Connect with us

Articles

വെള്ളാപ്പള്ളി ഏത് സേനയെ അനുകരിക്കും?

Published

|

Last Updated

ആയുധത്തെ മാറ്റിനിര്‍ത്തി സേന എന്ന വാക്കിന് വ്യവഹാരമില്ല. സേനയുടെ പ്രാഥമിക ഉദ്ദേശ്യം ആക്രമണമായാലും പ്രതിരോധമായാലും. രണ്ടായാലും ഒഴിവാക്കാനാകാത്ത ഒന്നുണ്ട് സേനയുടെ പ്രവര്‍ത്തനത്തില്‍, അത് ഹിംസയാണ്. ആക്രമണമായാലും പ്രതിരോധമായാലും മുന്‍പിന്‍ നോക്കാതെ, യുക്തികള്‍ക്ക് സ്ഥാനില്ലാത്തതാണ് സേനയുടെ പ്രവര്‍ത്തനം. പ്രതിരോധമായി തുടങ്ങിയാലും ആക്രമണത്തിലാണ് പ്രവൃത്തി അവസാനിക്കുക, ആക്രമണമായി തുടങ്ങി പ്രതിരോധത്തില്‍ കലാശിക്കാറുമുണ്ട്. വ്യക്തിയുടെ, സംഘത്തിന്റെ, ദേശത്തിന്റെ, രാജ്യത്തിന്റെ അധികാരസ്ഥാപനമോ നിലനില്‍പ്പോ ഒക്കെ തീരുമാനിക്കപ്പെട്ടതില്‍/തീരുമാനിക്കപ്പെടുന്നതില്‍ സേന എന്നതിന് ഒഴിവാക്കാനാകാത്ത സ്ഥാനമുണ്ട് താനും.
ജനാധിപത്യ സമ്പ്രദായം കൂടുതല്‍ വികസിച്ചിട്ടും ഇതിലൊരു മാറ്റമുണ്ടായിട്ടില്ല. ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാന്‍ സേന രംഗത്തിറങ്ങുന്ന കാഴ്ച ആധുനികകാലത്തും അപൂര്‍വമല്ല. ഒരു രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ സേനാ ബലം ഉപയോഗിച്ച് അന്യ രാജ്യങ്ങള്‍ അട്ടിമറിക്കുകയും തങ്ങള്‍ക്ക് ഇണങ്ങുന്ന സംവിധാനത്തിലേക്ക് നയിക്കുകയും അത് ജനാധിപത്യമാണെന്ന് വാദിച്ച് ഉറപ്പിക്കുകയും ചെയ്യുന്നുമുണ്ട്. എങ്കിലും സേന എന്ന വാക്കിനെ ജനാധിപത്യത്തില്‍ നിന്ന് അകറ്റിനിര്‍ത്തുക എന്ന മനുഷ്യാവകാശ മുഖംമൂടി ഇക്കൂട്ടര്‍ ധരിക്കുകയു ചെയ്യുന്നു.
ജനാധിപത്യത്തിന്റെ ഭാഗമായ രാഷ്ട്രീയ പ്രക്രിയയില്‍ സേന എന്ന വാക്ക് ഇത്രത്തോളം ഉപയോഗിക്കപ്പെട്ടത് ലോകത്തെ ഏറ്റം വലിയ ജനാധിപത്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ യൂനിയനിലാണെന്നത് അപകട സാധ്യത തുറന്നിടുന്ന കൗതുകമാണ്. ബാല്‍ താക്കറെ സ്ഥാപിച്ച ശിവ സേനയായിരിക്കും ഈ ഗണത്തില്‍ ആദ്യം. മണ്ണിന്റെ മക്കള്‍ വാദത്തില്‍ തുടങ്ങി വര്‍ഗീയതയിലേക്ക് വളര്‍ന്ന് കയറിയ ശിവസേന സമാധാന ജീവിതത്തിന് പലകുറി ഭംഗം വരുത്തിയിട്ടും രാഷ്ട്രീയ – ജനാധിപത്യ പ്രക്രിയയില്‍ സജീവ പങ്കാളിയായി ഇപ്പോഴും തുടരുന്നു. ശിവസേനയിലെ അധികാരത്തര്‍ക്കത്തിന്റെ ഉത്പന്നമായിരുന്നു മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന. ശിവസേനയേക്കാള്‍ ആക്രമണോത്സുകത പുറത്തെടുത്ത് സ്വാധീനമുറപ്പിക്കാന്‍ ശ്രമിച്ച അവര്‍ പിന്നീട് പ്രതിരോധത്തിലായി. മഹാരാഷ്ട്രയിലെ മുഖ്യകക്ഷിയാകാന്‍ ബി ജെ പി രംഗത്തിറങ്ങിയതോടെ സ്വന്തം സ്വാധീനം നിലനിര്‍ത്താന്‍ കൂടുതല്‍ അക്രമോത്സുകമാകുകയാണ് ശിവ സേന ഇപ്പോള്‍.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമല്ലാതിരുന്ന സേനകളുമുണ്ട്. ബീഹാറിലെ രണ്‍വീര്‍ സേന, ഭൂവുടമകളുടെ ഗുണ്ടാപ്പടയായിരുന്നു. സാമൂഹിക അസമത്വവും ചൂഷണവും ചോദ്യം ചെയ്ത ദളിതുകളെ വെട്ടിയും ചുട്ടും കൊന്നു ഈ സേന. കുട്ടികള്‍ വളര്‍ന്നാല്‍ നക്‌സലുകളാകും അതുകൊണ്ട് കുട്ടികളെ കൊല്ലുന്നുവെന്നും നക്‌സലൈറ്റുകള്‍ക്ക് ജന്മം നല്‍കുമെന്നതിനാല്‍ സ്ത്രീകളെ കൊന്നുവെന്നും പറയാന്‍ മടിക്കാത്ത കൂട്ടം. ഈ കൊലകളില്‍ തെറ്റൊന്നും ഇപ്പോഴും കാണുന്നില്ല രണ്‍വീര്‍ സേനയുടെ ശേഷിക്കുന്ന “നേതാ”ക്കള്‍. ഇതില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് ഭരണകൂടത്തിന്റെ സഹായത്തോടെ രൂപീകരിക്കപ്പെട്ട മറ്റൊരു സേനയായിരുന്നു സാല്‍വ ജുദൂം. കൊന്നും പരസ്പരം കൊല്ലിച്ചും ഏറെക്കാലം തുടര്‍ന്നു സേന എന്ന് പേരിലില്ലാത്ത ഈ സംഘം.
സംഘ്പരിവാറിന്റെ ഭാഗമായ (പരിവാറിലില്ലെന്ന് സംഘ് വിശദീകരിക്കുന്ന) ഹനുമാന്‍, ശ്രീരാമ, രാഷ്ട്രീയ ഹിന്ദു എന്നിങ്ങനെ സേനകള്‍ വേറെയുമുണ്ട്. ഇവക്കെല്ലാം ഏറെക്കുറെ ഒരേ സ്വഭാവം. മുഖ്യ വിനോദം സദാചാര പോലീസിംഗാണ്. എതിരഭിപ്രായക്കാരെ കായികമായി ആക്രമിക്കും. കൊല്ലാനും മടിയില്ല. സമുദായങ്ങള്‍ക്കിടയില്‍ വൈരം വളര്‍ത്താന്‍ സഹായകമായ കള്ളങ്ങള്‍ പ്രചരിപ്പിക്കുക എന്നത് ദൗത്യമായി എടുത്ത് നടപ്പാക്കുകയും ചെയ്യുന്നു. പേരിനൊപ്പമുള്ള സേന എന്ന വാക്കിനോട് നീതി പുലര്‍ത്തും വിധത്തില്‍ മുന്‍പിന്‍ നോക്കാതെ, യുക്തിക്ക് സ്ഥാനം നല്‍കാതെ പ്രവര്‍ത്തിക്കുമെന്ന് ചുരുക്കം. സേനയെന്ന് പേരിലുപയോഗിക്കാത്തവര്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. എന്നാല്‍ സേനയെന്ന് പേരിലുപപയോഗിക്കുന്നവര്‍ ജനാധിപത്യ വിരുദ്ധമായ, സമാധാന ജീവിതത്തിന് ഭംഗമേല്‍പ്പിക്കുന്ന വിധത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന വസ്തുത നിലനില്‍ക്കുന്നു.
എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്‍, സമത്വ മുന്നേറ്റ യാത്രക്ക് ശേഷം പ്രഖ്യാപിച്ച പാര്‍ട്ടിക്ക് “ഭാരത് ധര്‍മ ജനസേന” എന്ന പേര് നല്‍കിയ പശ്ചാത്തലത്തിലാണ് സേന വിശേഷണപദം ഉപയോഗിക്കുന്ന രാജ്യത്തെ ഇതര സംഘടനകള്‍ ഏത് വിധത്തിലാണ് ആ വാക്കിനോട് നീതി പുലര്‍ത്തും വിധത്തില്‍ പ്രവര്‍ത്തിച്ചത്/പ്രവര്‍ത്തിക്കുന്നത് എന്ന് ആലോചിക്കേണ്ടിവന്നത്. കേരള രാഷ്ട്രീയത്തില്‍ എസ് എന്‍ ഡി പിയുടെ സംഭാവനയായിരുന്നു സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി (എസ് ആര്‍ പി). ഈഴവ സമുദായത്തിന്റെയാകെ പ്രതിനിധിയെന്ന് അവകാശപ്പെട്ട എസ് ആര്‍ പിക്ക് അധികം ആയുസ്സുണ്ടായില്ല. അധികാരത്തില്‍ പങ്കാളിയാകാനുള്ള ശ്രമമെന്നതിനപ്പുറത്ത് കഴമ്പുള്ള രാഷ്ട്രീയമൊന്നും എസ് ആര്‍ പി പറഞ്ഞതുമില്ല. വര്‍ഗീയതയെ പോഷിപ്പിച്ച് വോട്ട് വിളയുന്ന മരമാക്കി വളര്‍ത്തി അധികാരം പിടിക്കുന്ന കാലത്ത്, നമ്പൂതിരി മുതല്‍ നായാടി വരെയുള്ളവരുടെ ഐക്യത്തിന്റെ പേര് പറഞ്ഞ് വെള്ളാപ്പള്ളി നടേശന്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുമ്പോള്‍ പഴയതിന് സമാനമായ പേര് സ്വീകരിച്ചതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും ഗുണമോ ദോഷമോ ഉണ്ടാകുമായിരുന്നില്ല. എന്നിട്ടും സേന എന്ന വാക്ക് കൂടി ഉള്‍ക്കൊള്ളുന്ന പേര് സ്വീകരിക്കാന്‍ വെള്ളാപ്പള്ളി തീരുമാനിച്ചത് എന്തുകൊണ്ടായിരിക്കും? വാക്കിലും പ്രവൃത്തിയിലും ആക്രമണോത്സുകതയുണ്ടാകുമെന്ന സന്ദേശം നല്‍കുക എന്നതല്ലാതെ മറ്റൊന്നാകാന്‍ ഇടയില്ല.
പ്രതിരോധമെന്ന പേരിലാണ് സേനയുടെ സംഘാടനമെങ്കിലും ആക്രമണമാണ് ലക്ഷ്യമെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. പാര്‍ട്ടി രൂപവത്കരിക്കുക എന്ന ഉദ്ദേശ്യം പരസ്യമായി പറയുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വെള്ളാപ്പള്ളി അതിന് തുടക്കമിടുകയും ചെയ്തു. കേരളത്തിലും കര്‍ണാടകത്തിലും “ലവ് ജിഹാദ്” വ്യാപകമെന്ന ആരോപണവുമായി സംഘ്പരിവാര്‍ സംഘടന രംഗത്തുവന്നപ്പോള്‍ അതിനെ പിന്തുണക്കാന്‍ രംഗത്തുവന്നവരില്‍ മുമ്പന്‍ വെള്ളാപ്പള്ളിയായിരുന്നു. സമ്പത്തും ആഢ്യത്വവുമുള്ള ഹിന്ദു കുടുംബങ്ങളിലെ പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കി വഞ്ചിക്കുകയോ മതം മാറ്റിക്കുകയോ ചെയ്യുന്ന മാഫിയ കേരളത്തില്‍ സജീവമാണെന്ന് അന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. അന്ന് മുതലിന്നോളം വെള്ളാപ്പള്ളി പറഞ്ഞ ഓരോ കാര്യത്തെയും സേനാ രൂപവത്കരണത്തിന്റെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്താല്‍ ഏത് വിധത്തിലാണ് അക്രമോത്സുകമാകാന്‍ ഉദ്ദേശിക്കുന്നത് എന്നത് കൂടുതല്‍ വ്യക്തമാകും. കോഴിക്കോട്ട് രണ്ട് ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കവെ മരണത്തിന് കീഴടങ്ങിയ യുവാവിന്റെ കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ എതിര്‍ത്തത് ആ പട്ടികയില്‍ ഒന്ന് മാത്രമാണ്.
നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യമെന്നതിനപ്പുറത്ത് ഭാരത് ധര്‍മ ജന സേനയുടെ കാര്യപരിപാടിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. രാജ്യത്തെ മുസ്‌ലിംകളുടെ സാമൂഹിക, സാമ്പത്തിക അവസ്ഥ പഠിച്ച് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി നിര്‍ദേശിച്ചതുപോലുള്ള കാര്യങ്ങള്‍ നായാടി മുതല്‍ നമ്പൂതിരി വരെയുള്ള സമുദായങ്ങള്‍ക്കും വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്. മുതല്‍ – വരെ പട്ടികയില്‍ ഉള്‍ക്കൊള്ളുന്ന സമുദായങ്ങളുടെ സവിശേഷമായ പ്രശ്‌നങ്ങള്‍ എന്തൊക്കെ എന്ന് സേന രൂപവത്കരിക്കുന്നതിന് മുമ്പ് പഠിച്ചിട്ടുണ്ടോ എന്ന് അറിയില്ല. അത് പഠിക്കാന്‍ പോകുന്നതേയുള്ളൂവെന്നാണ് വിവരം. ഈ പ്രശ്‌നങ്ങളെ ഏത് വിധത്തിലാണ് സേനയുടെ പൊതുഅജന്‍ഡയുടെ ഭാഗമാക്കുക എന്നതില്‍ വ്യക്തതയില്ല. അധികാരം ലാക്കാക്കുന്ന ഒരു പാര്‍ട്ടിക്ക് സംസ്ഥാനത്തിന്റെ പൊതു പ്രശ്‌നങ്ങളെക്കുറിച്ചും കാഴ്ചപ്പാട് ഉണ്ടാകേണ്ടതുണ്ട്. വ്യവസായം മുതല്‍ പരിസ്ഥിതി വരെയുള്ള വിഷയങ്ങളില്‍ നയം ആവിഷ്‌കരിക്കണം. അതേക്കുറിച്ചൊക്കെ എന്തെങ്കിലും ആലോചന നടന്നതായി ഇതുവരെ വിവരമില്ല. അതേക്കുറിച്ചൊന്നും സേനാ പ്രഖ്യാപനത്തിന് മുമ്പ് വെള്ളാപ്പള്ളിയോ നേതൃനിരയിലുള്ള മറ്റുള്ളവരോ ഒന്നും പറഞ്ഞിട്ടുമില്ല.
വെറുപ്പിന്റെ വിത്ത് വിതച്ച് അധികാരം കൊയ്യാന്‍ ശ്രമിക്കുക എന്നതിനപ്പുറത്തൊരു നയ നിലപാട് ശിവസേന മുതല്‍ ഹനുമാന്‍ സേന വരെയുള്ളവക്കില്ല. അതിന്റെ പതിപ്പ് മാത്രമേ ഭരത് ധര്‍മ ജന സേന എന്നതുകൊണ്ട് വെള്ളാപ്പള്ളി ഉദ്ദേശിക്കുന്നൂള്ളൂവെന്ന് ചുരുക്കം. അത്രമാത്രമേ, വെള്ളാപ്പള്ളിയെക്കൊണ്ട് ഈ വേഷം കെട്ടിച്ചവരും ഉദ്ദേശിക്കുന്നൂള്ളൂ. തങ്ങള്‍ നേരിട്ട് ശ്രമിച്ചിട്ട് നടക്കാത്തത്, വെള്ളാപ്പള്ളിയെ മുന്‍നിര്‍ത്തി നേടിയെടുക്കാനാകുമോ എന്ന ശ്രമം. അതിന് പറ്റിയത്, വാക്കുകള്‍ കൊണ്ടെങ്കിലും അക്രമോത്സുകമാകുന്ന സേന തന്നെയാണ്. ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള വെറുപ്പ് വളര്‍ത്തുക എന്നതാണ് സേന നിറവേറ്റേണ്ട ധര്‍മം. അതിന് പാകത്തിലുള്ള ജനത്തെയാണ് സേനയും അതിന്റെ സംഘാടകരും പ്രതീക്ഷിക്കുന്നത്.
ആകയാല്‍ നാമകരണം ഉചിതമായെന്നതില്‍ തര്‍ക്കം വേണ്ട. സേനാ രൂപങ്ങളില്‍ ഏതേതിന്റെയൊക്കെ പ്രവര്‍ത്തനരീതികള്‍ അത് പകര്‍ത്തുമെന്ന് മാത്രമേ കാത്തിരുന്ന് കാണേണ്ടതുള്ളൂ. വാക്കാണ് ഇവിടെ ആയുധം. അത് തലങ്ങും വിലങ്ങും പ്രയോഗിക്കും. നരേന്ദ്ര മോദി പ്രധാനമന്ത്രി പദമേറ്റെടുത്തതിന് ശേഷം രാജ്യത്താകമാനം നിലനില്‍ക്കുന്ന വര്‍ഗീയ അസഹിഷ്ണുതയുടെ അന്തരീക്ഷം കേരളത്തില്‍ പടര്‍ത്താന്‍ പാകത്തില്‍. അവിടെ മറ്റ് നയങ്ങളോ നിലപാടുകളോ പ്രശ്‌നമാക്കേണ്ടതുമില്ല. വെള്ളാപ്പള്ളിയുടെ പാര്‍ട്ടി സ്വീകാര്യമാകുമോ അതിന് രാഷ്ട്രീയ പിന്തുണ കിട്ടുമോ എന്നതൊന്നും ഇവിടെ പ്രശ്‌നമേയല്ല. വിവിധ സമുദായങ്ങളുടെ ഇടയിലേക്ക് കൂടുതല്‍ ആഴ്ന്നിറങ്ങാന്‍ ബി ജെ പിക്ക് അവസരമുണ്ടാകുമോ എന്നതാണ് പ്രധാനം. അതിന് മണ്ണൊരുക്കാന്‍ പാകത്തില്‍ തീരുമാനിക്കപ്പെട്ടതാണ് ഈ പേരും. പല കാരണങ്ങളാല്‍ കോണ്‍ഗ്രസിന്റെയും സി പി എമ്മിന്റെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ലൈംഗികാരോപണത്തിലേക്ക് നീളുന്ന അഴിമതിയാണ് കോണ്‍ഗ്രസിന് പ്രധാന തലവേദനയെങ്കില്‍ മാറുന്ന കാലത്തോട് മുഖം തിരിഞ്ഞുനില്‍ക്കുന്നതാണ് സി പി എമ്മിന്റെ പ്രശ്‌നം. ഈ വിശ്വാസരാഹിത്യത്തില്‍ നിന്ന് കൂടിയാകും സേന, അംഗങ്ങളെ തേടുക. അവിടെ വാക്കില്‍ നിറയുകയും പേരില്‍ പ്രതീക്ഷിക്കുകയും ചെയ്യുന്ന അക്രമോത്സുകത ഈടുള്ള നിക്ഷേപമാണ്. ശിവസേന മുതല്‍ ഹനുമാന്‍ സേന വരെയുള്ളവയുടെ വിവിധ ഘടകങ്ങളെ സമന്വയിപ്പിച്ച് നടത്തുന്ന നിക്ഷേപം.