Connect with us

Editorial

ഇന്ത്യാ-പാക് എന്‍ എസ് എ തല ചര്‍ച്ച

Published

|

Last Updated

ഇന്ത്യാ – പാക് ബന്ധത്തില്‍ പുത്തന്‍ പ്രതീക്ഷകളുണര്‍ത്തുന്നതാണ് ഞായറാഴ്ച ബാങ്കോക്കില്‍ നടന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ (എന്‍ എസ് എ) ചര്‍ച്ച. ആഗസ്റ്റ് 23ന് നടക്കേണ്ടിയിരുന്നതും ചില വിഷയങ്ങളില്‍ ഇരു ഭാഗത്ത് നിന്നുമുണ്ടായ കടുംപിടിത്തം കാരണം മുടങ്ങിപ്പോയതുമായ ചര്‍ച്ചയാണ് അവിചാരിതമായി അവിടെ നടന്നത്. ഇന്ത്യാ-പാക് വിദേശകാര്യ സെക്രട്ടറിമാരുടെ സാന്നിധ്യത്തില്‍ എന്‍ എസ് എ അജിത് ഡോവലും പാക്കിസ്ഥാന്റെ എന്‍ എസ് എ നസീര്‍ ഖാന്‍ ജാന്‍ജുവയും തമ്മില്‍ നടന്ന നാല് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ തീവ്രവാദം, അതിര്‍ത്തിയിലെ സുരക്ഷ, ജമ്മു കാശ്മീര്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി സംയുക്ത പ്രസ്താവന വെളിപ്പെടുത്തുന്നു. കാലാവസ്ഥാ വ്യതിയാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാരീസിലെത്തിയ നരേന്ദ്ര മോദി- നവാസ് ശരീഫ് കൂടിക്കാഴ്ചയാണ് ബാങ്കോക്ക് ചര്‍ച്ചക്ക് വഴിയൊരുക്കിയതെന്ന് കരുതപ്പെടുന്നു.
ആഗസ്റ്റില്‍ തീരുമാനിച്ചിരുന്ന ചര്‍ച്ചക്ക് പാക് എന്‍ എസ് എ സര്‍താജ് അസീസ് ന്യൂഡല്‍ഹിയില്‍ എത്താന്‍ തീരുമാനിച്ചതായിരുന്നു. കാശ്മീര്‍ പ്രശ്‌നം ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണമെന്ന പാക്കിസ്ഥാനും തീവ്രവാദമാണ് ചര്‍ച്ചാവിഷയമെന്ന് അംഗീകരിച്ചാലേ ചര്‍ച്ചയുള്ളൂവെന്ന് ഇന്ത്യയും വാശി പിടിച്ചതോടെയാണ് അന്നത്തെ കൂടിക്കാഴ്ച മുടങ്ങിയത്. ചര്‍ച്ചക്ക് മുന്നോടിയായി പാക്കിസ്ഥാന്‍ തീവ്രവാദി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതും ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യയുടെ കടുത്ത നിലപാടാണ് ചര്‍ച്ച മുടക്കിയതെന്ന് പാക്കിസ്ഥാന്‍ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഇസ്‌ലാമാബാദിലും അതേ നാണയത്തില്‍ മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഡല്‍ഹിയിലും പത്രസമ്മേളനം നടത്തുകയും ചെയ്തു. ഇത് ഉഭയകക്ഷി ബന്ധത്തില്‍ കൂടുതല്‍ വിള്ളലുകള്‍ സൃഷ്ടിക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ ബാങ്കോക്ക് ചര്‍ച്ചക്ക് പ്രാധാന്യമേറെയുണ്ട്. ഇന്ത്യാ- പാക് പ്രശ്‌നത്തിന് ചര്‍ച്ച മാത്രമാണ് പരിഹാരമെന്ന് അടുത്തിടെ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഇരു പ്രധാനമന്ത്രിമാരെയും ഉണര്‍ത്തുകയും ചെയ്തിരുന്നു.
