Connect with us

Gulf

ഇന്ധനവില സ്ഥിരതക്കായി ഖത്വര്‍ ശക്തമായി ഇടപെട്ടു

Published

|

Last Updated

ഇന്റര്‍നാഷനല്‍ പെട്രോളിയം ടെക്‌നോളജി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത്
പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി സംസാരിക്കുന്നു

ദോഹ: ആഗോള എണ്ണ വിപണിയില്‍ സ്ഥിരത ഉറപ്പുവരുത്താന്‍ ഖത്വര്‍ വേണ്ടതെല്ലാം ചെയ്തുവെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി. വിതരണത്തിന്റെയും വിലയുടെയും സ്ഥിരതക്കാണ് ശ്രമിച്ചത്. വിതരണവും ആവശ്യവുമായും ബന്ധമില്ലാത്ത അസ്ഥിരത ഉത്പാദകര്‍ക്കോ ഉപഭോക്താക്കള്‍ക്കോ താത്പര്യമില്ലാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദോഹ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒമ്പതാമത് ഇന്റര്‍നാഷനല്‍ പെട്രോളിയം ടെക്‌നോളജി കോണ്‍ഫറന്‍സ് (ഐ പി ടി സി) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവി സുസ്ഥിര ഊര്‍ജത്തിന് പങ്കാളിത്തവും സാങ്കേതികവിദ്യയും എന്നതാണ് ഇപ്രാവശ്യത്തെ സമ്മേളനത്തിന്റെ മുദ്രാവാക്യം.
ആഗോള എണ്ണ വിപണിയില്‍ ഖത്വറിന് അഭിമാനാര്‍ഹമായ സ്ഥാനമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പെട്രോളിയം സാങ്കേതികവിദ്യകളും മേഖലയിലെ പുതിയ സങ്കേതങ്ങളും അവതരിപ്പിക്കുന്ന ഈ സമ്മേളനം വളരെ പ്രധാനപ്പെട്ടതാണ്. ഇന്ധന മേഖലയില്‍ വളരെയേറെ സംഭാവനകള്‍ അര്‍പ്പിക്കാന്‍ 2005 മുതലുള്ള സമ്മേളനം കാരണം സാധിച്ചിട്ടുണ്ട്. ആഗോള വിപണിയിലെ 40000ലേറെ വിദഗ്ധരെയും ഉദ്യോഗസ്ഥരെയും സമ്മേളനം ആകര്‍ഷിച്ചിട്ടുണ്ട്. അതിനൂതന സാങ്കേതികവിദ്യകളുടെ ഉപയോഗവും വിപുലമായ പദ്ധതികളുമാണ് പെട്രോളിയം വ്യവസായ മേഖലയില്‍ ഖത്വര്‍ വെന്നിക്കൊടി പാറിക്കാനുള്ള പ്രധാന കാരണം. ആഗോള ഊര്‍ജ വിപണിയില്‍ പുതിയ തരംഗങ്ങള്‍ ദൃശ്യമാണെങ്കിലും പ്രകൃതി വിഭവങ്ങളില്‍ ശുഭപ്രതീക്ഷയോടെ നിക്ഷേപം നടത്തുകയാണ് ഖത്വര്‍. അദ്ദേഹം പറഞ്ഞു.
ഇന്ധനവിലയിടിവ് ഉപഭോക്താവിന്റെ താത്പര്യമാണെങ്കിലും എണ്ണ, വാതകം, പെട്രോകെമിക്കല്‍ വ്യവസായ മേഖലകളിലെ ബൃഹദ് നിക്ഷേപങ്ങള്‍ക്ക് കനത്ത പ്രഹരമാണ് ഇതുണ്ടാക്കുക. സുസ്ഥിര വികസനം ഉറപ്പുവരുത്താന്‍ വിശാല ചര്‍ച്ചകള്‍ അനിവാര്യമാണ്. കാലാവസ്ഥാ വ്യതിയാനത്തിന് കാര്യക്ഷമവും സുസ്ഥിരവുമായ പരിഹാരം കാണാന്‍ മേഖലയിലെ ഗവേഷണത്തിനും വികസനങ്ങള്‍ക്കും സാധിക്കുമെന്നതില്‍ സംശയമില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest