Connect with us

Articles

ചെന്നൈ നല്‍കുന്ന മുന്നറിയിപ്പും താക്കീതും

Published

|

Last Updated

2007-2008 കാലത്ത് അന്നത്തെ തമിഴ്‌നാട് സര്‍ക്കാര്‍ ഹൈദരാബാദില്‍ നിന്നുള്ള കണ്‍സല്‍ട്ടന്റ് ഗ്രൂപ്പിനെ വെച്ച് ചെന്നൈ നഗരത്തിലെ പ്രളയ നിവാരണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്തതായിരുന്നു. നദികളിലും തോടുകളിലും 1,448 കോടി രൂപയുടെ കോണ്‍ക്രീറ്റ് കൊണ്ടുള്ള ഭിത്തി നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കുകയും ജനോറം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണം കണ്ടെത്തുകയും ചെയ്തു. അന്നത്തെ സര്‍ക്കാര്‍ പദ്ധതിയുടെ 25 ശതമാനത്തോളം പണി പൂര്‍ത്തിയാക്കുകയുമുണ്ടായി. എന്നാല്‍ 2011ല്‍ വന്ന സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചു. 2013ല്‍ പദ്ധതി പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. കോസസ്തലയാര്‍, കൂവം, അടയാര്‍ എന്നീ മൂന്ന് നദികളെയും ബന്ധിപ്പിക്കാനും പദ്ധതി ഉദ്ദേശിച്ചിരുന്നു. ഈത് കൂടാതെ ബക്കിംഗ്ഹാം കനാല്‍ ലിങ്കിംഗ് വഴി ബന്ധിപ്പിക്കുന്നതിന് ഉദ്ദേശിച്ചിരുന്നു. പോരൂര്‍ തടാകം നിറഞ്ഞു കവിയുമ്പോള്‍ വിരുഗംബാക്കം കനാല്‍ വഴി ജലം കൂവം നദിയിലെത്തുകയും പ്രളയ സാധ്യത വര്‍ധിക്കുന്നത് തടയുന്നതിനും കഴിയുമായിരുന്നു. കൂവം നദി ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നുചേരുന്നതിനാല്‍ വെള്ളപ്പൊക്കം ഒഴിവാക്കാനും കഴിയുമായിരുന്നു. ഉദ്ദേശം 900 കിലോമീറ്റര്‍ നീളത്തിലെ മഴവെള്ളം ഒഴുകിവന്നെത്തുന്നത് ചെന്നൈ നഗരത്തിലെ പ്രധാന നദികളിലോ ചെമ്പാരം ഭാഗം, പള്ളിക്കാരനെ, കോയം ബേട് ചതുപ്പുകളിലോ ആയിരുന്നു.
ഹൈദരാബാദ് കണ്‍സല്‍ട്ടന്റ് നിര്‍ദേശിച്ച “ലിങ്ക് പദ്ധതി” നടപ്പായിരുന്നെങ്കില്‍ ചെന്നൈ പ്രളയം ഇത്രയേറെ തീവ്രതയില്‍ എത്തില്ലായിരുന്നു. കേരളത്തില്‍ നിന്നുള്ള നദികള്‍, പമ്പ- അച്ചന്‍കോവില്‍ നദികള്‍ ബന്ധിപ്പിച്ച് വൈപ്പാര്‍ നദിയിലേക്ക് ജലം ഒഴുക്കിക്കൊണ്ടുവരാന്‍ തമിഴ്‌നാട് കാണിക്കുന്ന വ്യഗ്രത ഇക്കാര്യത്തില്‍ കാണിച്ചിരുന്നെങ്കില്‍ ചെന്നൈ പ്രളയത്തിന്റെ തീവ്രത കുറക്കാമായിരുന്നു. 2013-2014ലെ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ കോസസ്തലയാര്‍- കൂവം- അടയാര്‍- ബക്കിംഗ് ഹാം കനാല്‍- വിരുഗം ബാക്കം കനാല്‍ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാതിരുന്നതിന് ഓഡിറ്റ് ഒബ്ജക്ഷന്‍ എഴുതിയതാണ്. പ്രളയ നിയന്ത്രണത്തില്‍ വീഴ്ച വരുത്തിയതിലും പദ്ധതി നടത്തിപ്പിലെ ഉപേക്ഷയിലും കടുത്ത ഭാഷയിലാണ് ഓഡിറ്റര്‍ ജനറല്‍ സര്‍ക്കാറിനെ ശാസിച്ചത്.