ബാങ്കോക്ക് ചര്‍ച്ചയെ തിങ്കളാഴ്ച പാര്‍ലിമെന്റില്‍ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചതിന്റെ താത്പര്യമെന്തെന്ന് മനസ്സിലാകുന്നില്ല. ചര്‍ച്ച മുന്‍കൂട്ടി പാര്‍ലിമെന്റിനെ അറിയിക്കണമായിരുന്നുവെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചു കളി നടത്തുകയാണന്നുമാണ് കോണ്‍ഗ്രസിന്റെ കുറ്റപ്പെടുത്തല്‍. സര്‍ക്കാറിന്റെ ഏത് നടപടിയെയും കണ്ണടച്ചു വിമര്‍ശിക്കുന്ന പ്രതിപക്ഷ നയം ആശാസ്യമല്ല. ഇന്ത്യാ-പാക് തര്‍ക്കം പരിഹൃതമാകരുതെന്നും ഇരു രാജ്യങ്ങളും എന്നും ശത്രുതയില്‍ കഴിയണമെന്നും ആഗ്രഹിക്കുന്ന വിധ്വംസക ശക്തികള്‍ ഇരു രാജ്യത്തുമുണ്ട്. പാക് പട്ടാളവും രഹസ്യാന്വേഷണ ഏജന്‍സിയായ ഐ എസ് ഐയും അതിര്‍ത്തിയില്‍ എപ്പോഴും പ്രശ്‌നങ്ങള്‍ നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവരാണ്. പ്രശ്‌നം കത്തിനില്‍ക്കുന്നതാണ് പാക് സമൂഹത്തില്‍ തങ്ങളുടെ സ്വാധീനം നിലനിര്‍ത്താന്‍ സഹായകമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. ഇന്ത്യയിലുമുണ്ട് ഇത്തരം ചില ദുഷ്ട ചിന്താഗതിക്കാര്‍. സാംസ്‌കാരിക സൗഹൃദങ്ങള്‍ പോലും ഇവര്‍ക്ക് അസഹനീയമാണ്. ഇതുകൊണ്ടായിരിക്കണം ചര്‍ച്ച മുന്‍കൂട്ടി പ്രഖ്യാപിക്കാതിരുന്നത്. അടുത്ത കാലങ്ങളില്‍ മുമ്പേ തീരുമാനിച്ചു പരസ്യപ്പെടുത്തിയ ഉഭയകക്ഷി ചര്‍ച്ചകളെല്ലാം അവതാളത്തിലാകുകയാണുണ്ടായതെന്ന കാര്യവും ശ്രദ്ധേയമാണ്. ചര്‍ച്ച രഹസ്യമാക്കിയതില്‍ ദേശീയ വിരുദ്ധത ആരോപിച്ച് സര്‍ക്കാറിന്റെ നീക്കത്തെ നിരുത്സാഹപ്പെടുത്തുന്നതിന് പകരം ദേശീയ താത്പര്യങ്ങള്‍ക്ക് ഹാനികരമല്ലാത്ത ഏത് സമാധാന നീക്കങ്ങളേയും പിന്തുണക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുകയോ കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണടയിലൂടെ അവ നോക്കിക്കാണുകയോ ചെയ്യരുത്.
അഫ്ഗാനുമായി ബന്ധപ്പെട്ട അഞ്ചാമത് മന്ത്രിതല യോഗത്തില്‍ പങ്കെടുക്കുന്നതിന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇന്നലെ പാക്കിസ്ഥാനിലെത്തിയിട്ടുണ്ട്. ഈ സന്ദര്‍ശനത്തിനിടെ അവര്‍ പാക് നേതൃത്വവുമായി ബന്ധപ്പെട്ട് ബാങ്കോക്ക് ചര്‍ച്ചയുടെ തുടര്‍ച്ചക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. വ്യക്തമായ ധാരണയോടെയും തുറന്ന മനസ്സോടെയും പ്രശ്‌നങ്ങളെ സമീപിക്കുകയും വിധ്വംസക ശക്തികളുടെ പിന്നാമ്പുറ കളികളെ അതിജീവിക്കാനുള്ള നയചാതുരി കാണിക്കുകയും ചെയ്‌തെങ്കിലേ പരിഹാരം സാധ്യമാകൂ. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുമ്പോള്‍ അതിര്‍ത്തിയില്‍ പുതിയ പ്രശ്‌നങ്ങളും വെടിവെപ്പും ഉടലെടുക്കുന്ന പ്രവണത സാധാരണമാണ്. സമാധാനത്തിന്റെ ശത്രുക്കളാണ് ഇതിന്റെ പിന്നില്‍. ചര്‍ച്ചകളുടെ വഴിമുടക്കുകയാണ് അവരുടെ ലക്ഷ്യം. കാശ്മീര്‍ പ്രശ്‌നപരിഹാരം, മുംബൈ സ്‌ഫോടന കേസിലെ ഭീകരര്‍ക്കെതിരെ നടപടി തുടങ്ങി സങ്കീര്‍ണവും, വിവാദങ്ങള്‍ ഉയര്‍ത്തുന്നതുമായ വിഷയങ്ങളില്‍ പരമാവധി വിട്ടുവീഴ്ച ചെയ്യുകയോ താത്കാലികമായെങ്കിലും അവ അജന്‍ഡയില്‍ നിന്ന് മാറ്റിവെക്കുകയോ ചെയ്‌തെങ്കിലേ ചര്‍ച്ച ഫലം കാണുകയുള്ളൂ. ഇന്ത്യാ- ചൈന ബന്ധത്തില്‍ ഈ നിലപാട് സ്വീകരിച്ചത് കൊണ്ടാണ് സൗഹൃദം ശക്തിപ്പെടുത്താനായത.്

Latest