Connect with us

Sports

ഉഷയുടെ കുട്ടികള്‍ കുതിപ്പ് തുടങ്ങി

Published

|

Last Updated

കോഴിക്കോട്: ജില്ലയുടെ കുതിപ്പിന് നിര്‍ണായകമാകുമെന്ന് വിലയിരുത്തപ്പെടുന്ന ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന്റെ താരങ്ങള്‍ പ്രതീക്ഷ തെറ്റിച്ചില്ല. ഇന്നലെ മൂന്ന് ഫൈനലുകളില്‍ സ്വര്‍ണം നേടിയ ഉഷയുടെ കുട്ടികള്‍ ഒരു വെള്ളിയും കരസ്ഥമാക്കി.
400 മീറ്റര്‍ ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ കെ സ്‌നേഹയാണ് ഉഷ സ്‌കൂളിനായി ആദ്യ സ്വര്‍ണം കരസ്ഥമാക്കിയത്. തൊട്ടുപിന്നാലെ 400 മീറ്റര്‍ സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ദേശീയ താരം ജിസ്‌ന മാത്യു ദേശീയ റെക്കോര്‍ഡിന് സമാനമായ പ്രകടനത്തോടെ സ്വര്‍ണം നേടി.

007 SENIOR GIRLS 400  JISNA MATHEW USHA SCHOLL KOZHIKODE 53.87 സെക്കന്‍ഡ് കൊണ്ട് നാനൂറ് മീറ്ററില്‍ ജിസ്‌ന ഫിനിഷ് ചെയ്തപ്പോള്‍ 2008ല്‍ സി എസ് സിന്ധ്യമോള്‍ സ്ഥാപിച്ച 56.21 സെക്കന്‍ഡിന്റെ റെക്കോര്‍ഡ് ചരിത്രമായി. 2005 ല്‍ പഞ്ചാബ് താരം മന്‍ദീപ് കൗറിനെക്കാള്‍ (55.18) മികച്ച സമയം ഇതിനകം തന്നെ പലതവണ സ്വന്തം പേരില്‍ കുറിച്ച ജിസ്‌ന ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഈ ഇനത്തില്‍ ഉഷ സ്‌കൂളിലെ ഷഹര്‍ബാന സിദ്ദീഖിനാണ് വെള്ളി. കഴിഞ്ഞ രണ്ട് മീറ്റുകളിലായി ജിസ്‌നയും ഷഹര്‍ബാനയും തമ്മിലാണ് പ്രധാനമായും മത്സരമെന്നതും ശ്രദ്ധേയമാണ്. ഇന്ന് നൂറ് മീറ്റര്‍ ഫൈനല്‍ അടക്കം നിരവധി മത്സരങ്ങള്‍ നടക്കുന്നതിനാല്‍ മെഡലുകള്‍ വാരിക്കൂട്ടാമെന്ന പ്രതീക്ഷയിലാണ് ഉഷയുടെ കുട്ടികള്‍.
അതിനിടെ, സ്വര്‍ണം നേടിയ സ്വന്തം കുട്ടികളെ ഗ്രൗണ്ടില്‍ ഓടിയെത്തി ഉഷയും അരുമ ശിഷ്യയും ഒളിമ്പ്യനുമായ ടിന്റു ലൂക്കയും അഭിനന്ദിച്ചു. മികച്ച നിലവാരമുള്ള ട്രാക്കാണ് കോഴിക്കേട്ടെതെന്നും ഇതിനാല്‍ ദേശീയ റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനങ്ങള്‍ വരും ദിവസങ്ങളിലുണ്ടാകുമെന്നും ഉഷ പറഞ്ഞു.