Connect with us

Ongoing News

ഒടുക്കം സമനിലയോടെ

Published

|

Last Updated

ഡല്‍ഹി സമനില ഗോള്‍ നേടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് അനുകൂലികളുടെ നിരാശ

ന്യൂഡല്‍ഹി: കാര്യങ്ങളെല്ലാം പതിവുപോലെയായിരുന്നു. പക്ഷേ, ഇത്തവണ ഫലം തോല്‍വിയല്ലെന്ന് മാത്രം.. ഐ എസ് എല്‍ സീസണ്‍ രണ്ടില്‍ അവസാന മത്സരത്തിലെങ്കിലും ജയത്തോടെ വിടവാങ്ങാമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആഗ്രഹം ഫലിച്ചില്ല. ഡല്‍ഹി ഡൈനാമോസിനോട് 3-3ന് സമനില വഴങ്ങിയ, കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സപ്പായ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ അവസാന സ്ഥാനക്കാരായി തലതാഴ്ത്തി മടങ്ങി.
അവസാന നിമിഷങ്ങളില്‍ ജയം കൈവിടുന്ന സ്ഥിരം പരിപാടി ഇവിടെയും ആവര്‍ത്തിച്ചപ്പോള്‍ അര്‍ഹിച്ച വിജയം അകലെയാകുകയായിരുന്നു. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും ലീഡ് നേടിയ കേരളത്തിന് തല താഴ്ത്തി തന്നെ മടങ്ങാനായിരുന്നു വിധി. ഇന്‍ജുറി ടൈമില്‍ തകര്‍പ്പന്‍ ലോംഗ് റേഞ്ചര്‍ ഗോളിലൂടെ സഹനാജ് സിംഗാണ് ബ്ലാസ്റ്റേഴ്‌സിന്റെ ജയം തട്ടിയെടുത്തത്. ആദ്യ പകുതിയില്‍ 3-2 എന്ന നിലയില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിലായിരുന്നു. സീസണില്‍ ആറാം ഗോള്‍ സ്വന്തമാക്കിയ ക്രിസ് ഡാഗ്നല്‍, ജാവോ കൊയിമ്പ്ര, അന്റോണിയോ ജെര്‍മന്‍ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്. ഡല്‍ഹിക്കായി ഡോസ് ഗുസ്താവോ സാന്റോസ്, ആദില്‍ നബി, സഹനാജ് സിംഗ് എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഡല്‍ഹിക്കെതിരായ സമനിലയോടെ പതിനാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയം, നാല് സമനില, ഏഴ് തോല്‍വി എന്നിവയുമായി വെറും പതിമൂന്ന് പോയിന്റുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഒടുക്കം.
ഏഴാം മിനുട്ടില്‍ ഡോസ് സാന്റോസിന്റെ ഗോളിലൂടെ ഡല്‍ഹിയാണ് മത്സരത്തില്‍ ലീഡെടുത്തത്. എന്നാല്‍ രണ്ട് മിനുട്ടിനുള്ളില്‍ ഡാഗ്നലിന്റെ ഗോളിലൂടെ കേരളം തിരിച്ചടിച്ചു. 30 മിനുട്ടില്‍ കൊയിമ്പ്രയുടെ തകര്‍പ്പന്‍ ഗോളിലൂടെ മഞ്ഞപ്പട മുന്നിലെത്തിയെങ്കിലും പത്ത് മിനുട്ടിനുള്ളില്‍ ആദില്‍ നബി ഡല്‍ഹിയുടെ സമനില ഗോള്‍ നേടി. 39ാം മിനുട്ടില്‍ ജര്‍മന്റെ ഉജ്ജ്വല വോളിയിലൂടെ വീണ്ടും ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റം. ആദ്യ പകുതി ഇങ്ങനെ അവസാനിച്ചു. രണ്ടാം പകുതിയില്‍ ഇരു ടീമുകളുള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളുകളൊന്നും പിറന്നില്ല. ഒടുവില്‍ ഇന്‍ജുറി ടൈമില്‍ സഹനാജ് സിംഗിലൂടെ ഡല്‍ഹി മത്സരം സമനിലയിലെത്തിച്ചു. ഐ എസ് എല്ലില്‍ ഇന്ന് അത്‌ലറ്റികോ ഡി കൊല്‍ക്കത്ത എഫ് സി മുംബൈയെ നേരിടും. കൊല്‍ക്കത്ത നേരത്തെ സെമിയില്‍ പ്രവേശിക്കുകയും മുംബൈ സെമി കാണാതെ പുറത്താകുകയും ചെയ്ത സാഹചര്യത്തില്‍ മത്സരത്തിന് പ്രസക്തിയില്ല.

Latest