Connect with us

Gulf

പൊതുമാര്‍ക്കറ്റിനും സാമ്പത്തിക പൗരത്വത്തിനും ജി സി സി പ്രാപ്തം

Published

|

Last Updated

ദോഹ: ജി സി സി രാഷ്ട്രങ്ങള്‍ക്കിടയില്‍ പൊതു മാര്‍ക്കറ്റും, സാമ്പത്തിക പൗരത്വവും സ്ഥാപിക്കാന്‍ ജി സി സി പ്രാപ്തമാണെന്ന്് ജി സി സി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാശിദ് അല്‍ സയാനി. സ്വത്ത് സ്വന്തമാക്കല്‍, താമസം, ഉന്നത ജോലി, വ്യാപാരം തുടങ്ങിയവക്ക് ജി സി സി പൗരന്‍മാര്‍ക്ക് തുല്യ അവസരമൊരുക്കുന്നതാണിത്. മാത്രമല്ല, വിദ്യാഭ്യാസം, ആരോഗ്യം, ഇന്‍ഷ്വറന്‍സ് തുടങ്ങിയവക്കും തുല്യാവസരമുണ്ടാകും. 35 ാമത് ജി സി സി സുപ്രീം കൗണ്‍സിലിന് ആതിഥേയത്വം വഹിക്കുന്ന ഖത്വര്‍ നടത്തിയ പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നേതൃത്വത്തില്‍ നിര്‍മാണാത്മക ഇടപെടലാണ് ഖത്വര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഖത്വര്‍ വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
മേഖലയിലെ രാഷ്ട്രീയ, സുരക്ഷാ, സാമ്പത്തിക മേഖലയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സഊദി അറേബ്യയില്‍ വരാന്‍ പോകുന്ന ജി സി സി ഉച്ചകോടി വളരെ പ്രധാനപ്പെട്ടതാണ്. സാമ്പത്തിക മേഖലയില്‍ കസ്റ്റംസ് യൂനിയന്‍ ലഘൂകരിച്ചിട്ടുണ്ട്. അംഗരാഷ്ട്രങ്ങള്‍ക്കടിയിലെ വ്യാപാരം 2014ല്‍ 140 ബില്യന്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ആഗോള, മേഖലാതല സാമ്പത്തിക ബ്ലോക്കുകളുമായി ജി സി സി ജനതയുടെ താത്പര്യമനുസരിച്ച് കാര്യക്ഷമമായി ഇടപെടാനും കൈകാര്യം ചെയ്യാനും സാധിക്കുന്ന സാമ്പത്തിക ശക്തിയായി വളരാനുള്ള തടസ്സങ്ങള്‍ കണ്ടെത്തി പരിഹരിക്കണം. അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ ശക്തമായ സാമ്പത്തിക സമന്വയം അനിവാര്യമാണ്. ജി സി സി സ്വകാര്യ മേഖലയുടെ പങ്ക് വളര്‍ത്തുകയും സംയുക്ത സംരംഭങ്ങള്‍ക്ക് നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കുകയും വേണം. വ്യവസായം, ഹൗസിംഗ്, ടൂറിസം, സേവന മേഖലകളില്‍ ഇത് അനിവാര്യമാണ്. സുപ്രീം കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുകയും നിയമങ്ങളുടെ ഏകോപനവും അനിവാര്യമാണ്. അദ്ദേഹം പറഞ്ഞു.
മേഖലയിലെ വന്‍ വളര്‍ച്ചക്ക് അനുഗുണമാകുന്ന ജി സി സി റെയില്‍വേ പദ്ധതി അതിന്റെ എന്‍ജിനീയറിംഗ് ഡിസൈനിംഗ് ഘട്ടത്തിലേക്ക് കടന്നുവെന്നും 2018ഓടെ ഈ ഘട്ടം പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ പദ്ധതിയുടെ പുരോഗതിയെ സംബന്ധിച്ച് നിരന്തരം ചര്‍ച്ചകളും അന്വേഷണങ്ങളും നടത്താറുണ്ട്. ജി സി സി റെയില്‍വേ അതോറിറ്റി സ്ഥാപിക്കുന്നതിനെ സംബന്ധിച്ച് പഠനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. യുവസമൂഹത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും അനുഗുണമാകുന്ന സുപ്രീം കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നത് ജി സി സി സെക്രട്ടേറിയറ്റ് പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. വിവിധ മന്ത്രിതല സമിതികള്‍ സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ പ്രാബല്യത്തില്‍ വരുത്താന്‍ അഞ്ച് യൂത്ത് വര്‍ക്ക്‌ഷോപ്പുകള്‍ ജനറല്‍ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ചു.
ഇരുകൂട്ടര്‍ക്കും നിര്‍മാണാത്മകവും ഉപകാരപ്രദവുമായ രീതിയിലായിരിക്കും ജി സി സി- ഇറാന്‍ ബന്ധം. അതേസമയം, ഇറാന്റെ ഭാഗത്തുനിന്ന് ആശാവഹമായ പ്രതികരണങ്ങളല്ല ഉണ്ടാകുന്നത്. യു എ ഇയുടെ ഗ്രേറ്റര്‍ ടംമ്പ്, ലെസ്സര്‍ ടംബ്, അബു മൂസ ദ്വീപുകളിലെ അവകാശവാദം ഉന്നയിക്കുകയും മേഖലാതലത്തിലോ അന്താരാഷ്ട്ര തലത്തിലോ തര്‍ക്കം പരിഹരിക്കാനുള്ള നിര്‍ദേശത്തെ ഇറാന്‍ തള്ളുകയുമാണ്. ജി സി സി രാഷ്ട്രങ്ങളിലെ ആഭ്യന്തരകാര്യങ്ങളില്‍ ഇറാന്‍ ഇടപെടുകയും തീവ്രവാദ സംഘടനകളെ സാമ്പത്തികമായും ആയുധപരമായും സഹായിക്കുകയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest