Connect with us

Kozhikode

'ലിംഗസമത്വവും മാധ്യമ നൈതികതയും' കലാലയം സംവാദം ശ്രദ്ധേയമായി

Published

|

Last Updated

കോഴിക്കോട്: ലിംഗസമത്വവും മാധ്യമ നൈതികതയും വിഷയത്തില്‍ എസ് എസ് എഫ് സാസ്‌കാരിക വിഭാഗമായ കലാലയം സംഘടിപ്പിച്ച സംവാദം ചൂടേറിയ ചര്‍ച്ചകളാല്‍ ശ്രദ്ധേയമായി. പുരുഷന്മാര്‍ക്ക് ലഭിക്കുന്ന മാനുഷികമായ എല്ലാ ആനുകൂല്യങ്ങളും സ്ത്രീകള്‍ക്കും ലഭിക്കണമെന്നും സമൂഹത്തില്‍ അവര്‍ക്ക് അംഗീകാരം ലഭിക്കണമെന്നുമുള്ള കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നും എഴുത്തുകാരനും പ്രഭാഷകനുമായ ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ വിദ്യാഭ്യാസം നേടുന്നതിനോ ജോലി ചെയ്യുന്നതിനോ ആരും തടസ്സം നിന്നിട്ടില്ല. അവരുടെ അവകാശങ്ങള്‍ മതം എവിടെയും അടിച്ചമര്‍ത്തുകയോ തടയുകയോ ചെയ്തിട്ടില്ല. എന്നാല്‍ സ്ത്രീകളും പുരുഷന്മാരും തമ്മില്‍ സമൂഹത്തില്‍ വിവേചനം നില്‍ക്കുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. അത് മതത്തിന്റെ കുറ്റം കൊണ്ടല്ല. സ്ത്രീകളും പുരുഷനും വ്യത്യസ്തമായ കഴിവുള്ളവരാണ്. ഇത് മാത്രമാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞതും. എന്നാല്‍ പറഞ്ഞതല്ല മാധ്യമങ്ങളില്‍ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ക്കിടയില്‍ അടുപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളുടെ എണ്ണം കുറഞ്ഞ് വരികയാണെന്ന് ബി ജെ പി ദേശീയ നിര്‍വാഹക സമിതിയംഗം അഡ്വ. പി എസ് ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു. എല്ലാം വിവാദമാക്കി മാറ്റുന്ന കാലമാണിത്. മാധ്യമങ്ങള്‍ തമ്മില്‍ അകറ്റാനാണ് ശ്രമിക്കുന്നത്. മാധ്യമ നൈതികത എല്ലാ രംഗത്തും വേണം. പാത്രം നോക്കിയാണ് മാധ്യമങ്ങള്‍ വാര്‍ത്ത പകര്‍ന്ന് കൊടുക്കുന്നതെന്നും എന്നാല്‍ മാധ്യമങ്ങള്‍ മഹത്തായ ജനാധിപത്യ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. അപചയങ്ങളെ അവര്‍ തന്നെ നിയന്ത്രിക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ഉമ്മ വെക്കുന്നത് ഫാസിസത്തെ ചെറുക്കാനുള്ള സമരമാര്‍ഗമെന്ന വാദം പരിഹാസ്യമാണെന്ന് എഴുത്തുകാരന്‍ പി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ചുംബനമെന്നത് അനുഭൂതിക്ക് വേണ്ടി മാത്രമാണ്. യുക്തി വാദിയുടെ യുക്തി വെച്ച് മതവിശ്വാസിയുടെ യുക്തി വിലയിരുത്താനാകില്ല. മാധ്യമങ്ങള്‍ വല്ലാത്തരീതിയില്‍ കാര്യങ്ങള്‍ അശ്ലീല വല്‍ക്കരിക്കുകയാണ്. ചിലരെ ടാര്‍ജറ്റ് ചെയ്യാന്‍ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ചര്‍ച്ച ചെയ്യുകയാണ്.് പ്രസവിക്കാനുള്ള കഴിവ് സ്ത്രീകള്‍ക്ക് മാത്രമെയുള്ളൂവെന്ന കാന്തപുരത്തിന്റെ പരാമര്‍ശവും ഇത്തരത്തില്‍ ടാര്‍ഗറ്റ് ചെയ്ത് ഉപയോഗിക്കുകയായിരുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി. സെക്കുലര്‍ ഫണ്ടമെന്റലിസമാണ് കേരളം ഇന്നഭിമുഖീകരിക്കുന്ന വലിയ ഭീഷണിയെന്നും ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനകള്‍ ഒഴിവാക്കപ്പെടേണ്ടതാണെന്നും സിവിക് ചന്ദ്രന്‍ പറഞ്ഞു.
ഇന്ത്യന്‍ മാധ്യമങ്ങള്‍ എക്കാലവും ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നിന്നിട്ടുണ്ടെന്നും മാധ്യമങ്ങളെ അവഗണിച്ച് ഒരു സമൂഹത്തിനും മുന്നേറാന്‍ കഴിയില്ലെന്നും പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി പറഞ്ഞു. മതനിയമങ്ങള്‍ അവരവര്‍ക്ക് തോന്നുന്ന രീതിയല്‍ മാറ്റം വരുത്തണമെന്ന് പറയുന്നത് ശരിയല്ലെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഒ അബ്ദുല്ല അഭിപ്രായപ്പെട്ടു. മതനിയമങ്ങളില്‍ ഈ കാലഘട്ടത്തിന് യോജിക്കാത്തതായി എന്തെങ്കിലും ഉണ്ടെങ്കില്‍ പറയണം. മാതൃത്വത്തെ കുറിച്ചാണ് കാന്തപുരം പറഞ്ഞത്. എന്നാല്‍ പല മാധ്യമങ്ങളും അവ വളച്ചൊടിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്ന താല്‍പ്പര്യത്തോടെ സ്ഥാപനങ്ങള്‍ നടത്തുന്ന കാന്തപുരത്തിനെതിരെ അസത്യം പ്രചരിപ്പിച്ചത് ശരിയായ നടപടിയല്ല. മാധ്യമങ്ങള്‍ കല്‍പ്പിച്ച് കൂട്ടി അദ്ദേഹം പറഞ്ഞത് വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ എം സ്വാദിഖ് സഖാഫി മോഡറേറ്ററായിരുന്നു. കലാലയം ചെയര്‍മാന്‍ ഫൈസല്‍ അഹ്‌സനി ഉളിയില്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദലി കിനാലൂര്‍ സ്വാഗതവും സി കെ റാശിദ് ബുഖാരി നന്ദിയും പറഞ്ഞു. എസ് ശറഫുദ്ദീന്‍, എം മുഹമ്മദ് സ്വാദിഖ്, കെ അബ്ദുല്‍ കലാം, എന്‍ വി അബ്ദുറസാഖ് സഖാഫി, എം അബ്ദുല്‍ മജീദ് സംബന്ധിച്ചു.