Connect with us

Sports

ദേശീയ റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനവുമായി ഐശ്വര്യ

Published

|

Last Updated

കോഴിക്കോട്: ദേശീയ റെക്കോര്‍ഡിനെ മറികടക്കുന്ന പ്രകടനം കാഴ്ചവെച്ച് ഇരട്ട സ്വര്‍ണം വാരി ഐശ്വര്യ. ജൂനിയര്‍ ഗേള്‍സ് വിഭാഗം ഹാമര്‍ത്രോയിലും, ട്രിപ്പിള്‍ ജംപിലുമാണ് ഈ മിടുക്കിയുടെ പ്രകടനം. 59-ാമത് സ്‌കൂള്‍ കായിക മേളയില്‍ പങ്കെടുത്ത രണ്ടിനത്തിലും ദേശീയ റെക്കോര്‍ഡിനെ മറികടക്കുന്ന പ്രകടനം പുറത്തെടുത്ത ഏക താരമാണ് എറണാകുളം മതിരാപ്പിള്ളി ജി വി എച്ച് എസ് എസിലെ ഈ പത്താം ക്ലാസ് വിദ്യാര്‍ഥിനി. ട്രിപ്പിള്‍ ജംപില്‍ കഴിഞ്ഞ വര്‍ഷവും സ്വര്‍ണം നേടിയ ഐശ്വര്യ ഹാമര്‍ത്രോയില്‍ കഴിഞ്ഞ വര്‍ഷം നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു.
ട്രിപ്പിള്‍ ജംപില്‍ 12.43 മീറ്റര്‍ ദൂരം ചാടിയ ഐശ്വര്യ അഞ്ച് വര്‍ഷം മുമ്പ് കോരുത്തോട് സി കെ എം എച്ച് എസ് എസിലെ ജെനിമോള്‍ ജോയ് സ്ഥാപിച്ച 12.12 മീറ്ററാണ് പഴങ്കഥയാക്കിയത്. 2006 ല്‍ പൂനെയില്‍ നടന്ന ദേശീയ സ്‌കൂള്‍ മീറ്റില്‍ പശ്ചിമബംഗാള്‍ താരം ശിബാനി ഭൂമ്ജിയുടെ 12.36 മീറ്ററിനേക്കാള്‍ ദൂരം ഐശ്വര്യക്ക് ഇത്തവണ ചാടിയെത്താന്‍ കഴിഞ്ഞു. ലോംഗ്ജംപില്‍ 5.53 മീറ്റര്‍ ദൂരം ചാടി സ്വര്‍ണം നേടിയിരുന്ന പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച് എസിലെ ലിസ്ബത്ത് കരോളിനാണ് ഈ ഇനത്തില്‍ വെള്ളി.
നാല് കിലോ ഹാമര്‍ത്രോ വിഭാഗത്തില്‍ 38.36 മീറ്റര്‍ ദൂരമെറിഞ്ഞ ഐശ്വര്യ, 2013ല്‍ അഞ്ജു കുര്യാക്കോസ് സ്ഥാപിച്ച 36.04 മീറ്റ് റെക്കോര്‍ഡാണ് മറികടന്നത്. റാഞ്ചിയില്‍ 2014ല്‍ നടന്ന ദേശീയ സ്‌കൂള്‍ മീറ്റില്‍ ഉത്തര്‍പ്രദേശ് താരം ഐഷ പട്ടേല്‍ (36.60) എറിഞ്ഞതിനേക്കാള്‍ രണ്ട് മീറ്ററോളം അധികം എറിഞ്ഞു.