Connect with us

National

റബ്ബര്‍ വിലയിടിവ്: കേരളത്തിന് വിലസ്ഥിരതാ ഫണ്ടില്‍ നിന്ന് ധനസഹായം

Published

|

Last Updated

ന്യൂഡല്‍ഹി: വിലയിടിവ് മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് വിലസ്ഥിരതാ ഫണ്ടില്‍ നിന്ന് ധനസഹായം അനുവദിക്കുന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്രവാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും പാര്‍ലിമെന്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കേരളത്തില്‍ നിന്നുള്ള എം പിമാര്‍ പാര്‍ലിമെന്റില്‍ ആവശ്യമുന്നയിച്ചിരുന്നു. ലോക്‌സഭയില്‍ ശൂന്യവേളയില്‍ ഈ വിഷയം ഉന്നയിച്ച് സംസാരിച്ച പത്തനംതിട്ട എം പി ആന്റോ ആന്റണി കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലും സംസ്ഥാനത്തെ 40 ലക്ഷത്തോളം വരുന്ന ചെറുകിട കര്‍ഷകരുടെ മുഖ്യ ഉപജീവനമാര്‍ഗവുമായ റബ്ബര്‍ മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ 18 മാസമായി തുടരുന്ന അനിയന്ത്രിതമായ ഇറക്കുമതിയാണ് സ്ഥിതി ഇത്രയേറെ വഷളാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
റബ്ബര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍, സെക്രട്ടറി, റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ എന്നീ തസ്തികകള്‍ മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. ഇതുമൂലം റബ്ബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണെന്നും ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest