Connect with us

Kozhikode

ദേശീയ ഗെയിംസില്‍ മത്സരിച്ച മുഴുവന്‍ താരങ്ങള്‍ക്കും ജോലി നല്‍കും: തിരുവഞ്ചൂര്‍

Published

|

Last Updated

കോഴിക്കോട്: ദേശീയ ഗെയിംസില്‍ മത്സരിച്ച മുഴുവന്‍ കായികതാരങ്ങള്‍ക്കും ജോലി നല്‍കുമെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക,കോച്ചിംഗ് ആവശ്യത്തിനുള്ള തുക, പരുക്കേല്‍ക്കുന്ന താരങ്ങളുടെ ചികിത്സ തുടങ്ങിയ ലക്ഷ്യത്തോടെ കായിക താരങ്ങള്‍ക്ക് കൈത്താങ്ങായി സ്‌പോര്‍ട്‌സ് ഡവലപ്പ്‌മെന്റ് ഫണ്ട് ഉണ്ടാക്കുമെന്നും അതുമായി ബന്ധപ്പെട്ട സ്‌പോര്‍ട്‌സ് ബില്‍ സര്‍ക്കാറിന്റെ പണിപ്പുരയിലാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് അധ്യക്ഷത വഹിച്ചു. ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്ക് മീറ്റ് നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാറിന്ന് താത്പര്യമില്ലെങ്കില്‍ സംസ്ഥാനത്തിന് അവസരം കിട്ടിയാല്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. മൂന്ന് വര്‍ഷങ്ങമായി മുടങ്ങിക്കിടക്കുന്ന വിജയികള്‍ക്കുള്ള സമ്മാനമായി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പണം ഉടന്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം തേഞ്ഞിപ്പാലത്ത് അപകടത്തില്‍ മരിച്ച താരങ്ങളായ കുട്ടികള്‍ക്ക് മൂന്ന് ലക്ഷം രൂപ സഹായമായി അനുവദിച്ചിട്ടുണ്ടെന്നും പരുക്കേറ്റവരുടെ ചികിത്സാ ചെലവ് മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിജയികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വര്‍ണകപ്പ് പണിപ്പുരയിലാണ്.
പണി പൂര്‍ത്തിയാകുന്ന മുറക്ക് ജേതാക്കളായ ജില്ലക്ക് കൈമാറുമെന്നും, സമ്മാനത്തുക ഇരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചായത്ത് സാമൂഹിക നീതി മന്ത്രി ഡോ. എം കെ മുനീര്‍ മുഖ്യപ്രഭാഷണം നടത്തി. എല്ലാ ജില്ലകളിലെയും താരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റും വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാ പരിപാടികളും നടന്നു. കോഴിക്കോട് മേയര്‍ വി കെ സി മമ്മദ് കോയ, എം എല്‍ എമാരായ എ പ്രദീപ്കുമാര്‍, സി മോയിന്‍കുട്ടി, പി ടി എ റഹീം, എളമരം കരീം, പുരുഷന്‍ കടലുണ്ടി, വി എം ഉമ്മര്‍ മാസ്റ്റര്‍, ഒളിമ്പ്യന്‍മാരായ പി ടി ഉഷ, അനില്‍കുമാര്‍, മേഴ്‌സിക്കുട്ടന്‍ സംസാരിച്ചു.
ചടങ്ങില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എം എസ് ജയ ഐ എ എസ് സ്വാഗതവും വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ കെ പി നൗഫല്‍ നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest