Connect with us

Articles

കേരളവും ഹര്‍ത്താല്‍വിരുദ്ധ ബില്ലും

Published

|

Last Updated

കേരള ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ നിയമസഭാ സെലക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടിരിക്കുന്നു. മാധ്യമങ്ങള്‍ മുഖേന മൂന്ന് ദിവസത്തെ അറിയിപ്പ് കൂടാതെ ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നത് നിയന്ത്രിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ നിര്‍ബന്ധിച്ചോ ഹര്‍ത്താല്‍ നടത്തുന്നതും ബില്‍ വിലക്കുന്നു. പൊതുസ്ഥാപനങ്ങളുടെ പ്രവര്‍ത്തനമോ യാത്രയോ തടസ്സപ്പെടുത്താന്‍ പാടില്ല. ഹര്‍ത്താല്‍ ദിനത്തില്‍ ബലമായി കടകള്‍ അടപ്പിക്കുന്നതും വാഹനയാത്ര തടസ്സപ്പെടുത്തുന്നതും ജോലിക്ക് ഹാജരാകുന്നവരെ തടയുന്നതും ബില്‍ വിലക്കുന്നു. നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുകയോ നടത്തുകയോ ചെയ്യുന്നവര്‍ക്ക് ആറു മാസം വരെ തടവോ അല്ലെങ്കില്‍ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ഉറപ്പ് വരുത്തുന്നുണ്ട്. ഹര്‍ത്താല്‍ നടത്തുന്നവര്‍ മുന്‍കൂര്‍ തുക ഈടായി നിക്ഷേപിക്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഹര്‍ത്താല്‍ മൂലം ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാനായിട്ടാണ് ഈ മുന്‍കൂര്‍ തുക ഈടായി നല്‍കുന്നത്.
തീര്‍ച്ചയായും, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശിച്ച ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ നടപ്പിലായാല്‍ കേരളത്തിലെ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ആശ്വാസം ചെറുതായിരിക്കുകയില്ല. കേരളാ ഹര്‍ത്താല്‍ നിയന്ത്രണ ബില്ലിന് കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ നിര്‍ണായക ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നതില്‍ സംശയിക്കേണ്ടതില്ല. പ്രതിഷേധത്തെയോ, സമരങ്ങളെയോ അടിച്ചമര്‍ത്തുകയോ ഇല്ലാതാക്കുകയോ ചെയ്യാന്‍ വേണ്ടിയല്ല ഈ ബില്‍, മറിച്ച് അകാരണമായി അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ ജനങ്ങളുടെ സാമൂഹിക ജീവിതത്തില്‍ ഉണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ തടയുക എന്നതാണ് ഹര്‍ത്താല്‍ നിയന്ത്രണ ബില്ലിന്റെ ലക്ഷ്യമെന്ന് ഇത് അവതരിപ്പിച്ചു കൊണ്ട് ആഭ്യന്ത്രര മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ ഇത് പ്രഖ്യാപിക്കുന്നവരുടെ ജീവിതത്തെ ബാധിക്കുകയില്ലെന്നതാണ് യാഥാര്‍ഥ്യം. ബസ് സമരമാണെങ്കിലും പണിമുടക്കമാണെങ്കിലും ബന്ദാണെങ്കിലും കാശുള്ളവര്‍ക്കും നേതാക്കള്‍ക്കും അതിനെ മറികടക്കാനുള്ള സംവിധാനങ്ങളുണ്ട്. ഹര്‍ത്താല്‍ ബാധിക്കുന്നത് ദുര്‍ബല ജനവിഭാഗങ്ങളെയാണ്. വഴിമുടക്കി നടത്തുന്ന സമരങ്ങളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന നേതാക്കളുടെ വാഹനങ്ങള്‍ക്ക് സമരം ബാധകമായിരിക്കുകയില്ല. സ്വന്തം വാഹനമുള്ളവര്‍ക്കും ഹര്‍ത്താല്‍ ഒരുപരിധി വരെ മറികടക്കാനാകും. അടുത്തകാലത്തായി നാം കാണുന്ന ഒരു പ്രവണ സ്വകാര്യ വാഹനങ്ങള്‍ക്ക് ഹര്‍ത്താല്‍ ബാധകമാകാത്തതാണ്. പൊതുഗതാഗതത്തെ മാത്രം പിടിച്ചുവെച്ച് നടത്തുന്ന ഹര്‍ത്താലുകള്‍ സാധാരണക്കാരനെ മാത്രം ഉന്നംവെച്ചുള്ളതാകുന്നു.
ഒരു കാര്യം ചെയ്യുമ്പോള്‍ അത് സമൂഹത്തിലെ ഏറ്റവും താഴെ കിടയിലുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് നോക്കേണ്ടതല്ലേ? ഇങ്ങനെ വിഷയത്തെ സമീപിക്കുമ്പോള്‍ എന്താണ് നമുക്ക് കാണാന്‍ കഴിയുക? ഹര്‍ത്താല്‍ കൊണ്ട് ഏറ്റവും ദുരിതം പേറുക സമൂഹത്തിലെ ഏറ്റവും താഴെ കിടയിലുള്ളവരല്ലേ? പഠിപ്പ് മുടക്ക് പോലുള്ള പിന്നോട്ട് നടക്കുന്ന സമരങ്ങള്‍ പോലെ ഹര്‍ത്താലും നിയന്ത്രിക്കപ്പെടേണ്ടത് തന്നെയല്ലേ?
നിയസഭയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ബില്‍ അവതരിപ്പിച്ചപ്പോള്‍ ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെയാണ് ബില്‍ ഹനിക്കുന്നതെന്നായിരുന്നു എളമരം കരീം എം എല്‍ എയുടെ ആരോപണം. തൊഴിലാളികള്‍ക്ക് പണിമുടക്കാനുള്ള അവകാശത്തെയാണ് സര്‍ക്കാര്‍ നിഷേധിക്കുന്നതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. കോടിയേരി ബാലകൃഷണന്‍, എ കെ ബാലന്‍, ജി സുധാകരന്‍, വി എസ് സുനില്‍കുമാര്‍ തുടങ്ങി പേരുകേട്ട പ്രതിപക്ഷാംഗങ്ങളെല്ലാം കാര്യം മനസ്സിലാക്കാതെ കടന്നാക്രമിക്കാനാണ് ശ്രമിച്ചത്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ പ്രതിഷേധിച്ചേ മതിയാകൂ എന്ന മിഥ്യാധാരണയിലായിരിക്കണം അവര്‍ ബില്ലിനെ എതിര്‍ത്തത്. ബില്ലിലെ കാര്യങ്ങള്‍ സുതാര്യമാണ്. ഹര്‍ത്താല്‍ നിരോധനമല്ല ഹര്‍ത്താല്‍ നിയന്ത്രണ ബില്‍. യാതൊരു മുന്നറിയിപ്പുമില്ലാതെ ജനജീവിതം സ്തംഭിപ്പിക്കും വിധത്തില്‍ നടത്തുന്ന ഹര്‍ത്താലുകളെ നിയന്ത്രിക്കുക എന്നതാണ് കേരള ഹര്‍ത്താല്‍ നിയന്ത്രണ ബില്ലിന്റെ ലക്ഷ്യം. മിന്നല്‍ പണിമുടക്കുകള്‍ കൊണ്ട് എത്ര പേര്‍ക്കാണ് നേട്ടമുണ്ടാകുന്നത്? അതിനെത്ര പേര്‍ ബുദ്ധിമുട്ടനുഭവിക്കണം. മുന്നിലുള്ള വഴിയിലൂടെ നടക്കുന്നത് തടയാന്‍ ഹര്‍ത്താല്‍ നടത്തിപ്പുകാര്‍ക്ക് എന്ത് അവകാശമാണ് ഉള്ളത്.
നിയമസഭയില്‍ ബില്ലവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ ഈ ബില്‍ ഭരണ ഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും, സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജി ഹര്‍ത്താലിനെ സമര രൂപമായി ഉപയോഗിച്ചിരുന്നെന്നുമാണവര്‍ വാദിച്ചത്. എന്നാല്‍ ദേശീയ പ്രസ്ഥാന കാലത്ത് കൊളോണിയല്‍ ഭരണത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും, അടിച്ചമര്‍ത്തലുകള്‍ക്കും, ദുഷ്ഭരണത്തിനുമെതിരെയും ശക്തമായ താക്കീത് നല്‍കി അവയെ തിരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഗാന്ധിജിയുള്‍പ്പെടെയുള്ള നമ്മുടെ ദേശീയ നേതാക്കള്‍ ഹര്‍ത്താലിനെ ഒരു പ്രതിഷേധ രൂപം എന്ന നിലയില്‍ ഉപയോഗിച്ചത്. എന്നാല്‍, ഇന്ന് ഈ ഹര്‍ത്താലുകള്‍ കൊണ്ട് ഭരണകൂടത്തെ തിരുത്താന്‍ കഴിയുന്നുണ്ടോ? പ്രയോജന രഹിതമായ ഒരു ഏര്‍പ്പാടായി മാറുകയല്ലേ ഇത്?
ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളെ ബില്‍ ലംഘിക്കുന്നില്ല. ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഒരിക്കലും ഹനിക്കുന്നുമില്ല. മറിച്ച് നിര്‍ബന്ധിത പണിമുടക്കും വഴിനടക്കുന്നവരെ തടസ്സപ്പെടുത്തലും ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും ഹര്‍ത്താല്‍ നടത്തുന്നതുമാണ് ബില്‍ വിലക്കുന്നത്. നിര്‍ബന്ധിച്ച് നടത്തുന്ന ഹര്‍ത്താല്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശങ്ങളില്‍ പെട്ടതല്ല. മറിച്ച് യാത്രചെയ്യാനും ജോലി ചെയ്യാനുമുള്ള പൗരന്മാരുടെ സ്വാതന്ത്ര്യത്തെയാണ്, മൗലിക അവകാശത്തെയാണ് ഹര്‍ത്താലുകള്‍ ഹനിക്കുന്നത്. മറ്റുള്ളവര്‍ വഴി നടക്കുന്നത് തടയാന്‍ ഭരണഘടന ഇന്ത്യന്‍ പൗരന് മൗലികാവകാശം നല്‍കുന്നുണ്ടോ? ഒരാള്‍ക്ക് വേണമെങ്കില്‍ തൊഴില്‍ ചെയ്യാതെ പ്രതിഷേധിക്കാം. എന്നാല്‍, തൊഴില്‍ ചെയ്യണമെന്ന് കരുതുന്ന മറ്റൊരാളെ കല്ലെറിയാന്‍ ഏത് ഭരണഘടനയാണ് ഒരാള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കുന്നത്?
സര്‍ക്കാറിന്റെ നയങ്ങളും തീരുമാനങ്ങളും ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെങ്കില്‍, അത് ജനങ്ങളെ ബോധ്യപ്പെടുത്തി, സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഹര്‍ത്താല്‍ നടത്തുന്ന വിവരം മുന്‍കൂട്ടി അറിയിച്ച് നടത്തിയാല്‍ ഹര്‍ത്താലിന്റെ ദ്രോഹം ഒരു ചെറിയൊരു ശതമാനം കുറക്കാന്‍ കഴിയും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പൊതുജനങ്ങളെ നിര്‍ബന്ധിച്ച് വാഹനങ്ങള്‍ തടയേണ്ടി വരില്ല. ജോലിക്ക് ഹാജരാകുന്നവരെ വിലക്കേണ്ടി വരില്ല. റോഡില്‍ ടാറ് കത്തിച്ച് ഗതാഗതം മുടക്കുകയോ ഓഫീസിന് കല്ലെറിഞ്ഞ് ചില്ല് തകര്‍ക്കുകയോ വേണ്ടിവരില്ല. കാരണം അന്ന് തങ്ങളുടെ അവകാശ നിഷേധിക്കപ്പെടുന്നുണ്ട് എന്ന ബോധ്യമുള്ള ജനങ്ങള്‍ വാഹനങ്ങള്‍ നിരത്തിലിറക്കുകയോ ജോലിക്ക് വരികയോ ചെയ്യില്ല. അതിന് ശ്രമിക്കാതെ വടിയും കല്ലുമെടുത്ത് ഹര്‍ത്താല്‍ വിജയിപ്പിക്കുന്ന് മനുഷ്യത്വവിരുദ്ധമാണ്.
സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തങ്ങളേയും എതിര്‍ക്കുക എന്ന ലക്ഷ്യത്തോടെ മാത്രം നടത്തുന്ന ഹര്‍ത്താലുകള്‍, സമരങ്ങള്‍ നിയന്ത്രിക്കേണ്ടതാണ്, നിരോധിക്കേണ്ടതാണ്.

 

---- facebook comment plugin here -----

Latest