മഴ വര്‍ധിച്ചതിനേക്കാളുപരി അശാസ്ത്രീയ ആസൂത്രണവും നഗരാസൂത്രണത്തിലെ അപാകങ്ങളും പൊതു ഇടങ്ങള്‍ കൈയേറിയത് തടയുന്നതില്‍ സര്‍ക്കാര്‍ കാണിച്ച ഉപേക്ഷയും ചതുപ്പുകള്‍ നികത്തി വികസനം നടത്തിയതുമാണ് ചെന്നൈ പ്രളയം രൂക്ഷമാകുന്നതിന് മുഖ്യ കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. നഗരത്തിന്റെ 2005 മുതല്‍ 2015 വരെയുണ്ടായ വികസനക്കുതിപ്പില്‍ 300 ജലസ്രോതസ്സുകളും 474 കണ്ടല്‍ തുരുത്തുകളും എണ്ണമറ്റ തണ്ണീര്‍ത്തടങ്ങളും കിലോമീറ്ററുകളോളം നദീതീരങ്ങളും ചതുപ്പുകളും എന്നെന്നേക്കുമായി അപ്രത്യക്ഷമായി. വികസനത്തിന്റെ പേരില്‍ പ്രകൃതി ദത്തമായുണ്ടായിരുന്ന ചതുപ്പുകളും ജലസ്രോതസ്സുകളും നശിപ്പിച്ച് ഐ ടി കോറിഡോറുകളും അന്താരാഷ്ട്ര വിമാനത്താവളങ്ങളും നോളജ് കോറിഡോറുകളും ഓട്ടോമൊബൈല്‍ ടെലികോം വ്യവസായത്തിനായി സ്‌പെഷ്യല്‍ ഇക്കണോമിക് സോണുകളും പാര്‍പ്പിട സമുച്ചയങ്ങളും തീര്‍ത്തു. കായലിന്റെയും പാടശേഖരങ്ങളുടെയും ചതുപ്പുകളുടെയും നദികളുടെയും തോടുകളുടെയും കനാലുകളുടെയും ഇടത്തോടുകളുടെയും വിലമതിക്കാനാകാത്ത ഉപകാരം മനസ്സിലാക്കാന്‍ കഴിയാത്ത മനുഷ്യര്‍, വെള്ളപ്പൊക്കം തടയാനും ഇക്കോ സിസ്റ്റം നിലനില്‍പ്പിനും വേണ്ടി നിലകൊള്ളുന്ന പ്രകൃതിദത്തമായ സംവിധാനങ്ങളൊക്കെ നികത്തിയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയും ഇല്ലാതാക്കി.
2015 നവംബര്‍ 11 മുതല്‍ ഡിസംബര്‍ നാല് വരെ ചൈന്നൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും താണ്ഡവമാടിയ പ്രളയക്കെടുതിയിലൂടെയെങ്കിലും ഈ വസ്തുത മനസ്സിലാക്കിയാല്‍ ഭാവി തലമുറയെങ്കിലും രക്ഷപ്പെടും. 1969,76, 85, 96,98, 2005 എന്നീ വര്‍ഷങ്ങളിലെല്ലാം ചെന്നൈ നഗരത്തെ പ്രളയം ബാധിച്ചിട്ടുണ്ട്. എന്നിട്ടും ഭരണനേതൃത്വം അതിനെയെല്ലാം കണ്ടില്ലെന്ന് നടിച്ചതാണ് ജനങ്ങള്‍ക്ക് ദുരിതം വിതച്ച് 2015ല്‍ ചെന്നൈ പ്രളയം വന്നത്. 2015 ഡിസംബര്‍ ഒന്നാം തീയതി ചെവ്വാഴ്ച രാവിലെ എട്ട് മുതല്‍ 24 മണിക്കൂര്‍ പെയ്തത് 34. 5 സെന്റീ മീറ്റര്‍ മഴയാണ്.
പ്രളയ ബാധിത പ്രദേശമാണെന്ന് തിരിച്ചറിഞ്ഞിട്ട് പോലും വികസനത്തിന്റെ പേരിലും മുതല്‍മുടക്കിന്റെ പേരിലും ചെന്നൈ നഗരത്തില്‍ നടന്നത് പ്രകൃതി നശീകരണ പ്രക്രിയകളായിരുന്നു. 1,50,000 അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നഗരത്തില്‍ നടന്നു. 300 ജലസംഭരണികളും കനാലുകളും തടാകങ്ങളും അപ്രത്യക്ഷമായി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാര്‍ക്ക് രണ്ട് തോടുകളില്‍ നിന്നും ജലം ഒഴുകിയെത്തിയിരുന്ന സ്ഥലത്തായിരുന്നതിനാല്‍ പ്രളയത്തില്‍ മുങ്ങി. മദ്രാസ് ഐ ഐ ടി എന്‍ജിനീയറിംഗ് സ്‌കൂള്‍ നിര്‍മാണവുമായി 52 ഏക്കര്‍ വനമേഖല ക്ലിയര്‍ ചെയ്തു. 2001 മുതല്‍ 2013 വരെ 8000 മരങ്ങള്‍ വെട്ടി നശിപ്പിച്ചതായി പരാതിയുണ്ട്. ഐ ഐ ടി ക്യാമ്പസിന് സമീപം നാഷനല്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള സ്ഥലത്ത് 39 പുതിയ പദ്ധതികളാണ് നടപ്പാക്കിയത്. ഒരൊറ്റ പദ്ധതിക്ക് പോലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അനുമതി ലഭിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. നഗരത്തിലെ ഖരമാലിന്യത്തിലെ പ്ലാസ്റ്റിക്കും ചെന്നൈ പ്രളയത്തിന്റെ വില്ലനായി. തോടുകളും കാനകളും അഴുക്കുചാലുകളും പ്ലാസ്റ്റിക് മാലിന്യം മൂലം അടഞ്ഞുകഴിഞ്ഞു. ജലം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനങ്ങള്‍ തീര്‍ത്തും നിശ്ചലമായതും പ്രളയത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചു. 300 പേര്‍ മരിക്കുന്നതിനും 1000 ആളുകള്‍ക്ക് പരിക്കുകള്‍ സംഭവിക്കുന്നതിനും പ്രളയം ഇടയാക്കി. 9000 ആളുകളെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷിച്ചു. ചെന്നൈ പ്രളയത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിസ്ഥിതി സൗഹൃദവും ഹരിത പിന്‍ബലവും ശാസ്ത്രീയവുമല്ലാത്ത വികസന നയവും അനാസൂത്രിതമായ വികസന തന്ത്രവുമാണെന്ന് കാണാനാകും. നിയമത്തില്‍ ഇളവുകള്‍ ലഭിക്കാന്‍ നടത്തുന്ന രാഷ്ട്രീയ ഇടപെടലും കാരണമായി. നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനുകള്‍ പണിതിരിക്കുന്നത് പ്രളയ ബാധിത പ്രദേശത്താണ്. എക്‌സ്പ്രസ് ഹൈവേയും ബൈപ്പാസ് റോഡും പണി തീര്‍ത്തത് ബക്കിംഗ് ഹാം കനാലും പള്ളിക്കാരനെ ചതപ്പും നികത്തിയാണ്. അടയാര്‍ നദീതീരം രൂക്ഷമായ കൈയേറ്റത്തിന്റെ പിടിയിലായി. കായല്‍ -നദീതീരങ്ങല്‍ നിരത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഐ ടി കോറിഡോറും നോളജ് കോറിഡോറും എന്‍ജിനീയറിംഗ് കോളജുകളും പണി തീര്‍ത്തിരിക്കുന്നത് ചതപ്പുകളും ജലാശയങ്ങളും തോടുകളും ഇടതോടുകളും നികത്തിയാണ്. ഓടകളും അഴുക്കുചാലുകളും നദികളുടെ വൃഷ്ടി പ്രദേശവും നികത്തി ടെലികോം ഓട്ടോമൊബൈല്‍ സ്‌പെഷ്യല്‍ ഇക്കണോമിക് സോണുകള്‍ നിര്‍മിച്ചു. പള്ളിക്കാരനൈ ചതപ്പിന്റെ 250 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണം 4. 3 ചതുരശ്ര കി. മീറ്റര്‍ ആയി ചുരുങ്ങിയത് വികസനത്തിന്റെ കുത്തിയൊഴുക്കിലാണ്.
ഐ ടി കോറിഡോറിഡോറിനായി 5550 ഹെക്ടര്‍ ചതുപ്പ് നികത്തിയെടുത്തു. മധുര വോയല്‍ തടാകം 120 ഏക്കറില്‍ നിന്നും 25 ഏക്കറായി ചുരുങ്ങി. അടയാര്‍ തോടിന്റെ കോവലം തോട് വരെയുള്ള ഭാഗത്തിന്റെ വീതി 25 മീറ്ററില്‍ നിന്ന് 10 മാറ്ററായി ചുരുങ്ങി. അശാസ്ത്രീയ വികസനത്തിന്റെ തിക്താനുഭവമാണ് ചെന്നൈയിലെ ജനങ്ങള്‍ക്കുണ്ടായത്. പ്രകൃതിയെ നശിപ്പിച്ചുള്ള വകസനം മനുഷ്യനെ ദുരിതത്തിന്റെ പടുകുഴിയിലെത്തിക്കുമെന്ന് ഓര്‍മിച്ചാല്‍ നന്ന്.

---- facebook comment plugin here -----

Latest