന്നെ എന്‍ ജി ഒകള്‍ നടത്തുന്ന ക്രിയാത്മകമായ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, ആംനസ്റ്റിയുടെ പുതുതായി വന്ന റിപ്പോര്‍ട്ടില്‍, മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ഖത്വര്‍ പരാജയപ്പെടുന്നു എന്നാണ് കുറ്റപ്പെടുത്തുന്നത്. ഇതു തികച്ചും അവാസ്തവമായ പരാമര്‍ശമാണ്. ഈ രംഗത്ത് നിര്‍ണായകമായ ഇടപെടലുകള്‍ നടത്തുകയും കൂടുതല്‍ മെച്ചപ്പെട്ട പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയും ചെയ്യുന്നു. സമീപകാലത്ത് നടപ്പിലാക്കിയ വേതനമുറപ്പു പദ്ധതി ഇതില്‍ പ്രധാനമാണ്. ജീവനക്കാര്‍ക്ക് അവരുടെ വേതനം സമയത്തു ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുന്ന സംവിധാനമാണിത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങളും മാസാദ്യം ഏഴു ദിവസത്തിനകം ബേങ്കുവഴി ശമ്പളം വിതരണം ചെയ്യണമെന്നാണ് നിയമം.
തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ ഉടമകള്‍ കൈവശം വെക്കുന്നത് വിലക്കി. വേനല്‍കാലത്ത് ഉച്ചസമയ ജോലി ചെയ്യിക്കുന്നത് നിയമം മൂലം കര്‍ശനമായി നിരോധിച്ചു. ഒരു തൊഴിലാളിക്ക് താമസിക്കാനുള്ള സ്ഥലം, നേരത്തേയുണ്ടായിരുന്നതിന്റെ 50 ശതമാനം ഉയര്‍ത്തി. ആരോഗ്യ, സുരക്ഷാ സംവിധാനങ്ങളും മെച്ചപ്പെടുത്തി. ജീവനക്കാരുടെ സുരക്ഷക്കും ക്ഷേമത്തിനും ശക്തമായ നിയമം കൊണ്ടു വന്ന രാജ്യമാണ് ഖത്വര്‍. ആശ്വാസകരമല്ലാത്ത നീക്കങ്ങളുണ്ടാകുമ്പോള്‍ നിയമത്തെ സമീപിക്കുന്നതിനും അവസരമുണ്ട്. തൊഴിലാളികള്‍ക്ക് നേരിട്ടു പരാതി നല്‍കുന്നതിന് ഇലക്‌ട്രോണിക് സംവിധാനം ഏര്‍പെടുത്തി. ഹിന്ദി, ഉറുദു, തമിഴ്, ബംഗാളി, നേപ്പാളി തുടങ്ങി പത്തു ഭാഷകളില്‍ ഈ സിസ്റ്റത്തിലൂടെ പരാതി അറിയിക്കാം.
നിയമവിധേയമല്ലാത്ത റിക്രൂട്ട്‌മെന്റുകള്‍ ഇല്ലായ്മ ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചു. 200 ഏജന്‍സികള്‍ക്ക് ലൈസന്‍സ് നല്‍കി അംഗീകൃത റിക്രൂട്ട്‌മെന്റിനു ശ്രമിക്കുന്നു. നിബന്ധനകള്‍ പാലിച്ചാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നതെന്ന് നിരന്തരമായി നിരീക്ഷിക്കുന്നു. തൊഴിലാളികള്‍ വരുന്ന രാജ്യങ്ങളുമായി സഹകിരിച്ച് സുരക്ഷിതത്വം ഉറപ്പുവ രുത്തുന്നു. 40 രാജ്യങ്ങളുമായി ഖത്വറിന് തൊഴില്‍ സുരക്ഷാ കരാറുണ്ട്. കരാര്‍ അടിസ്ഥാനത്തിലുള്ള തൊഴില്‍ സമ്പ്രദായത്തിനുള്ള നിയമം അടുത്തിടെയാണ് അംഗീകരിച്ചത്. എന്‍ട്രി, എക്‌സിറ്റ് സംവിധാനങ്ങളിലും മാറ്റം കൊണ്ടു വന്നു. 20 ലക്ഷത്തിലധികം വിദേശ തൊഴിലാളികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. തൊഴില്‍ നിയമത്തിലെ മാറ്റങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനം നടന്നു വരുകയാണ്. കഫാല സിസ്റ്റം തന്നെ ഇല്ലാതാക്കികൊണ്ടുള്ള നിയമനിര്‍മാണമാണ് രാജ്യം നടത്തിയത്. മറ്റു പല രാജ്യങ്ങളിലും ഇപ്പോഴും ലഭ്യമല്ലാത്ത പരിഷ്‌കാരങ്ങളാണ് കൊണ്ടു വന്നത്. തൊഴിലാളികളെയും തൊഴിലുടമകളെയും പരിഗണിച്ചു കൊണ്ടും അവരുടെ അവകാശങ്ങള്‍ സംരക്ഷിച്ചും ഇനിയും നിയമപരിഷ്‌കാരങ്ങള്‍ കൊണ്ടു വരും.
രാജ്യത്തെ തൊഴില്‍ മേഖലയിലെ യാഥാര്‍ഥ്യങ്ങള്‍ ഉള്‍കൊള്ളന്ന റിപ്പോര്‍ട്ട് ആംനസ്റ്റി ഇന്റര്‍നാഷനല്‍ പ്രസിദ്ധപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഖത്വര്‍ ന്യൂസ് ഏജന്‍സി പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ പ്രസ്താവന പറയുന്നു.