Connect with us

First Gear

അന്തരീക്ഷ മലിനീകരണം തടയാന്‍ ഡല്‍ഹിയില്‍ പുതിയ നിയമം

Published

|

Last Updated

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി പുതിയ നിയമം. ഒറ്റ, ഇരട്ട അക്ക നമ്പര്‍ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ വാഹനങ്ങള്‍ നിരത്തിലിറക്കാനാണ് തീരുമാനം. ഒരു ദിവസം ഒറ്റയില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ ഇറങ്ങിയാല്‍ അടുത്ത ദിവസം ഇരട്ട നമ്പറില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്ക് നിരത്തിലിറക്കാം. സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമാണ് ഈ നിമയം ബാധകം. പൊതു വാഹനങ്ങള്‍ നമ്പര്‍ ഭേദമന്യേ എല്ലാ ദിവസവും നിരത്തിലിറക്കാം. ജനുവരി ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുന്ന വാഹനങ്ങള്‍ക്കും നിയമം ബാധകമാണ്.

ഡല്‍ഹിയിലെ നിരത്തുകളില്‍ വാഹനങ്ങള്‍ നിറയുന്നത് രൂക്ഷമായ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് കെജരിവാള്‍ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്. താരതമ്യേന ഇടുങ്ങിയ ഡല്‍ഹിയിലെ നിരത്തുകളില്‍ പ്രതിദിനം ആയിരത്തോളം കാറുകളാണ് പുതുതായി ഇറങ്ങുന്നത്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണം നടക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഡല്‍ഹി. പുതിയ നിയമത്തിലൂടെ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് പകുതിയായി കുറക്കാനാകുമെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍.

2013ല്‍ ചെെനീസ് തലസ്ഥാനമായ ബീജിംഗില്‍ അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ സമാനമായ മാര്‍ഗം സ്വീകരിച്ചിരുന്നു. ഇത് വന്‍ വിജയകരമാകുകയും ചെയ്തു.

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അപകടരമായ സ്ഥിതിയില്‍ എത്തിയതായി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ഒരു ഗ്യാസ് ചേമ്പറില്‍ കഴിയുന്നതിന് തുല്യമാണ് ഡല്‍ഹിയില്‍ കഴിയുന്നത് എന്നാണ് കോടതി വിലയിരുത്തിയത്.

Latest