Connect with us

Kozhikode

സ്ത്രീ പുരുഷ സമത്വം: പ്രസ്താവന വളച്ചൊടിച്ചതിന് പിന്നില്‍ ഗൂഢലക്ഷ്യം: മുശാവറ

Published

|

Last Updated

കോഴിക്കോട്: സ്ത്രീ പുരുഷ സമത്വവുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കോഴിക്കോട്ട് നടത്തിയ പ്രസംഗവും തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും തെറ്റായി റിപ്പോര്‍ട്ട് ചെയ്ത് കാന്തപുരത്തെയും മുസ്‌ലിം സമൂഹത്തെയും പ്രതിരോധത്തിലാക്കാനുള്ള ചിലരുടെ ഗൂഢ നീക്കങ്ങളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
കുടുംബ ജീവിതത്തിലെ സ്ത്രീപുരുഷ മഹത്വത്തെ കുറിച്ച് ഇസ്‌ലാമിന്റെ സമീപനം പറയുന്നതിനിടയില്‍ മാതൃത്വത്തിന് ഇസ്‌ലാം നല്‍കുന്ന മഹത്വത്തെക്കുറിച്ച് പരാമര്‍ശിക്കുകയും, പ്രസവവും സന്താന പരിപാലനവും ലോകത്ത് മനുഷ്യകര്‍മങ്ങളില്‍ ഏറ്റവും നന്മ നിറഞ്ഞതാണെന്നു പറയുമ്പോള്‍ സ്ത്രീകള്‍ക്കു മാത്രമേ പ്രസവിക്കാന്‍ കഴിയൂ എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്ത കാന്തപുരത്തിന്റെ വാക്കുകളെ സ്ത്രീക്ക് പ്രസവിക്കാനേ കഴിയൂ എന്ന് തെറ്റായി റിപ്പോര്‍ട്ട് ചെയ്ത് ചില മാധ്യമങ്ങളും നിക്ഷിപ്ത കേന്ദ്രങ്ങളും ഏറ്റുപിടിക്കുകയായിരുന്നു. മുഴുവന്‍ ജനങ്ങള്‍ക്കും തുല്യനീതി വിഭാവനം ചെയ്യുന്ന ഇസ്‌ലാമിക നിയമങ്ങളും‘ഇന്ത്യന്‍ ഭരണഘടനയും അനുസരിച്ച് ജീവിക്കുന്നവരാണ് സുന്നികള്‍. ഓരോ പൗരന്റെയും മതവും വിശ്വാസവും അനുസരിച്ച് ജീവിക്കാനും അതു പറയാനുമുള്ള അവകാശം ഈ നാട് വകവെച്ച് നല്‍കുന്നുണ്ടെന്നിരിക്കെ ചില മാധ്യമങ്ങളുടെ തെറ്റായ വാര്‍ത്ത മുഖവിലക്കെടുത്ത് അര്‍ത്ഥശൂന്യമായ ആരോപണങ്ങളുന്നയിക്കുന്നതിന് പിന്നില്‍ മറ്റുചില അജന്‍ഡകളാണോ എന്ന് ന്യായമായും സംശയിക്കണം.
സ്ത്രീകള്‍ക്കോ മറ്റു മതവിശ്വാസികള്‍ക്കോ സമൂഹത്തിലെ മറ്റേതെങ്കിലും വിഭാഗങ്ങള്‍ക്കോ വേദനയുണ്ടാക്കുന്ന ഒരു വാക്കുപോലും കാന്തപുരത്തിന്റെ പരാമര്‍ശങ്ങളില്‍ ഇല്ലെന്നിരിക്കെ ഇത്തരം പ്രചാരണങ്ങള്‍ ദേശീയ മാധ്യമങ്ങളില്‍ ചിലതിലടക്കം പ്രചരിച്ചുവരുന്നതില്‍ ദുരൂഹതയുണ്ട്. കാര്യമറിയാതെ പ്രസ്താവനകളിറക്കി വഞ്ചിതരായവര്‍ ആ പ്രസംഗം പൂര്‍ണമായും കേള്‍ക്കാനുള്ള സന്മനസ്സെങ്കിലും കാണിക്കണമെന്ന് മുശാവറ അഭിപ്രായപ്പെട്ടു.
പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് അലി ബാഫഖി, അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.